വാട്ട് അലി വോർ!!!  86  ലും സ്റ്റൈലിഷായി ഒരു മുത്തച്ഛൻ !

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എൺപതിന്റെ നിറവിലും അലി കടുത്ത ഫാഷൻ ആരാധകനായിരുന്നു

ഇത് അലിയുടെ കഥയാണ്. വെറും കഥയല്ല. അലിയുടെ സ്റ്റൈലിന്റെ കഥ, ആരെയും കടത്തിവെട്ടുന്ന ഫാഷൻ ഭ്രമത്തിന്റെ കഥ. 60  കടക്കുമ്പോൾ തന്നെ നിറമുള്ള വസ്ത്രങ്ങൾക്ക് ഗുഡ്ബൈ പറയുന്നവരാണ് നമ്മൾ. പ്രായമൊക്കെ ആയില്ലേ ഇനിയെന്തു ഫാഷൻ എന്നു പറഞ്ഞു നടക്കുന്നവർ ഒന്നു പരിചയപ്പെടണം അലിയെ. ആരോരും അറിയാതെ നിറങ്ങളെയും ഫാഷനെയും അങ്ങേയറ്റം സ്നേഹിച്ചു കഴിയുന്ന ഇദ്ദേഹത്തെ മൂന്നു വർഷം നീണ്ടു നിന്ന ഫോട്ടോഷൂട്ടിന് ഒടുവിലാണ് സൊ സ്പാവട്ടൻ എന്ന ഫോട്ടോഗ്രാഫർ ലോകത്തിനു മുന്നിൽ എത്തിക്കുന്നത്. 

ഇപ്പോൾ 86  വയസ്സുള്ള ജർമ്മൻ സ്വദേശിയായ അലി എന്ന വൃദ്ധനെ 2012 ലാണ് സൊ സ്പാവട്ടൻ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ ഈ മുത്തച്ഛന്റെ വേഷവിധാനം സോവിനെ ആകർഷിച്ചു. സമാനപ്രായക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി ആരെയും ആകർഷിക്കുന്ന പ്രസരിപ്പ്, കടുത്ത നിറങ്ങളോടുള്ള പ്രണയം, അങ്ങനെ സൊ ആരും അറിയാതെ അലിയെ ശ്രദ്ധിക്കാൻ തുടങ്ങി. 

ഓരോ അവസരങ്ങൾക്കും ചേരുന്ന രീതിയിലായിരുന്നു അലിയുടെ വസ്ത്രധാരണം, സൂട്ടുകളിൽ അലി കൂടുതൽ സുന്ദരനായി കാണപ്പെട്ടു.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എൺപതിന്റെ നിറവിലും അലി കടുത്ത ഫാഷൻ ആരാധകനായിരുന്നു. ഓരോ അവസരങ്ങൾക്കും ചേരുന്ന രീതിയിലായിരുന്നു അലിയുടെ വസ്ത്രധാരണം. സൂട്ടുകളിൽ അലി കൂടുതൽ സുന്ദരനായി കാണപ്പെട്ടു. അലി തന്നെയാണ് തനിക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കിയിരുന്നത് എന്നു സൊയ്ക്കു പിന്നീട് മനസിലായി. അങ്ങനെ ഓരോ ദിവസവും വഴിയരികിൽ അലിയെ കാത്തു നിന്നു കണ്ട ശേഷം തന്റെ കാമറയിൽ സൊ അദ്ദേഹത്തിന്റെ സ്റ്റൈലൻ ലുക്ക് പകർത്തി. 

തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷമാണ് ഈ സ്റ്റൈലിഷ് അപ്പൂപ്പന്റെ മാസ് ലുക്ക് സൊ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചത്. അതിനായി വാട്ട് അലി വോർ എന്ന പേരിൽ ഒരു ബ്ലോഗ് ആരംഭിക്കുകയും ചെയ്തു. ബ്ലോഗിലൂടെയാണ് സൊ താനെടുത്ത ചിത്രങ്ങൾ പങ്കുവച്ചത്. ചുവന്ന സൂട്ടിൽ കല്യാണത്തിന് പോകുന്ന അലി ഇതിൽ കൂടുതൽ സുന്ദരനായി കാണപ്പെട്ടു. ഫാഷനു പ്രായം പ്രശ്നമല്ല എന്നാണ് സൊയും അലിയും വ്യക്തമാക്കുന്നത്.