ഷാരൂഖിന്റെ അഭിമുഖത്തിനിടെ കുസൃതിയുമായി അബ്റാം, വിഡിയോ വൈറൽ‌

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖിനോളം പ്രിയമാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ പുത്രൻ അബ്റാമിനെയും. ജനിക്കുംമുമ്പു തന്നെ വാർത്താതാരമായിരുന്ന അബ്റാമിന്റെ ഓരോ ചുവടുകളും സമൂഹമാധ്യമം ആഘോഷമാക്കിയിരുന്നു. ഷാരൂഖും മകൻ അബ്റാമും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

ഷാരൂഖിനൊപ്പം ഷൂട്ടിങ് സെറ്റുകളിലും ട്രിപ്പുകളിലും ക്രിക്കറ്റ് മാച്ചുകളിലും എല്ലാം സ്ഥിരം സാന്നിധ്യമാണ് അബ്റാം. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിലും ഷാരൂഖിനൊപ്പം അബ്റാമുണ്ട്. അതും ഒരഭിമുഖം നടക്കുന്നതിനിടയിലേക്കാണ് യാതൊരു കൂസലുമില്ലാതെ ഓടിവന്ന് അബ്റാം അച്ഛനോട് പരാതികൾ പറയുന്നത്.

അഭിമുഖത്തിന്റെ മധ്യത്തിലാണ് തള്ളവിരൽ ഒടിഞ്ഞുപോയെന്നു പറഞ്ഞ് അബ്റാം അച്ഛനരികിലേക്ക് ഓടിയെത്തുന്നത്. ഉടൻ തന്നെ മകനെ അടുത്തേക്കു വിളിച്ച് ഉമ്മ കൊടുക്കുന്ന ഷാരൂഖിൽ സൂപ്പർ സ്റ്റാറിനപ്പുറം വാത്സല്യത്തിന്റെ നിറകുടമായ അച്ഛനെ കാണാം. അബ്റാമിന്റെ സങ്കടങ്ങള്‍ കേട്ട് അവനൊപ്പം കുട്ടിക്കളിക്കു കൂടെനിൽക്കുകയാണ് ഷാരൂഖ്. തുടർന്ന് അബ്റാമിനോട് കാമറയിൽ നോക്കി ബൈ പറയാൻ പറയുമ്പോൾ കക്ഷി കൂളായി ബൈ പറഞ്ഞു പോവുകയാണ്.

അച്ഛനൊപ്പം കാമറക്കണ്ണുകളുടെ ഭാഗമാകുവാന്‍ ഏറെ പ്രിയ്യമാണ് അബ്റാമിനെന്ന് നേരത്തെ ഷാരൂഖ് പറഞ്ഞിരുന്നു. ഒരിക്കൽ ദുബായ് എയർപോർട്ടിൽ നിന്നും തിരികെ വരുന്ന സമയത്ത് ആരാധകർ ഫോട്ടോ എടുക്കാൻ ചുറ്റിനും കൂടിയിരുന്നു. അന്ന് ബോഡിഗാർഡ് അബ്റാമിനെ എ‌ടുത്തു കൊണ്ടുപോയപ്പോൾ അവന് അതുതീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. എന്തായാലും അബ്റാമിന്റെ കാമറാപ്രേമം അച്ഛൻ തന്നെ നാട്ടിലാകെ പാട്ടാക്കിയിരിക്കുകയാണ്.