ഗാമയുടെ ഐതിഹാസിക സന്ദർശനത്തിന് 518 വയസ്സ്

വാസ്‌കോ ഡ ഗാമ

ചരിത്രം തിരുത്തിയ വാസ്‌കോ ഡ ഗാമയുടെ ഐതിഹാസിക സന്ദർശനത്തിന് ഇന്നേക്ക് 518 വയസ്സ്. ആ ചരിത്ര മുഹൂർത്തത്തിലൂടെ. 1498 മേയ് 20നാണ് വാസ്‌കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്. കോഴിക്കോടിന്റെ തീരത്ത് അറബിക്കടലിലെ തിരകളെ തഴുകി വാസ്‌കോഡഗാമയുടെ നേതൃത്വത്തിലുള്ള സാവോ ഗാബ്രിയേൽ, സാവോ-റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ നങ്കൂരമിട്ടു. ജാവോ നൂനസ് എന്ന തടവുകാരനും ഗാമയുടെ സുഹൃത്തായ നിക്കോളാസ് ഗോയൽഹോയും കപ്പലിൽനിന്ന് കാപ്പാട് തീരത്തേക്കിറങ്ങി. പോർച്ചുഗീസ് രാജാവായ ഡോൺ മാനുവലിന്റെ കത്തുമായി ഗാമ തന്റെ ദൂതൻ നിക്കോളാസ് ഗോയൽഹോയെ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് അയച്ചു. ആ സമയത്ത് സാമൂതിരി പൊന്നാനിയിൽ ആയിരുന്നതിനാൽ ഗാമയ്‌ക്കും കൂട്ടർക്കും തിരുമനസ്സിനെ മുഖം കാണിക്കാനായില്ല.

മേയ് 20ന് പന്തലായിനി കൊല്ലം തുറമുഖത്ത് മൂന്നു പോർച്ചുഗീസ് കപ്പലുകൾ നങ്കൂരമിട്ടു. വാസ്‌കോഡഗാമയും 13 അനുചരൻമാരും കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. വാദ്യഘോഷങ്ങളോടും താലപ്പൊലിയോടുംകൂടി സംഘത്തെ സാമൂതിരി രാജാവ് സ്വീകരിച്ചു. പോർച്ചുഗൽ രാജാവ് ഡോൺ മാനുവലിന്റെ വിലപിടിപ്പുള്ളതും കൗതുകകരവുമായ സമ്മാനങ്ങളുമായാണ് ഗാമയും സംഘവും രാജകൊട്ടാരത്തിലെത്തിയത്.

കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവടബന്ധമുണ്ടായിരുന്ന മൂറുകൾക്ക് (അറബികൾക്ക്) പോർച്ചുഗീസുകാരുടെ വരവ് ഇഷ്‌ടപ്പെട്ടില്ലെങ്കിലും നികുതി കൊടുത്ത് കച്ചവടം ചെയ്യാൻ രാജാവ് ഗാമയ്‌ക്കും സംഘത്തിനും അനുവാദം കൊടുത്തു. ലോകചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങൾക്ക് ഈ ഐതിഹാസിക സന്ദർശനം സാക്ഷിയായി. പോർച്ചുഗൽ എന്ന രാജ്യത്തിന്റെ സമുദ്രാധിപത്യത്തിനും നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭാരതീയ വൈദേശികാധിപത്യത്തിനും ഈ സംഭവം വഴിതെളിച്ചു.

പുതിയ പാതയിലൂടെ

വാസ്‌കോഡഗാമയുടെ കടൽപ്പാത അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതും പുതിയതും ആയിരുന്നു. ക്ലേശകരമായ യാത്രയ്‌ക്കിടെ നവംബർ 22ന് ആഫ്രിക്കയുടെ തെക്കേ അറ്റത്തെ ‘‘കൊടുങ്കാറ്റുകളുടെ മുനമ്പ്’’ ഗാമ അതിസാഹസികമായി തരണം ചെയ്‌തു. ആഫ്രിക്കയിലെ കോങ്കോ, സിംബാബ്വേ, മൊമ്പാസ വഴി ‘‘മിലിന്തി’’ എന്ന തുറമുഖത്ത് എത്തിച്ചേർന്നു. അവിടുത്തെ രാജാവ് ഗാമയെയും കൂട്ടാളികളെയും ഉപചാരപൂർവം സ്വീകരിച്ചു. ഗാമ രാജാവിനെ തന്റെ കപ്പലിലേക്ക് ക്ഷണിച്ചു.

ഷഹാബുദ്ദീൻ അഹമ്മദ് ഇബ്‌നു മജീദ് എന്ന ഭൂപടനിർമാണ വിദഗ്‌ധൻ കൂടിയായ അറബിനാവികന്റെ സഹായം ഗാമയുടെ സംഘത്തിന് നിർണായകമായി. 10 മാസവും 14 ദിവസവും നീണ്ട യാത്രക്കൊടുവിൽ വാസ്‌കോഡഗാമയും സംഘവും കേരള തീരത്ത് എത്തിച്ചേർന്നു.

സാമൂതിരിയുമായുള്ള ഗാമയുടെ കൂടിക്കാഴ്‌ച പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. അന്നു കോഴിക്കോട്ടുണ്ടായിരുന്ന ഈജിപ്‌തിന്റെയും പേർഷ്യയുടെയും കച്ചവടക്കാരെ ചൊല്ലിയുള്ള തർക്കം ഗാമയും സാമൂതിരിയുമായുള്ള എതിർപ്പിന് കാരണമായി. ഗാമ അവിടെനിന്നു കണ്ണൂരിലേക്ക് പോയി. സാമൂതിരിയുടെ ശത്രുവായ കോലത്തിരിയുമായി സൗഹൃദത്തിലായി. എല്ലാ വ്യാപാരസൗകര്യങ്ങളും അദ്ദേഹം അനുവദിച്ചു. സംതൃപ്‌തനായ ഗാമ 1498 ഒക്‌ടോബർ അഞ്ചിന് സ്വദേശത്തേക്ക് മടങ്ങി.

1499 സെപ്‌റ്റംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്‌ക്ക് പോർട്ടുഗീസുകാർ ഉജ്വല വരവേൽപ് നൽകി. തന്റെ സഹോദരൻ പാവുലോഡ ഗാമ ഉൾപ്പെടെ സംഘത്തിലെ ഒട്ടനവധി സഹപ്രവർത്തകരെ ഗാമയ്‌ക്ക് നഷ്‌ടപ്പെട്ടെങ്കിലും വ്യാപാരത്തിന്റെ അടിസ്‌ഥാനത്തിൽ മടക്കയാത്ര വൻ വിജയമായിരുന്നു. യാത്രയ്‌ക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ഗാമയോടൊപ്പം പോർച്ചുഗലിൽ 16 കേരളീയരും പോയി.

രണ്ടാം വരവ്

1502 ജനുവരി 10ന് രണ്ടാംദൗത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലേക്ക് പുറപ്പെട്ടു. മാനുവൽ രാജാവ് ഗാമയെ പേർഷ്യാ അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്‌മിറലായി നിയമിച്ചിരുന്നു. ഇത്തവണ സംഘത്തിൽ സായുധസേനാബലം ശക്‌തമായിരുന്നു. സംഘത്തിലെ നാവികവ്യൂഹത്തിൽ 15 കപ്പലുകളും 800ൽ അധികം സൈനികരും ഉണ്ടായിരുന്നു. പെട്രോ അൽവാരസ് കബ്രാളിന്റെ നേതൃത്വത്തിൽ കേരളത്തിൽ തുടങ്ങിവച്ച പോർട്ടുഗീസ് സ്‌ഥാപനങ്ങളുടെ സംരക്ഷണ ചുമതല ആയിരുന്നു ഗാമയ്‌ക്ക് നിർവഹിക്കേണ്ടിയിരുന്നത്. ആദ്യവരവിൽ ഗാമയെ എതിർത്ത അറബികളെയും മുസ്‌ലിം കച്ചവടക്കാരെയും ഗാമ കൊന്നൊടുക്കി കോഴിക്കോടിനടുത്ത് കപ്പലുകൾ കൊള്ളയടിച്ചു.

ഒടുവിൽ

1524 സെപ്‌റ്റംബർ 15ന് വാസ്‌കോഡഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി ആയി ചുമതലയേറ്റ ഗാമയ്‌ക്ക് ഹാർദമായ സ്വീകരണമാണ് കണ്ണൂരിൽ ലഭിച്ചത്. 1524 ഡിസംബറിൽ ഗാമയ്‌ക്ക് ഗുരുതരമായ അസുഖം പിടിപ്പെട്ടു. ഡിസംബർ 24ന് പുലർച്ചെ മൂന്നുമണിക്ക് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തെ കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്‌തു.