ബിയർ പോസ്റ്ററിൽ ബിയറുണ്ട് മോനേ...

ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്നു കരുതി ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടാവില്ല മോനേ... എവിടെയോ കേട്ടുചിരിച്ച ഡയലോഗ്. പക്ഷേ ലണ്ടനിൽ ഇങ്ങനെയല്ല കാര്യങ്ങൾ. അവിടെ ബിയർ പോസ്റ്ററിൽ ബിയറിനെപ്പറ്റി പരസ്യവാചകം മാത്രമല്ല ബിയർ തന്നെ കുടിക്കാൻ കിട്ടും. ലോകപ്രശസ്ത ബിയർ നിർമാതാക്കളായ കാൾസ്ബർഗ് കമ്പനിയാണ് ഈ രസികൻ മാർക്കറ്റിങ് തന്ത്രവുമായി രംഗത്തു വന്നത്. ഏപ്രിൽ എട്ടിനായിരുന്നു സംഭവം. ഡാനിഷ് കമ്പനിയായ കാൾസ്ബർഗിന്റെ ലണ്ടനിലെ ബ്രിക്ക്ലെയ്നിലുള്ള ഉൽപാദനകേന്ദ്രത്തിനു മുന്നിൽ രാവിലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. 12 അടി വീതിയും 40 അടി നീളവുമായി എമറാൾഡ് ഗ്രീൻ കളറിലുള്ള പോസ്റ്റർ. അതിലൊരൊറ്റക്കാര്യമേ എഴുതിയിട്ടുള്ളൂ—ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ബെസ്റ്റ് പോസ്റ്ററാകും ഇത്.

ഒറ്റനോട്ടത്തിൽ ആർക്കും കാര്യം പിടികിട്ടിയില്ല. പക്ഷേ ആ പോസ്റ്ററിന്റെ നടുവിൽ ഒരു ടാപ്പുണ്ടായിരുന്നു. അതിൽ നിന്നൊഴുകുന്നതാകട്ടെ നല്ല ഫസ്റ്റ്ക്ലാസ് ബിയറും. ഉൽപാദനകേന്ദ്രത്തിൽ നിന്ന് നേരിട്ട് ആ ടാപ്പിലേക്ക് ബിയറൊഴുകുകയായിരുന്നു. രാവിലെ മുതൽ വൈകിട്ട് ആറുവരെ ടാപ്പിൽ നിന്ന് സൗജന്യമായി ബിയറെടുത്തടിക്കാം. ചുമ്മാ കിട്ടുകയാണെന്നു കരുതി കോരിക്കുടിക്കാമെന്നൊന്നും കരുതേണ്ട, ഒരാൾക്ക് ഒരു ഗ്ലാസ് മാþത്രം. രണ്ടാമത് ആരെങ്കിലും എടുക്കുന്നുണ്ടോ എന്നറിയാൻ സെക്യൂരിറ്റിയെയും നിയമിച്ചിരുന്നു. ബ്രിക്ക് ലെയ്നിലൂടെ നടന്ന പലർക്കും ബിയർ നുണയാനുള്ള ഭാഗ്യം ലഭിച്ചു. അവരിലൂടെ പറഞ്ഞറിഞ്ഞ് പലഭാഗങ്ങളിൽ നിന്നായി അങ്ങോട്ടു ജനമൊഴുകി.

ആദ്യം ഒരു ചെറിയ ക്യൂ, ഉച്ചയായതോടെ ക്യൂവിന്റെ നീളമങ്ങു കൂടി. വെകിട്ടായതോടെ ആകെ ഇടിയാകുമെന്ന അവസ്ഥയും. എന്തായാലും പോസ്റ്ററിൽ നിന്ന് ബിയർ കുടിക്കുന്ന ഫോട്ടോ സെലിബ്രിറ്റികൾ ഉൾപ്പെടെ ട്വീറ്റ് ചെയ്തതോടെ ലണ്ടനിൽ ഒരു പോസ്റ്ററൊട്ടിച്ചതിന്റെ ചെലവിൽ ലോകം മുഴുവൻ കാൾസ്ബർഗിന്റെ പരസ്യമെത്തി. ലോകമെമ്പാടുമുള്ളതിൽ 40% ബിയറും കാൾസ്ബർഗ് വിറ്റഴിക്കുന്നത് യുകെയിലാണ്. പരസ്യഏജൻസിയായ ഫോൾഡ് 7ഉം ഡിജിറ്റൽ ഡിസൈനർമാരായ മിഷൻ മീഡിയയുമാണ് പരസ്യബോർഡിന്റെ പിന്നിലെ തലകൾ. നേരത്തെ അമേരിക്കയിൽ കോക്ക കോളയും ഇത്തരമൊരു പരസ്യബോർഡിറക്കിയിരുന്നു. ലോകത്തിലെ ആദ്യത്തെ ‘കുടിക്കാവുന്ന’ പോസ്റ്ററെന്നു വിളിച്ച അതിൽ നിന്നൊഴുകിയത് കോള ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ...