ൈകപ്പത്തിയ്ക്കുള്ളിൽ അത്ഭുതങ്ങൾ, വൈറലാവുന്ന ചിത്രങ്ങൾ!

ജോർദാൻ മോലിന കൈപ്പത്തിയ്ക്കുള്ളിൽ വരച്ച ദ്വാരത്തിന്റെ ചിത്രം

ചിത്രകല ഒരു പ്രത്യേക കഴിവു തന്നെയാണ്. പാടത്തും പറമ്പിലും എന്നുവേണ്ട മനസിൽ കാണുന്ന മായിക സ്വപ്നങ്ങൾ വരെ വരച്ചു വെയ്ക്കാനൊരിടം. ചില ചിത്രങ്ങൾ കണ്ടാൽ അതു യാഥാർഥ്യമാണോ അതോ വെറും ചിത്രമാണോയെന്നു തന്നെ സംശയം തോന്നും. അത്തരത്തിലുള്ള ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു കൈപ്പത്തിയ്ക്കുള്ളിൽ വരച്ചുവച്ചിരിയ്ക്കുന്ന മായക്കാഴ്ചകള്‍ കണ്ടാൽ ആരും പറയും ഇതു ശരിയ്ക്കും ചിത്രം തന്നെയാണോ?

ജോർദാൻ മോലിന കൈപ്പത്തിയ്ക്കുള്ളിൽ വരച്ച സിബ്ബ്
സ്വിമ്മിങ് പൂൾ ജോർദാൻ മോലിനയുടെ കൈപ്പത്തിയ്ക്കുള്ളിൽ

കൈപ്പത്തിയ്ക്കുള്ളിൽ ഒരു വലിയ ദ്വാരം.. കണ്ണിമ ചിമ്മി അതു ശരിയ്ക്കുമുള്ളതാണോ അതോ തോന്നുന്നതാണോ എന്നു നോക്കിതീരും മുമ്പ് അതാ പിന്നാലെ കൈയ്ക്കുള്ളിൽ അസ്ഥികൂടവും സ്വിമ്മിങ് പൂളും കണ്ണും ചിലന്തിവലയും ചിത്രശലഭവുമൊക്കെ കിടന്ന് അമ്മാനമാടുകയാണ്. പറഞ്ഞു വരുന്നത് ചിത്രമേത് സത്യമേത് എന്നു ആശയക്കുഴപ്പത്തിലാക്കുന്ന ഒരുകലാകാരനെ കുറിച്ചാണ്. ത്രിമാന ചിത്രങ്ങൾ കൊണ്ട് അത്ഭുതം തീർത്ത ഈ അനുഗ്രഹീത കലാകാരന്റെ പേര് ജോർദാൻ മോലിന.

ജോർദാൻ മോലിന കൈപ്പത്തിയ്ക്കുള്ളിൽ വരച്ച കണ്ണിന്റെ ചിത്രം
ജോർദാൻ മോലിന വരച്ച ചിത്രം

ഫ്രഞ്ച് സ്വദേശിയായ ജോർദാന്റെ ഇഷ്‌വിഷയം ഹൈപർ റിയലിസമാണ്. സാധാരണ ചിത്രങ്ങള്‍ എല്ലാവർക്കും വരയ്ക്കാൻ കഴിയും. എന്നാൽ യഥാർഥമേത് ചിത്രമേത് എന്നു േതാന്നുംവിധത്തിൽ ത്രിമാന ചിത്രങ്ങൾ വരയ്ക്കലായിരുന്നു പണ്ടുമുതലേ ജോർദാന്റെ ഹോബി. ഇരുപത്തിരണ്ടുകാരനായ ഈ ജോര്‍ദാൻ പതിനാറാം വയസിൽ തുടങ്ങിയതാണ് ചിത്രകല. പെയിന്റും പെൻസിലും പേപ്പറും ക്രയോൺസുമൊക്കെ ഉപയോഗിച്ചാണ് ജോർദാൻ കൈപ്പത്തിയ്ക്കുള്ളിൽ വർണങ്ങൾ കൊണ്ടു മായാജാലം തീർക്കുന്നത്.

ജോർദാൻ മോലിന
ജോർദാൻ മോലിന കൈപ്പത്തിയ്ക്കുള്ളിൽ വരച്ച ചിലന്തിവല