'ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചതിന് നന്ദി' , വൈറലായി യുവതിയുടെ സന്ദേശം

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരുടെ മനസിൽ എന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?ഒരു മുഴം കയറിലോ വിഷക്കുപ്പിയിലോ തീനാളങ്ങളിലോ ഒക്കെ അടങ്ങാത്ത നിരാശയും തീർത്താൽ തീരാത്ത പകയുമൊക്കയായി സുന്ദരമായ ഈ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഒരു പിൻവിളിക്കു പക്ഷേ ആ നീക്കത്തെ ചെറുക്കാനായേക്കും. ഏതോ ഒരു ദുർബല നിമിഷത്തിൽ തോന്നിയ ആ ബുദ്ധിയില്ലായ്മയെ പിന്നീട് ഓർക്കാനേ ആഗ്രഹിക്കില്ല. 

എ​ന്തു പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള വഴികളും തെളിഞ്ഞുവരും, പക്ഷേ അതിനുള്ള സാവകാശം നൽകേണ്ടതുണ്ട്. ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു തിരിച്ചു വന്ന പലർക്കും അതൊരബദ്ധമായിരുന്നുവെന്നു പിന്നീടു തോന്നാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റും ആത്മഹത്യയില്‍ നിന്നു തിരികെ ജീവിതത്തിലേക്കു വന്ന യുവതിയുടേതാണ്. തന്നെ മരണത്തിൽ നിന്നു രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചുള്ള യുവതിയുടെ കാർഡ് അഭിമാനത്തോടെ ട്വീറ്റ് ചെയ്തത് പൊലീസ് ഉദ്യോഗസ്ഥരാണ്. 

അതൊരു വലിയ ഉണർത്തുവിളിയായിരുന്നു എന്നാണ് യുവതി പറയുന്നത്. തനിക്ക് രണ്ടാമതൊരു അവസരം നൽകിയതിലെ അടങ്ങാത്ത നന്ദിയാണ് അവൾ പ്രകടിപ്പിക്കുന്നത്. തങ്ങളുടെ ഓഫീസർമാർ ഒരു ജീവിതം രക്ഷിച്ചുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞ് യുവതിയുടെ പേരു മാത്രം മറച്ച് കിങ്സ്റ്റൺ പൊലീസ് തന്നെയാണ് സന്ദേശം ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. ഇതാണ് അവളുടെ വാക്കുകള്‍..

''കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി എന്നെ മരണത്തിനു മുന്നിൽ നിന്നു രക്ഷിച്ചവർക്കുള്ളതാണ് ഈ കാർഡ്. ഈ ജീവിതത്തിന് നിങ്ങളോടുള്ള കടപ്പാട് പറഞ്ഞാൽ തീരില്ല. അത് ശരിക്കും ഒരു വലിയ ഉണർത്തുവിളി ആയിരുന്നു. 

കഴിഞ്ഞ പത്തുദിവസമായി ഞാൻ മദ്യപിക്കാറില്ല, ഇനിയുള്ള കാലവും അങ്ങനെ തന്നെയായിരിക്കാനാണ് ഉദ്ദേശം. നിങ്ങളുടെ ദ്രുതഗതിയിലുള്ള നീക്കവും പ്രഫഷണലിസവുമാണ് എനിക്കു രണ്ടാംജന്മം നൽകിയത്. പിസി നോൾസിന് (അതാണ് അദ്ദേഹത്തിന്റെ പേരെന്ന് വിശ്വസിക്കുന്നു) പ്രത്യേക നന്ദി അറിയിക്കുന്നു. ആ സമയമൊക്കെയും എനിക്കൊപ്പം നിന്ന് ആവുന്നത്ര ശാന്തമായി കാര്യങ്ങൾ പറഞ്ഞത് അദ്ദേഹമാണ്. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല.''

ഇതോടെ കിങ്സ്റ്റൺ പൊലീസ് ഉദ്യോഗസ്ഥർക്കാകെ അഭിനന്ദന പ്രവാഹമാണ്. പൗരന്റെ ചെറിയ പ്രശ്നങ്ങളെപ്പോലും വലുതായി കണ്ട് അവർക്കൊപ്പം നിൽക്കുന്ന ഇവരൊക്കെയാണ് യഥാർഥ പൊലീസ് ഉദ്യോഗസ്ഥർ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.