കടലിൽ നിന്ന് ‘നെയ്തെടുത്ത’ ഷൂ‌

സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് അഡിഡാസ് നിർമ്മിച്ച ഷൂസ്

രാജ്യാന്തര തലത്തില്‍ സമുദ്രമലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന മുൻനിര സംഘടനകളിലൊന്നാണ് സീ ഷെപേഡ്സ്. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കൻ തീരമേഖലയിൽ ഇവരൊരു അന്വേഷണം നടത്തി. അനധികൃത കടൽവേട്ടക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. 110 ദിവസത്തെ ആ അന്വേഷണത്തില്‍ ഒട്ടേറെപ്പേരെ പിടികൂടുകയും ചെയ്തു. അതുമാത്രമല്ല, കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയെ വരെ തകർക്കുന്ന തരം വലകളും പിടിച്ചെടുത്തു. ഏറ്റവും താഴെത്തട്ടിലുള്ള മത്സ്യമുട്ടകൾ വരെ കോരിയെടുത്ത് നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇത്തരം ഗിൽ വലകൾ. കടലിൽ വലിച്ചെറിഞ്ഞുകളഞ്ഞ ഇത്തരം വലകളും പിടിച്ചെടുത്തവയിലുണ്ട്. മൊത്തം 72 കിലോമീറ്റര്‍ വരും ഇവയുടെയെല്ലാം വിസ്തീര്‍ണം. അതും പോരാതെ കടലിലെ മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ടായിരുന്നു. ഈ മാലിന്യങ്ങളെയെല്ലാം അടിച്ചൊതുക്കി ‘കാൽക്കീഴിലാക്കുകയായിരുന്നു’ സീ ഷെപേഡ്സ്. അതും ലോകോത്തര സ്പോർട്സ് അനുബന്ധ ഉൽപന്ന നിർമാണ കമ്പനിയായ അഡിഡാസുമായി ചേർന്ന്. പിടിച്ചെടുത്ത ഗില്‍വലകളും മറ്റ് സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച് ഒരു ഷൂ തന്നെ നിർമിച്ചെടുത്തിരിക്കുകയാണ് അഡിഡാസ്.

‘ഇത്തരത്തിലൊന്ന് ഉണ്ടായിരുന്നെങ്കിൽ’ എന്നു നമ്മളെക്കൊണ്ട് ആഗ്രഹിപ്പിക്കുന്ന തരം വാഹനങ്ങളെ കണ്‍സെപ്റ്റ് മോഡലുകളെന്നാണു വിളിക്കുക. അത്തരത്തിൽ ‘കൺസെപ്റ്റ് ഷൂ’ ആയാണ് ഇതും അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ റീസൈക്കിൾ ചെയ്യുകയല്ല ഇവിടെയുണ്ടായത്. ഗില്‍ വലകളുടെ ഓരോ ഫൈബറും വേർതിരിച്ചെടുത്ത് അതുപയോഗിച്ച് ഷൂവിന്റെ മേൽഭാഗം ഭംഗിയാക്കുകയായിരുന്നു. ശരിക്കും പച്ചക്കടൽകൊണ്ട് നിറയെ വരകൾ വരച്ചു പോലെ. ഷൂവിന്റെ അടിഭാഗവും നിർമിച്ചിരിക്കുന്നത് കടലിൽ നിന്നു കോരിയെടുത്ത പ്ലാസ്റ്റിക് മാലിന്യം കൊണ്ടായിരുന്നു. സംഗതി വിപണിയിലേക്ക് എത്തിക്കുമോ എന്നുറപ്പില്ല. പക്ഷേ ഇതോടെ അഡിഡാസ് മുഴുവനായും പരിസ്ഥിതി സൗഹാർദപരമായ നിർമാണ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണു നൽകുന്നത്.

അടുത്ത വർഷം ആദ്യത്തോടെ റീസൈക്കിൾഡ് ഫൈബറുകൾ ഉപയോഗിക്കുന്നത് പ്രാവർത്തികമാക്കുകയും ചെയ്യും. നിലവിൽ സീറോ വേസ്റ്റ് ടെക്നോളജി പ്രകാരം അഡിഡാസ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. എങ്കിലും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പേരിൽ നിലവില്‍ ഗ്രീൻപീസിന്റെ ഉൾപ്പെടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പുതിയ ഷൂവിലൂടെ അതിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കമ്പനി. ഷൂവിൽ മാത്രമല്ല ടി ഷർടുകളിലും ഷോർട്സിലുമെല്ലാം റീസൈക്കിൾഡ് ഫൈബറും പ്ലാസ്റ്റിക്കുമെല്ലാം വൈകാതെ തന്നെ അഡിഡാസ് എത്തിക്കുമെന്നാണറിയുന്നത്.