അവൾ എഴുന്നേറ്റു നടക്കും, ലോകത്തെ ഏറ്റവും ഭാരമേറിയ വനിത മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ!

ലോകത്തെ ഏറ്റവും ഭാരമേറിയ വനിതാ എന്ന അപഖ്യാതിയുമായി ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തിയ ഇമാൻ അഹമ്മദിനെ ഓർമയില്ലേ? പ്രത്യേക വിമാനത്തിൽ, പ്രത്യേകം സജ്ജമാക്കിയ സംവിധാനങ്ങളുടെ പിൻബലത്തിൽ ഇന്ത്യയിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഈമാന്റെ ഭാരം 380 കിലോ ആയിരുന്നു.

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതാ എന്ന പേര് ഒഴിവാക്കണം എന്നതിലപ്പുറം കഴിഞ്ഞ 25 ലേറെ വർഷമായുള്ള കിടപ്പ് ഒന്ന് ഒഴിവാക്കണം അതായിരുന്നു ഈമാന്റെ ആഗ്രഹം. ഈജിപ്റ്റിൽ ഇമാൻറെ ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇമാൻ ഇന്ത്യയിൽ എത്തിയത്.

108 കിലോ ഭാരം കുറഞ്ഞ ഇമാൻ 25 വർഷത്തിന് ശേഷം പരസഹായം ഇല്ലാതെ ഇരിക്കാൻ ആരംഭിച്ചു. അടുത്തപടിയായി പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനുള്ള ശ്രമത്തിലാണ് യുവതി. ഇമാൻ തന്റെ ലക്‌ഷ്യം നിറവേറ്റിയാൽ ജീവിതത്തിലേക്ക് മടങ്ങിയെത്തും.

ചികിത്സ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ചികിത്സയ്ക്കായി ഇമാൻ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സ തുടങ്ങി ആദ്യ 25 ദിവസം കൊണ്ട് 50 കിലോ ഭാരം കുറയ്ക്കുക എന്നതാണ് ഡോക്റ്റർമാർ ലക്ഷ്യമിട്ടത്. എന്നാൽ പ്രതീക്ഷിച്ചതിലും ഇരട്ടിഭാരം കുറയ്ക്കാൻ കഴിഞ്ഞു. അതിനാൽ, എത്രയും വേഗം യുവതിക്ക് എഴുന്നേറ്റു നടക്കാനാകും എന്ന പ്രതീക്ഷയിലാണ് ചികിൽസിക്കുന്ന ഡോക്ടർമാർ.