ലെഗിങ്സ് എന്തു തെറ്റു ചെയ്തു ?

അല്ലാ, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, ഈ ലെഗിങ്സിനെ ആർക്കാണ് ഇത്ര പേടി? അണിയുന്നവർക്കെല്ലാം നല്ലതേ പറയാനുള്ളൂ, മഴയിലായാലും വെയിലിലായാലും നൂറു ശതമാനം കംഫർട്ട് നൽകും. പിന്നെ കാലുകൾക്ക് അവ അർഹിക്കുന്നതിലും അധികം ഭംഗിയും കിട്ടും. വെറുതെയാണോ പത്തുവർഷം മുമ്പു മാത്രം ട്രെൻഡായ ഈ വിദേശ സുന്ദരിയെ കേരളത്തിലെ പെൺകുട്ടികൾ എടുത്തങ്ങു കാലോടു ചേർത്തത്? പക്ഷേ, ദാ, ഈ അടുത്ത കാലത്തായി ഫെയ്സ്ബുക്ക് തുറന്നാൽ അലക്കി പിഞ്ചിപ്പോയ ഒരു ലെഗിങ്സ് ആണ് ചാടിവരിക. ആരൊക്കെയോ ചേർന്ന് ലെഗിങ്സ് ഒരു ഭയങ്കര കുറ്റവാളിയാണ് എന്ന മട്ടിൽ അലക്കോടലക്ക്. ലെഗിങ്സ് ഒരിക്കൽ പോലും അണിയാത്ത പുരുഷന്മാരാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഈ പ്രവൃത്തി ചെയ്യുന്നതെന്നതാണ് ഏറ്റവും രസകരമായ കാര്യം.

പെൺകുട്ടികൾ ലെഗിങ്സ് ധരിച്ചാൽ പുരുഷന്മാർ അസ്വസ്ഥതപ്പെടേണ്ടതുണ്ടോ? പെൺകുട്ടികൾ ചോദിക്കുന്നു:

∙ നീന എബ്രഹാം, എംബിഎ വിദ്യാർഥിനി കാര്യം ശരീരത്തോട് പറ്റിക്കിടക്കുന്ന വേഷമാണെങ്കിലും ഞങ്ങളൊക്കെ ലെഗിങ്സിനൊപ്പം കുർത്തയാണ് ധരിക്കാറ്. പിന്നെ എന്തു പ്രശനമുണ്ടെന്നാ ഈ പറയുന്നത്.

∙ സുമി, എംബിഎ വിദ്യാർഥിനി ദിവസവും ഇസ്തിരി ഇടേണ്ട, സ്ട്രച്ചബിൾ ആയതുകൊണ്ട് സ്കൂട്ടർ ഓടിക്കാനും എളുപ്പം. ന്യൂ ജനറേഷന്റെ സ്പീഡിനൊപ്പം ഓടാൻ സാരി പോര, ലെഗിങ്സ് തന്നെയാണ് നല്ലത്.

∙ റെയ്ന മരിയ ജോൺ, ഉദ്യോഗസ്ഥ ഏതെങ്കിലും ഒരു പെണ്ണിന്റെ വസ്ത്രം ഒന്ന് മാറിപോയാൽ നിയvന്ത്രണം പോകുന്നതല്ല ആണത്തം എന്നു മനസിലാക്കണം. വേണ്ടയിടത്ത് വേണ്ടത് പ്രവർത്തിക്കുന്നതാണ് ആണിനും പെണ്ണിനും അഴക്.

∙ രമ്യ രമേശൻ, എംബിഎ വിദ്യാർഥിനി മറ്റൊരാൾക്ക് അയാളുടെ സ്വാതന്ത്രവും സ്പെയ്സും കൊടുക്കാനുള്ള മര്യാദയൊന്നും ഇവിടെ പലർക്കും ഇല്ലാത്തതാണ് പ്രശ്നം.

ഏതു നഗരത്തിലെ മാളിൽ ചെന്നു നോക്കിയാലും ജീൻസും ലെഗിങ്സും ധരിച്ച സ്ത്രീകളെയാണ് കൂടുതൽ കാണാനാവുകയെന്ന് പെൺകുട്ടികൾ. അവിടെയുള്ള ആണുങ്ങളെല്ലാം അതുകണ്ട് അസ്വസ്ഥരാകുന്നുണ്ടോ? കൂടുതൽ വായിക്കാം വനിത ജൂൺ രണ്ടാം ലക്കത്തിൽ.