പെയിന്റിങിലെ കന്യാമറിയത്തിന്റെ ചുണ്ടുകൾ അനങ്ങി !

സംഭവിച്ചത് സത്യമോ മിഥ്യയോ? എന്തായാലും ന്യൂസൗത് വെയിലിലെ സെന്റ് ചാർബെൽസ് പള്ളിയിലെ വിശ്വാസികൾക്ക് അതൊരു അനുഗ്രഹീത നിമിഷമായിരുന്നു. മനമുരുകി പ്രാർത്ഥിക്കുന്നതിനിടെ ചുവരിലെ പെയിന്റിങിലുള്ള കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചുണ്ടുകൾ അനങ്ങി. ബൈബിൾ വചനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കെയാണ് കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചുണ്ടുകൾ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് വിശ്വാസികൾ പറയുന്നു. തുടക്കത്തിൽ സംശയം തോന്നിയപ്പോൾ പെയിന്റിങിനു സമീപത്തേക്കു പോയെന്നും സംഭവം സത്യമാണെന്നു തെളിയിക്കുന്നതിനായി അപ്പോൾത്തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നും വിശ്വാസിയായ കിർസ്റ്റെൻ കെയ്റോസ് പറഞ്ഞു. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

പള്ളിയിലെ അൾത്താരയ്ക്കു മുകളിലായി തൂക്കിയ പെയിന്റിങിലാണ് അത്ഭുതം സംഭവിച്ചത്. ആദ്യം തന്റെ സമീപത്തിരുന്ന സുഹൃത്താണ് കന്യമാറിയത്തിന്റെ പെയിന്റിങിലേക്കു നോക്കാൻ പറഞ്ഞത്. നോക്കിയപ്പോൾ ചുണ്ടുകൾ പ്രാർത്ഥനകൾക്കൊപ്പം അനങ്ങുന്നതുകണ്ടു. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ വിറച്ചുപോയെന്നും കെയ്റോസ് പറഞ്ഞു. അതേസമയം വിഷയത്തിൽ വിരുദ്ധാഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. ക്യാമറാ ചലനവും അൾത്താരയിലെ ലൈറ്റും കൂടിച്ചേർന്നപ്പോൾ ചുണ്ടനങ്ങുന്നതു പോലെ തോന്നലുണ്ടായതായിരിക്കുമെന്നാണ് എതിരഭിപ്രായം. എന്നാൽ തനിക്കും സുഹൃത്തുക്കൾക്കും ഒരുപോലെ തോന്നുന്നത് എങ്ങനെയാണെന്നും ദൈവത്തിന്റെ സാന്നിധ്യം തന്നെയാണ് നേരിട്ടറിഞ്ഞതെന്നുമാണ് കെയ്റോസ് അടക്കമുള്ള സെന്റ് ചാർബൽസിലെ വിശ്വാസികളുടെ വാദം.