10 പ്രശ്നങ്ങൾ; പ്രണയം ഠോ!!!

പ്രണയ പരവശരായി നാളുകളോളം പാട്ടും പാടി മരംചുറ്റി നടന്നിരുന്ന രണ്ടുപേർ അടിച്ചു പിരിയാൻ ഒരു കവർ പാലു പിരിയാനുള്ള സമയം പോലും വേണ്ടെന്നാണു ശാസ്ത്രം. എന്നാലും അത്രയും നാൾ ഇരുവരുടെയും കാട്ടിക്കൂട്ടലുകൾ കണ്ടു നിന്നവർക്കുണ്ടാവില്ലേ ഒരു സംശയം. എന്തായിരിക്കും സംഭവിച്ചത് എന്നറിയാനുള്ള ഒരു കൗതുകം.

അതിനുത്തരം തേടി ഇത്തരത്തിൽ അടിച്ചു പിരിഞ്ഞ കുറേ സ്ത്രീ—പുരുഷന്മാരെ ഉൾപ്പെടുത്തി ലണ്ടനിൽ ഒരു സർവെ നടന്നു. അതിൽ ഒരൊറ്റച്ചോദ്യം മാത്രം. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രണയിനി—പ്രണയിതാവുമായി അടിച്ചു പിരിഞ്ഞത്?

സ്ത്രീകൾ നൽകിയ ഏറ്റവും മികച്ച പത്ത് ഉത്തരങ്ങൾ ലിസ്റ്റ് ചെയ്തപ്പോൾ ഒന്നാം സ്ഥാനത്തെത്തിയത്—‘ഞാനിതുവരെയും ഒരു കമ്മിറ്റ്മെന്റിനു സജ്ജമായിട്ടില്ല എന്ന ഉത്തരമായിരുന്നു. എടുത്തോപിടിച്ചോയെന്ന മട്ടിൽ കാര്യങ്ങൾ നടന്നു കഴിഞ്ഞാലെങ്ങനാ? എനിക്കൊന്ന് ആലോചിക്കാനുള്ള നേരമൊക്കെ വേണ്ടേയെന്നാണ് പ്രണയിനിയുടെ ചോദ്യം. അതേ സമയം പുരുഷന്മാരിൽ ഏറ്റവുമധികം പറഞ്ഞ ഉത്തരമോ?

‘അതൊന്നും ശരിയാവില്ലളിയാ..എന്ന സ്ഥിരം നമ്പർ. അടിച്ചു പിരിയാൻ കാരണമെന്താണെന്നു വീണ്ടും ചോദിച്ചാൽ ആ, അതങ്ങിനെയായിപ്പോയി എന്ന മട്ടിലുള്ളതായിരുന്നു പുരുഷ ഉത്തരങ്ങൾ (എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്നു തോന്നിക്കുന്ന തരം ഉത്തരം എന്നു നമുക്കിതിനെ വിളിക്കാം.)

ഒരു കല്യാണത്തിനോ ഒന്നിച്ചുള്ള ജീവിതത്തിനോ ഞാനിനിയും തയാറായിട്ടില്ല. ഇതു വളരെ വേഗമായിപ്പോയി എന്നതാണ് സ്ത്രീകൾ ബന്ധം വേർപ്പെടുത്താൻ പറഞ്ഞ രണ്ടാം കാരണം.

പ്രണയിക്കുന്ന ചെറുക്കൻ ജീവിക്കാൻ ആവശ്യത്തിനു പണമുണ്ടാക്കുന്നില്ല എന്നത് സ്ത്രീകളുടെ മൂന്നാമത്തെ കാരണം. പക്ഷേ പുരുഷന്മാരുടെ ലിസ്റ്റിലാകട്ടെ ഇക്കാര്യമേയില്ല. അവർക്ക് ജോലിയുള്ള ഒരു ഭാര്യയുടെ ആവശ്യമേയില്ലെന്ന മട്ടിലായിരുന്നു സർവേയിലെ മറുപടി.

ബന്ധവിഛേദനത്തിനുള്ള സ്ത്രീകളുടെ നാലാം കാരണം ചെറുക്കന് ആവശ്യത്തിന് പക്വത വന്നിട്ടില്ല എന്നതായിരുന്നു. ഇങ്ങിനെ എന്നും പ്രേമിച്ചു നടന്നാലൊന്നും ശരിയാവൂല്ല എനിക്കെന്റെ ജോലിയിലേക്ക് കുറച്ചുകൂടി കോൺസൺട്രേറ്റ് ചെയ്യണം എന്നതാണ് സ്ത്രീകളുടെ അഞ്ചാമത്തെ കാരണം. പ്രണയിതാവിന്റെ കൂട്ടുകാരെയോ വീട്ടുകാരെയോ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന ആറാം കാരണത്താലും ബന്ധം അവസാനിപ്പിക്കുന്നവർ ഏറെയാണ്. ഈ ബന്ധം, അതത്ര ശരിയാവുന്നില്ല എന്നതാണ് ഏഴാം കാരണം. ഞങ്ങളെന്തായാലും കെട്ടില്ല. പിന്നെന്തിനാ ഇങ്ങനൊരു ബന്ധം? എന്ന ചോദ്യമാണ് എട്ടാമത്തെ കാരണമായി സ്ത്രീകൾ പറഞ്ഞത്. പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമാണ്, അങ്ങിനെ ഒരാളുടെ കൂടെ എങ്ങിനെ ജീവിക്കും എന്നത് ഒൻപതാം കാരണം. വിശ്വാസം അതല്ലേ എല്ലാം എന്നത് ബന്ധങ്ങളുടെ കാര്യത്തിലെങ്കിലും തെറ്റും. കാരണം പ്രണയിതാവിനെ വിശ്വാസമില്ലാത്തതു കൊണ്ട് ബന്ധം ഒഴിവാക്കുമെന്ന കാരണം സ്ത്രീകൾ ഏറ്റവും കുറവേ പറഞ്ഞുള്ളൂ.

ഇനി പുരുഷപ്രജകൾ പ്രണയിനികളെ ഒഴിവാക്കാൻ പറഞ്ഞ കാരണങ്ങൾ:

‘പ്രണയം പഴയ പോലെ വർക്ക് ആവുന്നില്ല..ഇനിയിങ്ങനെ മുന്നോട്ടുപോകുന്നത് ശരിയാവില്ല.. എന്നു പറഞ്ഞാണ് ഭൂരിപക്ഷം പുരുഷന്മാരും ബന്ധമവസാനിപ്പിക്കുന്നത്. മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിപ്പോകുന്നതാണ് അവരുടെ രണ്ടാമത്തെ കാരണം. പ്രണയിനിക്ക് പഴയ ഗ്ലാമറൊന്നും തോന്നുന്നില്ല എന്നു പറഞ്ഞ് ഒഴിവാക്കുന്നത് മൂന്നാം കാരണം.

പ്രണയിനിയുമൊത്ത് പഴയ ആ ‘സെക്ഷ്വൽ സ്പാർക്ക് ഇപ്പോൾ കിട്ടുന്നില്ലെന്നതാണത്രേ നാലാം കാരണം (വിദേശികളല്ലേ, ഞെട്ടേണ്ട). ഒന്നും നിന്റെ കുറ്റം കൊണ്ടല്ല എല്ലാം എന്റെ കുറ്റമാണ് എന്നും പറഞ്ഞ് ബന്ധമവസാനിപ്പിക്കുന്നവരും ഏറെ. നമുക്കിനി നല്ല സുഹൃത്തുക്കളായിരിക്കാം എന്നതാണ് ഇവരുടെ നയം. ബന്ധം അവസാനിപ്പിക്കാൻ പുരുഷന്മാർ പറയുന്ന അഞ്ചാം കാരണം ഇതാണ്. ഇനി ജോലിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയായിപ്പോകുമെന്നു പറയുന്നത് ആറാമത്തെ കാരണം. രണ്ടുപേരുടെയും ആവശ്യങ്ങൾ പലതാണ്. അഭിപ്രായങ്ങളുടെ കാര്യത്തിലും രണ്ടുപേരും രണ്ടറ്റത്താണ് എന്നത് ഏഴാം കാരണം. നിന്നെയെനിക്ക് കാണേണ്ട (കാരണം എന്തും ആവാം) എന്ന് പുരുഷൻ പ്രണയിനിയോട് പറയുന്നിടത്താണ് എട്ടാം കാരണം. എന്താണു സംഗതിയെന്ന് ദൈവത്തിനും പറയുന്നയാൾക്കും മാത്രം അറിയാം. ഇനിയും ഒരു കമ്മിറ്റ്മെന്റിന് റെഡിയായിട്ടില്ല എന്നത് പുരുഷന്മാരുടെ ഒൻപതാമത്തെ കാരണം. നമ്മൾ തമ്മിലും അപ്പവും അപ്പച്ചട്ടിയും പോലെയാണ്. പരസ്പരം ചേരുന്നത് വളരെ കുറവ്. ഇതാണ് പുരുഷന്മാരുടെ ബന്ധവിഛേദനത്തിന്റെ പത്താം കാരണം.

ഈ കാരണങ്ങളെല്ലാം നേർക്കു നേരെ നിന്നു പറയാൻ 52% സ്ത്രീകളും റെഡിയാണ്. പക്ഷേ പുരുഷന്മാരിൽ അത്രയും ശതമാനത്തിന് അതിനുള്ള ധൈര്യമില്ല. 43% പുരുഷന്മാരേ നേരിട്ടുപോയി കാര്യം പറയുകയുള്ളൂവെന്ന് സർവേയിൽ പറയുന്നു. ബാക്കിയെല്ലാവരും എസ്എംഎസോ ഫെയ്സ്ബുക്ക് മെസേജോ ഇമെയിലോ അയച്ചേ ഇക്കാര്യം പറയുകയുള്ളൂ.