വർക്ക് ഔട്ട് വിഡിയോയിൽ കരീന കൂടുതൽ സുന്ദരിയെന്ന് ആരാധകർ

ഒരു വയസ്സുകാരൻ തൈമൂറിന്റെ അമ്മയാണെന്നു കരുതി വെറുതെയിരിക്കുന്ന ശീലമില്ല ഹോളിവുഡ് സുന്ദരി കരീന കപൂറിന്. യോഗയും ജിമ്മും കായിക അഭ്യാസങ്ങളുമായി തിരക്കിലാണ് കരീന. ഏതു കാലാവസ്ഥയായാലും എന്തൊക്കെ സംഭവിച്ചാലും കരീന തന്റെ വർക്ക് ഔട്ട് മുടക്കാറില്ല. ആത്മസുഹൃത്തായ മാലൈക ആരോരക്കൊപ്പമാണ് കരീന ജിമ്മില്‍ വർക്ക് ഔട്ട് നടത്തുന്നത്. 

ഇരുവരും ജിമ്മിൽ പരിശീലിക്കുന്ന വിഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ട്രെയിനർ നമ്രതാ പുരോഹിത് പകർത്തിയ വിഡിയോയിൽ കറുത്ത സ്പോർട്സ് വസ്ത്രങ്ങളണിഞ്ഞ് കരീനയും മാലൈകയും പരിശീലനം ന‌ടത്തുന്ന ദൃശ്യങ്ങളുണ്ട്.

പലതരം ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശീലിക്കുന്നത്. ട്രെയിനർ നമ്രതാ പുരോഹിതാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. ഇരുവരോടുമൊപ്പം നമ്രത ഇരിക്കുന്ന ചിത്രങ്ങളുമുണ്ട്. കരീന ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ മുമ്പും നമ്രത പങ്കുവച്ചിട്ടുണ്ട്. 

സൗന്ദര്യം കാത്തു സൂക്ഷിക്കാനും ശരീരത്തെ ഫിറ്റായി സൂക്ഷിക്കാനും കരീന നടത്തുന്ന ശ്രമങ്ങൾക്കു നിരവധി പേർ അഭിനന്ദനം അറിയിച്ചു. ജിമ്മിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ കരീന അതിസുന്ദരിയായിരിക്കുന്നുവെന്നും കമന്റുകളുണ്ട്. താരത്തിന്റെ അടുത്ത സിനിമ കാത്തിരിക്കുകയാണ് ആരാധകർ.