അത് രണ്ടാം വിവാഹചിത്രങ്ങളോ; പ്രതികരിച്ച് സാമന്ത

സിനിമാതാരങ്ങളോട് ആരാധന തോന്നുന്നത് സാധാരണമാണ്. ആരാധന അമിതമായാൽ പലരും അവരുടെ ചിത്രങ്ങൾ വെട്ടി സൂക്ഷിക്കും, ചിലപ്പോൾ വീടിന്റെ ചുമരുകളിൽ ഒട്ടിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യലാണ് പലരുടെയും വിനോദം. തന്റെ ആരാധനാപാത്രത്തിന്റെ ഒപ്പം നിൽക്കുന്ന ചിത്രമുണ്ടാക്കുക ഏതൊരാൾക്കും അനായാസം സാധിക്കും.

അത്തരത്തിലൊരു അനുഭവമാണ് തെന്നിന്ത്യൻ നായിക സാമന്തയ്ക്ക് ഉണ്ടായത്. ആരാധനമൂത്ത് സാമന്തയെ വിവാഹം ചെയ്ത ചിത്രമാണ് ഇയാൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോർഫ് ചെയ്തത്. സാമന്തയുടെ വിവാഹഫോട്ടോയിൽ നിന്ന് നാഗചൈതന്യയെ മാറ്റി പകരം സ്വന്തം ഫോട്ടോ ചേർക്കുകയായിരുന്നു. വരണമാല്യമെല്ലാം കഴുത്തിലിട്ടുകൊണ്ടുള്ള ഫോട്ടോയാണ് ഇത്.

ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായി. അങ്ങനെ അത് സാമന്തയുടെ ശ്രദ്ധയിൽപെട്ടു. എന്നാൽ സാമന്തയുടെ പ്രതികരണമാണ് രസകരം. ഈ ചിത്രം സാമന്തയും ട്വിറ്ററിലൂടെ പങ്കുവച്ച് ഇങ്ങനെ കുറിച്ചു. 'കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്. എങ്ങനെയാണ് ഇത് ലീക്കായത് എന്നറിയില്ല. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു.' എന്തായാലും സാമന്തയുടെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമന്തയുടെ സെന്‍സ് ഓഫ് ഹ്യൂമറിനെ വാഴ്ത്തി രംഗത്തെത്തിയത്.