ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് യുട്യൂബ് പരസ്യങ്ങൾ

നൂറുകണക്കിന് വിഡിയോകളാണ് ഓരോ നിമിഷവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ചിലത് വൈറൽ ഹിറ്റാകും, മറ്റു ചിലത് ആരും കാണാനില്ലാതെ ചുമ്മാതങ്ങനെ കിടക്കും. ഒരു ദശാബ്ദത്തിലെ ഏറ്റവും മികച്ച പരസ്യ വിഡിയോകൾ കണ്ടെത്താനായി യൂട്യൂബ് ഈയടുത്ത് ഒരു മത്സരം നടത്തി. അതിന്റെ ഭാഗമായി 20 വിഡിയോകളും കമ്പനി തിരഞ്ഞെടുത്ത് വോട്ടിനിട്ടു. കാഴ്ചക്കാർക്ക് തങ്ങളുടെ ഇഷ്ട വിഡിയോക്ക് വോട്ടു ചെയ്യാം. ഏതാനും ദിവസങ്ങൾക്കു മുൻപ് അതിന്റെ ഫലവും വന്നു.

തിരഞ്ഞെടുക്കപ്പെട്ട ടോപ് 5 പരസ്യങ്ങളിൽ ടർക്കിഷ് എയർലൈൻസിനായിരുന്നു ഒന്നാം സ്ഥാനം. പരസ്യത്തിലെ നായകസ്ഥാനത്താകട്ടെ ലോകോത്തര ഫുട്ബോളർ അർജന്റീനയുടെ സിംഹക്കുട്ടി ലയണൽ മെസിയും അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റും. ‘കോബി വേഴ്സസ് മെസി: ദ് സെൽഫി ഷൂട്ട് ഔട്ട്’ എന്ന പേരിൽ പുറത്തിറങ്ങിയ പരസ്യം ഇതുവരെ കണ്ടത് 14 കോടിയിലേറെപ്പേരാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി സെൽഫിയെടുത്ത് പരസ്പരം വെല്ലുവിളിക്കുന്ന കോബിയെയും മെസിയെയുമാണ് പരസ്യത്തിൽ കാണാനാവുക. ഏറ്റവുമധികം രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനി എന്ന ടർക്കിഷ് എയർലൈൻസിന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ഇത്. 60 സെക്കൻഡുള്ള ഈ പരസ്യം 2013ൽ പോസ്റ്റ് ചെയ്ത് മൂന്നു ദിവസത്തിനകം രണ്ടരക്കോടി പേരാണ് കാഴ്ചക്കാരായെത്തിയത്. യൂട്യൂബിൽ ഇതുവരെയിറങ്ങിയതിൽ ഏറ്റവും പ്രചാരം നേടിയ പരസ്യങ്ങളിലൊന്നു കൂടിയാണിത്. മത്സരത്തിൽ ആദ്യ അഞ്ചു സ്ഥാനത്തെത്തിയ പരസ്യ വിഡിയോകൾ കണ്ടവരുടെ രണ്ടിരട്ടിയിലേറെ വരും മെസി–കോബി പരസ്യത്തിന്റെ ആരാധകരുടെ എണ്ണം.

ഫോക്സ്‌വാഗന്റെ ‘ദ് ഫോഴ്സ്’ എന്ന പരസ്യത്തിനാണ് രണ്ടാം സ്ഥാനം. അന്യഗ്രജീവിയായി വേഷം കെട്ടി കൈ കൊണ്ട് മാജിക് കാണിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ തനിയെ സ്റ്റാർട്ടായി ഞെട്ടിക്കുന്ന കാറിന്റെ പരസ്യമായിരുന്നു ഇത്.

2012ൽ പുതിയ പസാറ്റ് കാറിന്റെ ലോഞ്ചിനു മുന്നോടിയായിട്ടായിരുന്നു ഈ പരസ്യം പുറത്തിറക്കിയത്. ഇതുവരെ 6.2 കോടിയിലേറെപ്പേർ കണ്ടു കഴിഞ്ഞു.

ഓൾവേയ്സ് ഗ്രൂപ്പിന്റെ ‘ലൈക്ക് എ ഗേൾ’ എന്നു പേരിട്ട പരസ്യത്തിനായിരുന്നു മൂന്നാം സ്ഥാനം.

വനിതാശാക്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓൾവേയ്സ് കൂട്ടായ്മയുടെ ഈ പരസ്യം ആദ്യം നിങ്ങളെ ചിരിപ്പിക്കും പിന്നെ ചിന്തിപ്പിക്കും. പെൺകുട്ടികളോട് ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാൻ ആഹ്വാനം ചെയ്യുന്ന ഈ പരസ്യം ഇതുവരെ 5.7 കോടിയിലേറെപ്പേരാണ് കണ്ടത്.

ഹോളിവുഡിന്റെ ആക്ഷൻ വിസ്മയം വാൻ ഡാമിയുടെ പ്രകടനവുമായെത്തിയ വോൾവോയുടെ ‘എപിക് സ്പ്ലിറ്റ്’ എന്ന പരസ്യമാണ് നാലാം സ്ഥാനത്തെത്തിയത്. വോൾവോ ഡൈനമിക് സ്റ്റിയറിങ്ങിന്റെ പ്രമോഷനു വേണ്ടിയായിരുന്നു ഈ പരസ്യം. ഇതുവരെ കണ്ടത് 7.9 കോടിയിലേറെപ്പേർ.

‘നിങ്ങൾ സ്വയം ചിന്തിക്കുന്നതിനേക്കാൾ സുന്ദരന്മാരും സുന്ദരിമാരുമാണ് മറ്റുള്ളവരുടെ കണ്ണിൽ..’ എന്ന പരസ്യവാചകവുമായി പുറത്തിറങ്ങിയ ഡവ് കമ്പനിയടെ വിഡിയോ കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുമെന്നതിൽ സംശയമില്ല. ഇതുവരെ 5.9 കോടിയോളം പേരാണ് യൂട്യൂബിൽ ഈ പരസ്യവിഡിയോ കണ്ടത്.

യൂസർമാരെല്ലാവരും കൂടി ഈ അഞ്ചുവിഡിയോകളും കണ്ട ആകെ സമയം 77 ലക്ഷം മണിക്കൂറിലേറെ വരും. ‌കണക്കുകൂട്ടി നോക്കിയാൽ അതിന് ഏകദേശം 875 വർഷത്തിന്റെയത്ര ദൈർഘ്യവും വരും.