മോഡലുകൾ തോൽക്കും ഈ സൗന്ദര്യത്തിന് മുന്നിൽ, വൈറലായി ആൽബിനോ ഫോട്ടോഷൂട്ട് 

എന്താണ് ആൽബിനോകൾ ? എന്താണ് ആലിബനിസം ? പലർക്കും ഉത്തരമില്ലാത്ത ഈ ചോദ്യത്തിൽ നിന്നുമാകാം ആൽബിനോകളുടെ കഥയുടെ തുടക്കം. ത്വക്കിന് കറുത്ത നിറം നല്‍കുന്ന മെലാനില്‍ എന്ന വര്‍ണ വസ്തുവിന്റെ ഉത്പ്പാദനത്തില്‍ ഉണ്ടാകുന്ന തകരാര്‍ മൂലം ശരീരമാകമാനം വെളുത്ത നിറം ബാധിച്ചവരാണ് ആൽബിനോകൾ. നമ്മളെ പോലെ തന്നെ തീർത്തും സാധാരണക്കാരായ മനുഷ്യരാണവർ. തലമുടിയും കൺപീലിയും പുരികവും എന്തിനേറെ കൃഷ്ണമണികൾ പോലും വെളുത്തിരിക്കുന്നത് ശാരീരികമായ ഒരു അവസ്ഥമാത്രമാണ്. എന്നാൽ ആലിബാനിസത്തിന്റെ ശാസ്ത്രീയമായ ഈ വശം മനസ്സിലാക്കാതെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇക്കൂട്ടർ വേട്ടയാടപ്പെടുകയാണ്. 

വെളുത്ത ശരീരത്തോടെ പിറവിയെടുക്കുന്ന ആല്‍ബിനോകളുടെ ശരീരം അമാനുഷിക ശക്തികളുടെ കേന്ദ്രമായാണ് പല ആഫ്രിയ്ക്കൻ രാജ്യങ്ങളിലെയും ജനത വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഇക്കൂട്ടർ ഈ രാജ്യങ്ങളിൽ നിഷ്കരുണം വേട്ടയാടപ്പെടുന്നു. ഇവരുടെ ശരീര ഭാഗങ്ങള്‍ സ്വന്തമാക്കുകയും അതുപയോഗിച്ച് മന്ത്രവാദം നടത്തുകയും ചെയ്താല്‍ തങ്ങള്‍ക്കും അമാനുഷിക ശക്തി കൈവരുമെന്നാണ് ടാൻസാനിയക്കാരുടെ വിശ്വാസം. ഇത്തരത്തിൽ മന്ത്രവാദം മുൻനിർത്തി ടാൻസാനിയയിൽ വേട്ടയാടപ്പെടുന്ന ആൽബിനോകളിൽ ഭൂരിഭാഗവും കൊല്ലപ്പെടുന്ന പതിവ്. രക്ഷപ്പെടുന്ന അപൂർവം ചിലരാകട്ടെ അംഗവിഹീനരും ആയിരിക്കും. 

യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷന്റെ കണക്കു പ്രകാരം 25- ൽ പരം രാജ്യങ്ങളിൽ ആൽബിനോകൾ വേട്ടയാടപ്പെടുന്നു. ശേഷിച്ച രാജ്യങ്ങളിലാകട്ടെ, ആൽബിനോകൾ കൂട്ടത്തിൽ പെടുത്താൻ കഴിയാത്ത വിഭാഗമായി കണക്കാക്കപ്പെടുന്നു. സമൂഹത്തിന്റെ പലഭാഗങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് ഇക്കൂട്ടർക്ക് ലഭിക്കുന്നത്. റെഡ് ക്രോസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം  ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ 75000 യുഎസ് ഡോളറിന്റെ ആല്‍ബിനോ വ്യാപാരം പ്രതിവർഷം നടക്കുന്നു. 

ഈ അവസരത്തിലാണ് ആൽബനിസം ഒരു രോഗാവസ്ഥയെ നേട്ടമോ അല്ല എന്നും ആൽബിനോകൾ സാധാരണ മനുഷ്യനാണെന്നും അവർക്കും സൗന്ദര്യവും ജീവിക്കാനുള്ള അവസരവും ഉണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഇസ്രായേൽ ഫോട്ടോഗ്രാഫർ യൂലിയ ടൈറ്റ്‌സ് ആൽബിനോകളെ വച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയത്. യവനകഥകളിലെ കഥാപാത്രങ്ങളുടെ സൗന്ദര്യമായിരുന്നു ഫോട്ടോഷൂട്ടിലൂടെ പ്രത്യക്ഷപ്പെട്ട ഓരോ ആൽബിനോ വ്യക്തികൾക്കും. മനുഷ്യരിലേയും മൃഗങ്ങളിലെയും ആൽബിനോ വിഭാഗങ്ങളെ തന്റെ ഫോട്ടോഷൂട്ടിലൂടെ യൂലിയ ലോകത്തിനു കാണിച്ചു കൊടുത്തു. 

രണ്ട് വയസ്സുകാരിയായ പെൺകുട്ടി മുതൽ പല യുവാക്കളും യുവതികളും ഫോട്ടോഷൂട്ടിനായി അണിനിരന്നു. 'വെളുപ്പിന്റെ' സൗന്ദര്യം വിളിച്ചോതുന്ന ഫോട്ടോഷൂട്ടിൽ വെളുത്ത വസ്ത്രങ്ങളിലാണ് ആൽബിനോ മോഡലുകൾ പ്രത്യക്ഷപ്പെട്ടത്. വെള്ളക്കുതിരയും, വെള്ള ഉടുപ്പും, വെള്ളകളിപ്പാട്ടങ്ങളും അങ്ങനെ അങ്ങനെ എല്ലാം എല്ലാം എല്ലാം വെള്ളയിൽ ആറാടിയ ഒരുപിടി ചിത്രങ്ങൾ. വെള്ളയുടെ സൗന്ദര്യത്തേക്കാൾ ഉപരിയായി ഈ ചിത്രങ്ങൾ ലോകത്തോട് പങ്കുവച്ചത്  , ഈ ലോകം ഇവരുടെ കൂടി ആണെന്ന ചിന്തയാണ്.

സൊഹാർ , സഹർ, എൽഇറാൻ, റാസൽ,  ഒറി, ഷിമോൺ , മൈക്കിൾ , സീസർ, അഡി, എയ്ഡൻ, എന്നിവരാണ് ആൽബിനോ ഫോട്ടോഷൂട്ടിനായി അണിനിരന്നത്. പ്രകൃതിയുടെ വികൃതിയിൽ വേറിട്ട നിറം സ്വന്തമായെങ്കിലും ഞങ്ങളും നിങ്ങളെ പോലെ തന്നെ ചോരയും നീരും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള മനുഷ്യരാണ് എന്ന് ഇവർ ഈ ചിത്രങ്ങളിലൂടെ പറയാതെ പറയുന്നു. കണ്ണും മനസ്സും ഒരുപോലെ തുറന്ന് കാണൂ , മുൻനിര മോഡലുകൾ പോലും തോൽക്കും ഈ ആൽബിനോ സൗന്ദര്യത്തിന് മുന്നിൽ.