കുഞ്ഞുങ്ങൾ നീന്തൽ പഠിക്കണം, പക്ഷേ പിച്ചവെക്കുന്നതിന് മുമ്പ് വേണോ?

നമ്മുടെ നാട്ടിൽ കുട്ടികൾ നീന്തല്‍ പഠിക്കുന്നത് കുറച്ചു വലുതായിട്ടാണെങ്കിൽ വിദേശ രാജ്യങ്ങളിൽ അതു മുട്ടുകുത്തുന്നതിനു മുമ്പേ പഠിക്കും. ആറാംമാസം മുതൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങളോടെ കുഞ്ഞുങ്ങളെ നീന്തല്‍ക്കുളത്തിൽ അഭ്യസിപ്പിക്കുന്നവരുണ്ട്. പക്ഷേ അവയിൽ പലതും നമ്മളെ വല്ലാതെ അലട്ടുന്നവയുമാണ്. ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ േസാഷ്യൽ മീ‍ഡിയിൽ പ്രചരിക്കുന്നത്. മര്യാദയ്ക്കൊന്നു കാലുറപ്പിക്കാൻ പോലും കഴിയാത്ത കുഞ്ഞ് നീന്തൽക്കുളത്തിൽ ശ്വാസത്തിനായി പാ‌ടുപെടുന്ന വിഡിയോ ആണത്. രണ്ടു മിനിറ്റോളമുള്ള വിഡിയോ അമേരിക്കയിൽ നിന്നുമാണ് പുറത്തു വിട്ടിട്ടുള്ളത്.

നീന്തൽക്കുളത്തിനു സമീപം ഇരിക്കുന്ന പെൺകുഞ്ഞിന്റെ മുന്നിൽ ചെരിപ്പു വച്ച് അതു പുറകിലേക്കു നീക്കുകയാണ് ഒരാൾ, ചെരിപ്പു നീങ്ങിയതിനൊപ്പം കുഞ്ഞും നീങ്ങി കുളത്തിലേക്കു വീഴുകയാണ്. തുടക്കത്തിൽ വെള്ളത്തിലേക്ക് തലകീഴായി മറിഞ്ഞു വീഴുന്ന കുഞ്ഞ് പതിയെ ഉയർന്നു വരുന്നുണ്ടെങ്കിലും പാതി തലയും ശരീരവും വെള്ളത്തിനടിയിലാണെന്നതും ശ്വാസം കിട്ടാൻ പാടുപെ‌ടുന്നതുമെല്ലാം നൊമ്പരപ്പെടുത്തുന്നതാണെന്നു പറഞ്ഞ് വിഡിയോയ്ക്കെതിരെ വിമർശനം ഉയർന്നി‌ട്ടുണ്ട്.

കുഞ്ഞുനാൾ മുതലേ കുട്ടികളെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കണമെന്നും വീട്ടുകാർ ചെയ്തതു ശരിയാണെന്നുമുള്ള വാദം ഉയർത്തുന്നവരുണ്ട്. ഇതു ശരിയായ രീതിയല്ലെന്നും ക്രൂരതയാണെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ചെറിയ പ്രായത്തിൽ നീന്തൽ പഠിപ്പിക്കണമെന്നതു ശരി തന്നെയാണെങ്കിലും കുഞ്ഞിന്റെ ദുരിതം കണ്ടുനിൽക്കാൻ കഴിയില്ലെന്നും പറയുന്നവരുണ്ട്.