സച്ചിനും സ്വാമി വിവേകാനന്ദനും യോഗയും

1) ഹൈന്ദവ ദൈവമായ പരമശിവനെയാണ് യോഗയുടെ സ്രഷ്ടാവായി, ആദിഗുരുവായി, കണക്കാക്കുന്നത്. ഭാര്യയായ പാർവതിയ്ക്കാണത്രേ അദ്ദേഹം ആദ്യമായി യോഗമുറകൾ പഠിപ്പിച്ചുകൊടുത്തത്. പിന്നീട് സപ്തർഷികൾക്കും ദേവന്മാർക്കുമെല്ലാം യോഗാഭ്യാസം നൽകി. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ ആദ്യ യോഗാചാര്യനും (ആദിയോഗി) പരമശിവനാണ്.

2) ബി.സി. 150–ാം ആണ്ടിൽ ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയെയാണ് യോഗയുടെ പിതാവായി ലോകം കണക്കാക്കുന്നത്. എന്നാൽ അദ്ദേഹത്തിനും സംവൽസരങ്ങൾക്കു മുൻപേ യോഗവിദ്യകൾ ഭാരതത്തിൽ രൂപം കൊണ്ടിരുന്നു. അതെല്ലാം ‘യോഗസൂത്ര’ എന്ന പേരിൽ ക്രോഡീകരിച്ചു ഗ്രന്ഥമാക്കിയതിന്റെ ബഹുമാനാർഥമാണ് പതഞ്ജലിക്ക് ഈ സ്ഥാനം നൽകിയത്. പതഞ്ജലിയിലൂടെയാണ് യോഗയ്ക്ക് ഭാരതത്തിലെമ്പാടും പ്രചാരം ലഭിക്കുന്നതും.

3) യമം (Abstinence) നിയമം (Observance), ആസനം (Posture), പ്രാണായാമം (Breath control), പ്രത്യാഹാരം (Sense Withdrawal), ധാരണ (Concentration), ധ്യാനം(Meditation), സമാധി (Ontemplation or Absorption) എന്നിങ്ങനെ എട്ട് അംഗങ്ങളോടു (Limbs) കൂടിയതാണ് പതഞ്ജലിയുടെ യോഗസൂത്ര. ഇവയിലൊന്നായ ആസനങ്ങളാണ് യോഗയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. യോഗയിൽ 84 ലക്ഷം ആസനങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രം. അതിൽത്തന്നെ 84 എണ്ണം അതിവിശിഷ്ടങ്ങളാണെന്നം കണക്കാക്കുന്നു.

4) യോഗയിൽ അപാരപാണ്ഡിത്യമായിരുന്നു സ്വാമി വിവേകാനന്ദന്. 1890ൽ അമേരിക്കൻ സന്ദർശനത്തിനിടെ തന്റെ പ്രസംഗങ്ങൾക്കിടയിലെല്ലാം അദ്ദേഹം ആത്മീയ ഉന്നതിയിൽ യോഗയ്ക്കുള്ള പങ്കിനെ എടുത്തുപറഞ്ഞു. ഷിക്കാഗോയിലെചില വിദ്യാലയങ്ങളിൽ അധ്യാപനത്തിനിടെ വിദ്യാർഥികൾക്ക് ജ്ഞാനയോഗ, കർമയോഗ, രാജയോഗ, ഭക്തിയോഗ തുടങ്ങിയ യോഗപാഠങ്ങളും പകർന്നു നൽകി. പാശ്ചാത്യരാജ്യങ്ങളിൽ യോഗയ്ക്ക് വേരോട്ടം ലഭിക്കുന്നത് ഇതോടെയാണ്. 1965ൽ ബഹാമാസിൽ ഗാനചിത്രീകരണത്തിനിടെയാണ് ബീറ്റിൽസ് സംഘം ഇന്ത്യയിൽ നിന്നുള്ള യോഗി വിഷ്ണു ദേവാനന്ദയെ കാണുന്നത്. അദ്ദേഹമെഴുതിയ ‘ദി ഇലസ്ട്രേറ്റഡ് ബുക്ക് ഓഫ് യോഗ’ വായിച്ചതോടെ ഗായകസംഘത്തിലെ ജോർജ് ഹാരിസൺ യോഗയ്ക്ക് അടിമയാവുകയായിരുന്നു. തുടർന്ന് 1966ൽ അദ്ദേഹം ഇന്ത്യയിലെത്തി. ഇന്ത്യൻ ഫിലോസഫിയും യോഗസൂക്തങ്ങളുമെല്ലാം കേട്ടുപഠിച്ചതോടെ ബീറ്റിൽസിന്റെ ഗാനങ്ങളിലും അതിന്റെ പ്രതിഫലനം കണ്ടു. സ്വാഭാവികമായും ആ ലോകപ്രശസ്ത പോപ് ഗായകസംഘത്തിലൂടെ യോഗയ്ക്ക് പാശ്ചാത്യലോകത്ത് പ്രചാരം ഏറുകയായിരുന്നു.

5) യോഗയുടെ ക്രെഡിറ്റ് മുഴുവൻ ഇന്ത്യയ്ക്കാണെങ്കിലും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന യോഗ ഗുരു ഓസ്ട്രേലിയയിലാണ്. ബെറ്റി കാൾമാൻ എന്ന എൺപത്തിയഞ്ചുകാരി അതുവഴി ഗിന്നസ് ബുക്കിലും കയറിപ്പറ്റി. തൊണ്ണൂറാം വയസ്സിൽ മരണമടയുന്നതു വരെ ഇംഗ്ലണ്ടുകാരി ഗ്ലാഡിസ് മോറിസിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഓസ്ട്രേലിയൻ യോഗ എന്ന രീതി രൂപീകരിച്ചെടുത്ത ബെറ്റി 1950 മുതലാണ് യോഗ പരിശീലനം ആരംഭിച്ചത്. ഈ വാർധക്യത്തിലും പല യോഗമുറകളും അനായാസം ചെയ്യും കക്ഷി.

6) യോഗയും സൂര്യനമസ്കാരവും ഇസ്‌ലാം മത വിശ്വാസവുമെല്ലാം ചേർന്ന് അടുത്തിടെ ചില വിവാദങ്ങളുണ്ടായല്ലോ. എന്നാൽ പതഞ്ജലിയുടെ യോഗസൂത്രം അറബിയിലേക്കും പേർഷ്യൻ ഭാഷയിലേക്കും മാറ്റിയെഴുതിയത് ഒരു മുസ്‌ലിം പണ്ഡിതനാണ്. 11–ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ അൽ ബിറുനി എന്ന പേർഷ്യൻ പണ്ഡിതൻ ഹിന്ദുയോഗികളുമൊത്ത് 16 വർഷത്തോളം ജീവിച്ചാണ് യോഗസൂത്രത്തിലെ സംസ്കൃതസൂക്തങ്ങള്‍ അറബിയിലേക്കു മൊഴിമാറ്റിയത്. എ.ഡി.1050ഓടെ അൽ ബിറുനി തയാറാക്കിയ യോഗസൂത്രം പേർഷ്യയിലും മറ്റ് അറേബ്യൻ നാടുകളിലും പ്രചാരത്തിലെത്തുകയു ചെയ്തു.

7) 2008ൽ മലേഷ്യയിൽ മുസ്‌ലിംങ്ങൾക്കിടയിൽ യോഗയ്ക്കെതിരെ ഫത്‌വ പുറത്തിറങ്ങിയിരുന്നു. ഹിന്ദുത്വത്തിന്റെ അംശം ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇസ്‌ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തുമെന്ന കാരണം പറഞ്ഞായിരുന്നു വിലക്ക്. എന്നാൽ ഇതിനെതിരെ മുസ്‌ലിം സംഘടനകൾ തന്നെ രംഗത്തു വന്നു. അതോടെ മലേഷ്യയുടെ പ്രധാനമന്ത്രി ഇടപെട്ടു–യോഗ ഒരു വ്യായാമമുറയെന്ന നിലയിൽ ചെയ്യുന്നതിൽ കുഴപ്പമില്ല അതിനിടയിലുള്ള മതപരമായ സൂക്തങ്ങള്‍ പക്ഷേ ചൊല്ലാൻ പാടില്ല എന്ന നിർദേശത്തോടെ വിലക്കിൽ ഇളവു നൽകുകയായിരുന്നു. മലേഷ്യയെ കൂടാതെ ഇന്തൊനീഷ്യ, ഈജിപ്ത്, സിംഗപ്പൂർ എന്നിവിടങ്ങളിലും ചില ഇസ്‌ലാം സംഘടനകൾ യോഗയ്ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിലെല്ലാം ആദ്യം പ്രതിഷേധമായെത്തിയതും ഇസ്‌ലാം മതവിശ്വാസികളായിരുന്നു.

8) ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണ് യോഗ. പക്ഷേ നമ്മുടെ ക്രിക്കറ്റ് ടീമിലേക്ക് യോഗയെത്തുന്നത് തൊണ്ണൂറുകളിലാണ്. അതും വിദേശടീമുകൾ പരിശീലനത്തിന്റെ ഭാഗമായി യോഗയും ഉൾപ്പെടുത്തി വിജയം കണ്ടതിനു ശേഷം മാത്രം. ബികെഎസ് അയ്യങ്കാർ എന്ന യോഗഗുരുവായിരുന്നു ഇന്ത്യയുടെ സ്വന്തം സച്ചിനെ യോഗമുറകൾ പഠിപ്പിച്ചത്. 2004ൽ കാലിന് വന്ന ഒരു പ്രത്യേക തരം വേദന സഹിക്കാതെയായപ്പോൾ ഡോക്ടർമാർ സച്ചിന് നിർദേശിച്ചത് ശസ്ത്രക്രിയയായിരുന്നു. ആ സമയം സഹീർഖാനാണ് അയ്യങ്കാറിനെ കാണാൻ നിർദേശിച്ചത്. ശസ്ത്രക്രിയ വേണ്ടി വന്നില്ല, യോഗയിലൂടെ കാൽവേദന മാറുകയും ചെയ്തു.

9) മനുഷ്യർക്കൊപ്പം മൃഗങ്ങളും യോഗ പരിശീലിക്കാറുണ്ട്. ‘ഡോഗ’ എന്നാണ് ഇതിന്റെ പേരു തന്നെ. വളർത്തുമൃഗങ്ങൾ, പ്രത്യേകിച്ച് നായ്ക്കൾ, എളുപ്പത്തിൽ ഇണങ്ങുന്നതിനു വേണ്ടിയാണ് ചിലർ ഈ യോഗതന്ത്രത്തെ ഉപയോഗിക്കുന്നത്. മറ്റു ചിലരാകട്ടെ മൃഗങ്ങൾക്കു മാത്രമായിത്തന്നെ യോഗമുറകൾ തയാറാക്കുന്നുണ്ട്. 2002ൽ ന്യൂയോർക്കിലാണ് ‘യോഗ ഫോർ ഡോഗ്സ്’ എന്ന പേരിൽ ഈ രീതിക്കു തുടക്കമിട്ടത്.

10) 21ന് രാജ്യാന്തര യോഗാദിനം ആചരിക്കാനിരിക്കെ ഏതാനും ദിവസങ്ങൾക്കു മുൻപ് ഓസ്ട്രേലിയയിലെ പെർത്തിൽ ആരംഭിച്ച ഒരു യോഗക്ലാസ് വാർത്തകളിൽ ഇടം നേടി. ഹെയ്ഡി ആൻഡേഴ്സൺ എന്ന വനിത ആരംഭിച്ച ഈ ക്ലാസിൽ നഗ്നരായിട്ടായിരുന്നു ഈ യോഗ അഭ്യസിക്കേണ്ടിയിരുന്നത്. ലോകത്തിന്റെ പല ഭാഗത്തും, പല പേരുകളിലും, നഗ്നരായി യോഗ പ്രാക്ടീസ് ചെയ്യുന്ന രീതി നിലവിൽ പിന്തുടരുന്നുണ്ട്.