യൂട്യൂബ് വീഡിയോ മദ്യപാനാസക്തി കൂട്ടുമെന്ന് പഠനം

സംഗീതം തന്നെ ലഹരിയാണ്. അതുകൊണ്ട് തന്നെ യുവത്വത്തിന് സംഗീതം ഹരം പകരുന്നതില്‍ അത്ഭുതവുമില്ല. എന്നാല്‍ ഈ സംഗീത പ്രേമം  ചിലപ്പോഴെങ്കിലും  തിരിച്ചടിച്ചേക്കാം, പ്രത്യേകിച്ചും ഇത്തരം  ഗാനങ്ങളുടെ വിഡിയോ രംഗങ്ങള്‍  യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയുണ്ടെന്ന് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തിൽ. 

യൂട്യൂബ് പോലുള്ള സൈറ്റുകളില്‍ സംഗീത  വിഡിയോ  സ്ഥിരമായി കാണുന്ന കൗമാരക്കാരില്‍ ആണ് പഠനം നടന്നത്. പല പാശ്ചാത്യ സംഗീത വിഡിയോകളിലും പുകവലിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും രംഗങ്ങള്‍ ധാരാളമായി ഉണ്ടെന്നു പഠനം നിരീക്ഷിക്കുന്നു. ഇത് സ്ഥിരമായി കാണുന്നത് കൗമാരക്കാരില്‍ ലഹരി പരീക്ഷിക്കാന്‍ പ്രചോദനം ആകുമെന്നാണ് പഠനം മുന്നറിയിപ്പു നല്‍കുന്നത്. 

കൗമാരക്കാര്‍ക്ക് അവര്‍ ആസ്വദിക്കുന്ന കലകളിലെ ജീവിതരീതി അനുകരിക്കാന്‍ ഉള്ള താൽപര്യം ആണ്  ഇവിടെ വില്ലനാകുന്നത്. അവര്‍ ഏറെ ആരാധിക്കുന്ന താരങ്ങള്‍ മദ്യപിച്ചു കൊണ്ട് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ അവര്‍ വ്യക്തിപ്രഭാവവുമായി ആണ് ബന്ധപെടുത്തുന്നത്. ജീവിതരീതിയുടെ ഗ്ലാമറിനും വിജയത്തിനും ലഹരി ആവശ്യമാണെന്ന ചിന്ത കൗമാരക്കാരില്‍ അതിശക്തമായി ഉണര്‍ത്താന്‍ ഈ  വിഡിയോകള്‍ ഇടയാക്കുന്നു എന്നാണ് പഠനഫലം . 

ബ്രിട്ടനില്‍ പ്രചാരത്തില്‍ മുന്‍നിരയില്‍ വന്ന നാല്‍പതു വീഡിയോകളില്‍ ആണ് പഠനം നടത്തിയത്. നോട്ടിങ്ങാം സര്‍വകലാശാലയില്‍ നടന്ന പഠനം ‘ബീഹേവിയറല്‍ മെഡിസിന്‍’ എന്ന അന്താരാഷട്ര മാസികയില്‍ ആണ് പ്രസിദ്ധീകരിച്ചത്.