കത്തുന്ന കാറിൽനിന്ന് സിഗരറ്റ് കത്തിക്കാൻ നോക്കി, എന്നിട്ടോ?

താടി കത്തുമ്പോൾ ബീഡി കത്തിക്കുക എന്നൊരു പ്രയോഗം മലയാളികൾക്കിടയിലുണ്ട്. അമേരിക്കയിലാകുമ്പോൾ അത് കാറു കത്തുമ്പോൾ സിഗരറ്റ് കത്തിക്കുക എന്നാക്കാമെന്നു തോന്നുന്നു. കഴിഞ്ഞ ആഴ്ച കലിഫോർണിയയിൽ നടന്ന സംഭവം കൗതുകകരമാണ്. റോബർട്ട് ക്വിഗ്ലി എന്ന ഇരുപത്തഞ്ചുകാരൻ സംഭവത്തിനൊടുവിൽ അറസ്റ്റിലുമായി. കലിഫോർണിയ ഹൈവേ പട്രോളിന്റെ റിപ്പോർട്ട് പ്രകാരം ഇയാൾ അമിത വേഗത്തിൽ കാറോടിച്ച് ട്രാഫിക് ജംക്‌ഷനിൽ നിർത്തിയിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കത്താൻ തുടങ്ങി. 80 മൈൽ വേഗത്തിലാണ് റോബർട്ട് കാർ ഓടിച്ചിരുന്നത്. 

പൊലീസ് എത്തുമ്പോൾ ഇയാൾ കൂടെയുണ്ടായിരുന്ന യുവതിയെ ഡ്രൈവിങ് സീറ്റിലേക്കു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് കാറോടിച്ചതെന്ന് റോബർട്ട് കുറ്റസമ്മതം നടത്തി.

സംഭവം കണ്ടുനിന്നയാളാണ് അപകടത്തിനിടയിലും ‘ഇളകാത്ത’ റോബർട്ടിന്റെ സ്വഭാവവിശേഷം പൊലീസിനോടു പറഞ്ഞത്. ‘കാറിൽനിന്ന് ഇറങ്ങിയ ആൾ സിഗരറ്റെടുത്ത് കത്തുന്ന കാറിൽനിന്ന് തീയെടുക്കാൻ ശ്രമിച്ചു. ശ്രമത്തിനിടെപുരികത്തിൽ പൊള്ളലേക്കുകയും ചെയ്തു’– ദൃക്സാക്ഷി പറഞ്ഞു. പൊലീസ് ചോദിച്ചപ്പോൾ തെല്ലുംകൂസലില്ലാതെ റോബർട്ട് പറഞ്ഞു: ‘എനിക്ക് തീ പേടിയില്ല. ഞാനിങ്ങനെ ഇടയ്‌ക്കൊക്കെ ചെയ്യാറുള്ളതാണ്’. മദ്യപിച്ചു വാഹനമോടിച്ചു എന്ന സംശയത്തിൽ ഇയാളെ സക്രമന്റോ കൗണ്ടി ജയിലിലേക്കു മാറ്റി. കേസും കൂട്ടവും റോബർട്ടിനു പുത്തരിയല്ലെന്നതാണ് സത്യം. തൊട്ടു മുമ്പത്തെ ആഴ്ച മറ്റൊരിടത്ത് അപകടമുണ്ടാക്കിയപ്പോഴും ഇയാൾക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുത്തിരുന്നു.

അപകടമുണ്ടാകുമ്പോൾ ഫോട്ടോയെടുപ്പാണ് കേരളത്തിലെ പ്രശ്‌നമെങ്കിൽ കണ്ടോ.. അമേരിക്കയിലുമുണ്ട് ഇത്തരം വിരുതൻമാർ..