ജീവിതത്തിലെ വലിയ സങ്കടം തുറന്നു പറഞ്ഞ് നീലക്കണ്ണുള്ള ചായക്കടക്കാരൻ

നീലക്കണ്ണുള്ള ആ സുന്ദരൻ ചായക്കടക്കാരനെ ആരും മറക്കാനിടയില്ല. പാക്കിസ്ഥാന്‍ സ്വദേശിയായ ആ ചുള്ളൻ പയ്യൻ ഇപ്പോൾ എവിടെയാണ്? ഇസ്‍ലാമാബാദിലെ ചന്തയിൽ ചായവിറ്റുകൊണ്ടിരിക്കുമ്പോൾ ആ യുവാവ് സ്വപ്നത്തിൽപ്പോലും കരുതിയിരിക്കാണില്ല, വരും നാളുകൾ ഗ്ലാമർ ലോകത്തിന്റേതാണെന്ന്.

നവമാധ്യമങ്ങളിലൂടെ താരമായ നീലക്കണ്ണുകാരൻ അർഷദ് ഖാന്‍ ഇപ്പോൾ തിരക്കിലാണ്. മോഡലാകാൻ ഒന്നിനു പിറകേ ഒന്നായി ക്ഷണം വരുന്നു, ഇതിനിടെ ഒരു സംഗീത ആൽബത്തിലും അർഷദ് അഭിനയിച്ചു. 

ഇതിനിടെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖവും അർഷദ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസം ലഭിക്കാതെ പോയതാണ് ജീവിത്തതിലെ ഏറ്റവും വലിയ സങ്കടമെന്നാണ് വിഡിയോയില്‍ പറയുന്നത്. 

ഒരു പ്രാദേശിക ഫോട്ടോഗ്രാഫറാണ് നീലക്കണ്ണുകളുള്ള ഈ സുന്ദരനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഫോട്ടോഗ്രഫർ ജിയ അലി ഈ സുന്ദരൻറെ ഫോട്ടോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ വൈറലായതോടെ അർഷദ് താരമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഈ താരത്തെ ഏറ്റെടുത്തു. ട്വിറ്ററിന്റെ ടോപ് ട്രെന്‍ഡിംഗ് ലിസ്റ്റിൽ വരെ അർഷദ് ഖാൻ എത്തിയിരുന്നു.