ഭർത്താവ് വിശ്വാസവഞ്ചന കാട്ടി, നാലരലക്ഷം വിഴുങ്ങി ഭാര്യ !

യുവതിയുടെ വയറിൽ നിന്നും കണ്ടെടുത്ത പണം

ദാമ്പത്യബന്ധത്തിൽ ഏറ്റവും ആവശ്യമായ ഘടകങ്ങളിലൊന്നാണ് പരസ്പര വിശ്വാസം. പങ്കാളിയോടു വിശ്വസ്തത പുലർത്തുന്നവരുടെ ദാമ്പത്യം വിജയകരമായി മുന്നോട്ടു പോകും. വിശ്വാസ വഞ്ചനയുടെ ഒരു തരിമ്പു പ്രത്യക്ഷപ്പെട്ടാൽ മതി പിന്നീടങ്ങോട്ട് കലഹങ്ങൾ ആരംഭിക്കാൻ. ഇവിടെ വിശ്വാസവഞ്ചന കാണിച്ച ഭർത്താവിനോട് ഒരു ഭാര്യ പ്രതികാരം വീട്ടിയ രീതിയാണ് വ്യത്യസ്തമാകുന്നത്. എങ്ങനെയെന്നല്ലേ? ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഭാര്യ തങ്ങളുടെ അത്രയുംകാലത്തെ ശേഖരമായ 7000 ഡോളർ അഥവാ നാലുലക്ഷത്തി അമ്പതിനായിരം രൂപ അങ്ങു വിഴുങ്ങി. 

കൊളംബിയ സ്വദേശിയായ ഇരുപത്തിയെട്ടുകാരി സാന്ദ്ര മിലെന ആണ് ഭർത്താവിന്റെ സമ്പാദ്യം മുഴുവൻ വിഴുങ്ങിക്കളഞ്ഞ് പ്രതികാരം ചെയ്തത്. ഭർത്താവ് തന്നെ വഞ്ചിക്കുന്നുവെന്നു തോന്നിത്തുടങ്ങിയപ്പോൾ തന്നെ അയാളെ ഉപേക്ഷിച്ചു പോരാന്‍ തീരുമാനിച്ചതായിരുന്നു സാന്ദ്ര. പോകുന്നതിനൊപ്പം അയാൾക്കിട്ടൊരു പണി കൂടി കൊടുക്കുന്നതിനായായിരുന്നു പണം വിഴുങ്ങിയത്. പണം മുഴുവനായി വിഴുങ്ങിയ യുവതിയെ പിന്നീട് വയറുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിയപ്പോഴും സാന്ദ്ര പണത്തിന്റെ കാര്യം ഡോക്ടറോടു വെളിപ്പെ‌ടുത്തിയിരുന്നില്ല. തുടർന്നു നടത്തിയ എക്സ്റേയിലാണ് സംഗതി കണ്ടെത്തിയത്. ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഡോളർ േനാട്ടുകളോരോന്നായി കയ്യിൽ കിട്ടിയ ഡോക്ടർമാരും ‍ഞെട്ടി. ഒരുകൂട്ടം സർജന്മാർ ചേർന്ന് അമ്പത്തേഴോളം നോട്ടുകളാണ് സാന്ദ്രയുടെ വയറിൽ നിന്നായി പുറത്തെടുത്തത്. അതായത് നിലവിൽ മൂന്നു ലക്ഷത്തിൽപ്പരം മാത്രമേ കണ്ടെടുക്കാനായുള്ളു. 

കണ്ടെത്തിയ പണമെല്ലാം പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് സർജറിക്കു നേതൃത്വം നൽകിയ ഡോക്ടർ അറിയിച്ചു. നീതിപീഠത്തിന്റെ കൂടി സഹായത്തോടെയാകും പണം ആർക്കു കൊ‌ടുക്കണമെന്നു തീരുമാനിക്കുക.