ബീഫ് നിരോധനം കേരളത്തിലും

ഒടുവിൽ ഇതാ ബീഫ് നിരോധനം കേരളത്തിലും. പൊലീസ് പരിശീലന കേന്ദ്രമായ രാമവർമപുരം പൊലീസ് അക്കാദമിയിലെ ക്യാംപുകളുടെ മെസിൽ ബീഫ് കയറ്റരുതെന്നാണു മേലുദ്യോഗസ്ഥന്റെ കൽപന. രേഖാമൂലം ഇങ്ങനെയൊരു ഉത്തരവ് നൽകുന്നതു വിവാദമാകുമെന്നതിനാൽ വാക്കാൽ മാത്രമാണു കൽപന പുറപ്പെടുവിച്ചിരിക്കുന്നത്.

പൊലീസ് ട്രെയിനികൾതന്നെയാണു മെനു നിശ്ചയിക്കുന്നത് എന്നാണു വയ്പ്. എല്ലാ മാസവും മെസ് കമ്മിറ്റി യോഗം ചേരും. ചുമതലയേൽക്കേണ്ടയാളെ തിരഞ്ഞെടുക്കും. എന്തെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്നു തീരുമാനിക്കും. പക്ഷേ, ചിക്കനും മീനും കിട്ടുമെങ്കിലും ബീഫ് മേശപ്പുറത്തു വരാറില്ല. വേണമെന്ന് ആഗ്രഹമുള്ളവർക്കും മേലധികാരിയുടെ ബീഫ് വിരോധം അറിയാവുന്നതിനാൽ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്നു മിണ്ടാനാവില്ല. മുൻപു സമൃദ്ധമായി ലഭിച്ചിരുന്ന ബീഫാണു തീൻമേശപ്പുറത്തുനിന്നു പെട്ടെന്ന് അപ്രത്യക്ഷമായത്. ബീഫിനോടുള്ള ശത്രുത മേലധികാരി അനൗദ്യോഗികമായി മെസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോടു പ്രകടിപ്പിക്കുകയായിരുന്നുവത്രെ.

ബീഫ് കഴിക്കാൻ പൊലീസുകാർക്ക് ഇപ്പോൾ ഇവിടെ രണ്ടു വഴികളേ ഉള്ളു. ഒന്ന്: അവധി കിട്ടാൻ കാത്തിരിക്കുക. രണ്ട്: പുറത്ത് എന്തെങ്കിലും ഡ്യൂട്ടി കിട്ടാൻ യോഗമുണ്ടാവുക.