സൂര്യയുടെ മകൾക്കു മിതാലി രാജിന്റെ സ്പെഷൽ സമ്മാനം; വിഡിയോ

മിതാലി രാജിനൊപ്പം ദിയ, ജ്യോതിക

ഇന്ത്യൻ ക്രിക്കറ്റിലെ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ് യുവമനസ്സുകളിലെ ഉരുക്കുതാരമാണ്. വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് പലരും മിതാലിയെ വിളിക്കുന്നതു തന്നെ. 

ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം,  ആറായിരം റണ്‍സ് പിന്നിട്ട ആദ്യ വനിതാ ക്രിക്കറ്റർ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ഇടംനേടിക്കൊടുത്ത വീരനായിക എന്നു തുടങ്ങി മിതാലിക്കു വിശേഷണങ്ങളും ഏറെയുണ്ട്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല തമിഴ്താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും‌ മകൾ ദിയയ്ക്കൊപ്പമുള്ള മിതാലിയുടെ ഒരു വിഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

ഒരു പുരസ്കാരവേദിയിൽ ഇരുവരും ഒന്നിച്ചു വേദി പങ്കിട്ട നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ഇന്ത്യർ ക്രിക്കറ്റ് ക്യാപ്റ്റന്റെ ക്യൂട്ട് ഫാൻ എന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്. ജ്യോതികയുടെയും സൂര്യയുടെയും കുഞ്ഞുമാലാഖ ദിയ മിതാലിയുടെ ഫാൻ ആണെന്നും അവർക്കൊരു കുഞ്ഞുബാറ്റ് സമ്മാനിക്കണമെന്നും മിതാലിയോട് അവതാരക പറയുന്നതു കാണാം.

തുടർന്ന് തന്റെ ഓട്ടോഗ്രാഫ് പതിച്ച കുഞ്ഞുബാറ്റ് ദിയയ്ക്കു മിതാലി സമ്മാനിക്കുകയാണ്. മിതാലിയുടെ ഫാൻ ആണെന്നു പറയുന്ന ദിയ പക്ഷേ തനിക്കു ക്രിക്കറ്റിനോടല്ല ബാഡ്മിന്റണിനോടാണു കൂടുതൽ താൽപര്യമെന്നു പറയുന്നു. മകൾ മിതാലിക്കൊപ്പം നിൽക്കുന്ന മുഹൂർത്തങ്ങൾ അഭിമാനത്തോടെ പകർത്തുന്ന ജ്യോതികയെയും വിഡിയോയിൽ കാണാം. 

ക്രിക്കറ്റ് കണ്ടാണ് താൻ മിതാലിയുടെ ഫാൻ‍ ആയതെന്ന് ദിയ പറയുന്നുണ്ട്. ക്രിക്കറ്റ് ഇഷ്ടമില്ലെങ്കിലും ദിയ മറ്റൊരു കായിക ഇനത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ സന്തുഷ്ടയാക്കുന്നുവെന്ന് മിതാലി പറഞ്ഞു. മകളെ സ്പോർട്സിൽ അഭികാമ്യമുള്ളവളായി വളർത്തുന്നതിന് സദസ്സിലിരുന്ന ജ്യോതികയെയും മിതാലി അഭിനന്ദിച്ചു. രാജസ്ഥാനിലെ ജോഡ്പൂർ സ്വദേശിനിയാണ് മിതാലി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam