ബംഗ്ലാദേശിലെ ബ്ലോഗറും മതേതരവാദിയുമായ അവിജിത് റോയി വധിക്കപ്പെട്ട കേസിൽ ഏറെ നിർണായകമായിരുന്നു പ്രശസ്ത ഫോട്ടോഗ്രാഫർ ജിബോൺ അഹമ്മദ് പകർത്തിയ ചിത്രം. മതമൗലികവാദികൾ അവിജിത് റോയിയെ ആക്രമിക്കുന്ന ചിത്രമായിരുന്നു ജിബോൺ അന്നു പകർത്തിയത്.
തന്റെ ചിത്രത്തിലൂടെ ജിബോൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
മഴയിൽ പരിസരം മറന്ന് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രമാണ് വൈറലായത്. പക്ഷേ ചിത്രം മതമൗലികവാദികളെ പ്രകോപിപ്പിച്ചു. ധാക്ക സര്‍വകലാശാലയിൽ വച്ചു ജിബോണിനെ അവർ ആക്രമിക്കുകയും ചെയ്തു.
ഏറെ നാൾക്കു ശേഷം പെയ്ത മഴയിൽ പരിസരം മറന്നു ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം മണിക്കൂറുകൾക്കകം ആയിരങ്ങളാണ് ഷെയർ ചെയ്തത്. ദമ്പതികളെ കുറിച്ച് തനിക്കറിയില്ലെന്നും താൻ ചിത്രം ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് മനസിലായിട്ടും പ്രതികരിക്കുകയോ തന്നെ നോക്കുകയോ പോലും ചെയ്യാതെ പരസ്പരം സ്നേഹിക്കുന്നതിൽ വ്യാപ്തരായിരുന്നു അവർ. വളരെ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്നും ജിബോൺ കുറിച്ചു.
ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മതമൗലികവാദികൾ എതിർപ്പുമായി വരികയായിരുന്നു. പരസ്യമായി ചുംബിക്കുന്നതും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും സംസ്കാരത്തിനു നിരക്കുന്നതല്ലെന്നാണ് അവരുടെ നിലപാട്.
സഹഫോട്ടോഗ്രാഫർമാരാണ് ജിബോണെ മർദ്ദിച്ചതെന്നും ജോലി ചെയ്തിരുന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിബോണിന്റെ ചിത്രങ്ങൾ യഥാർത്ഥ്യമല്ലെന്നും ഫോട്ടോഷോപ്പിൽ വർക്ക് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ഇവർ ആരോപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.