ഇയാളെന്തിന് വേസ്റ്റ് അണിയുന്നു, വിചിത്രം ഈ വേസ്റ്റ് മാൻ!!

വീട്ടിലും പുറത്തുമൊക്കെ സാധനങ്ങള്‍ ഉപയോഗിച്ച ശേഷം പുറത്തു കളയുന്ന വേസ്റ്റ് കൂട്ടി വച്ചാൽ എത്രമാത്രം വരും. അമേരിക്കക്കാരന്‍ റോബ് ഗ്രീന്‍ഫീല്‍ഡിന്റെ ശരീരത്തില്‍ നോക്കിയാല്‍ മതി. പ്രത്യേകം തയ്യാറാക്കിയ ജാക്കറ്റ് നിറയെ ചോക്കലേറ്റ് കവർ, കടല പായ്ക്കറ്റ്, ഫ്രൂട്ടി കവർ, പുതിയ ഷർട്ട് പൊതിഞ്ഞ കവർ, ഉപേക്ഷിച്ച ഷൂസ്, പൊട്ടിയ ഗ്ലാസ് ഉൾപ്പെടെയുള്ള വേസ്റ്റ് സാധനങ്ങളാണ്. മൂന്നു ദിവസം കൊണ്ട് രണ്ടു കിലോ വേസ്റ്റ് സംഭരിച്ചു കഴിഞ്ഞു. ഒരു മാസം പിന്നിടുമ്പോൾ വേസ്റ്റ്  ഏതാണ്ട് 70  കിലോഗ്രാം വേസ്റ്റ് വരുമെന്നാണു കണക്കുകൂട്ടൽ. ഗ്രീൻഫീൽഡിന്റെ ശരീരഭാരത്തിന്റെ ഒപ്പം! 

വായിച്ചപ്പോൾ ഞെട്ടിയില്ലേ. ദിവസവും നമ്മൾ പുറന്തള്ളുന്ന വേസ്റ്റ് കൂട്ടിവച്ചാൽ ഏതാണ്ട് ഇത്രയും വരുമെന്ന സന്ദേശമാണ് റോബ് ഗ്രീൻഫീൽഡ് ജനങ്ങളിലെത്തിക്കുന്നത്. 

ഓരോ ദിവസവും പുറന്തള്ളുന്ന വേസ്റ്റ് ഭൂമിക്കു ഭാരമാകും എന്ന സന്ദേശം ക്ലാസുകളിലൂടെയും സെമിനാറുകളിലൂടെയും പകർന്നു മടുത്തിട്ടാണ് പരിസ്ഥിതി പ്രവർത്തകനായ ഗ്രീൻഫീൽഡ് വ്യത്യസ്തമായ സമരവുമായി ഇറങ്ങിയത്.  വേസ്റ്റ് സംഭരിക്കാൻ പ്രത്യേകം ജാക്കറ്റ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഡിസൈനർ നാൻസി ജഡ് 125 മണിക്കൂർ കൊണ്ടാണ് ജാക്കറ്റ് തുന്നിയെടുത്തത്. പരമാവധി വേസ്റ്റ് സംഭരിക്കാൻ ശേഷിയുള്ള അറകൾ ഉൾക്കൊള്ളുന്നതാണു ജാക്കറ്റ്. പിൻഭാഗത്ത് ബാക്ക് പായ്ക്ക് പോലെ ഡിസൈൻ ചെയ്തിരിക്കുന്ന സ്ഥലത്തു മാത്രം 40 കിലോ വേസ്റ്റ് സംഭരിക്കാം. വേസ്റ്റിന്റെ ഭാരം ശരീരം മുഴുവനായും ഏതാണ്ട് ഒരേ കനത്തിൽ വരത്തക്കവിധമാണു ജാക്കറ്റ് ഡിസൈൻ എന്നതും ഗ്രീൻഫീൽഡിന് ആശ്വാസം പകരുന്നു. കാരണം  ഈ ജാക്കറ്റ് ധരിച്ചാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. ഒരു മാസം പൂർത്തിയാകുമ്പോഴേക്കും ഏതാണ്ട് 70 കിലോ ഭാരം ചുമന്നു വേണം വഴിയിലൂടെ നടക്കാൻ. ഭാരം താങ്ങാനാവാത്ത അവസ്ഥയിലെത്തിയാൽ വീൽ ചെയർ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.  

ഭാരം കുറെ ചുമന്നാലും വേണ്ടില്ല കാണുന്നവർ കാണുന്നവർ പിടിച്ചു നിർത്തി കാര്യം തിരക്കുന്നുണ്ട് എന്നതാണ് ഗ്രീൻഫീൽഡിന് ഏറ്റവും സന്തോഷം പകരുന്നത്. കാര്യം അറിയുന്നവർ ഇദ്ദേഹത്തിനു വാക്കു കൊടുക്കും. ഇനി ഞങ്ങൾ ആവശ്യമില്ലാതെ വേസ്റ്റ് പുറന്തള്ളില്ല. ഭക്ഷണം ഉൾപ്പെടെ, ശരാശരി അമേരിക്കക്കാരൻ രണ്ടു കിലോ വേസ്റ്റ് ദിവസവും പുറന്തള്ളുന്നു എന്നാണു കണക്ക്. 

സെപ്റ്റംബർ 19നാണ് വേസ്റ്റ് സംഭരണം തുടങ്ങിയത്. ഒക്ടോബർ 18ന് അവസാനിപ്പിക്കും. അതിനു ശേഷം ഈ ജാക്കറ്റ് അറ്റ്ലാന്റ എയർപോർട്ടിൽ നാൻസി ജ‍ഡ് നടത്തുന്ന എക്സിബിഷനിൽ പ്രദർശനത്തിനു വയ്ക്കും.