ബോളി–ഡി ഡാൻസുമായി കോട്ടയംകാരി

കോട്ടയം കളത്തിപ്പടി ജംക്ഷനിലെ സ്വെറ്റ് ആൻഡ് ഷേപ് ജിമ്മിൽ ദീപ്തി സാമി, ശ്വേത ജോർജ് എന്നിവർ ബോളി-ഡി ഡാൻസ് പരിശീലിപ്പിക്കുന്നു

അടിപൊളി പാട്ടു കേട്ട് അറിയാതെ ചുവടു വയ്ക്കാത്തവരുണ്ടോ. ആ ചുവടുവയ്പ് അൽപം ശാസ്ത്രീയമാക്കിയാൽ ബോളി–ഡി ഡാൻസാകും. എന്നു വച്ചാൽ ഒന്നോ രണ്ടോ മാസം ഈ പാട്ടു കേട്ടു നൃത്തം ചെയ്യുമ്പോഴേക്കും ശരീരത്തിലെ അമിത കൊഴുപ്പും വണ്ണവുമൊക്കെ വിയർത്തു പോയിരിക്കും. കോട്ടയംകാരി ദീപ്തി സാമി വിയർപ്പൊഴുക്കി ചിട്ടപ്പെടുത്തിയതാണീ ഫിറ്റ്നസ് നൃത്തം.

എയ്റോബിക്സിന്റെയും ബോളിവുഡ് നൃത്തച്ചുവടുകളുടെയും ശാസ്ത്രീയമായ സമന്വയത്തിലൂടെ രൂപപ്പെടുത്തിയ ബോളി–ഡി ഡാൻസിന് ആറു രാജ്യങ്ങളിൽ ആരാധകരുണ്ട്. കാനഡയിൽ പ്രഫഷനൽ ഡാൻസറായ ദീപ്തി സാമി നാലു വർഷം മുൻപാണ് ബോളി–ഡി ഡാൻസിന് തുടക്കം കുറിച്ചത്. ബോളിവുഡ് സിനിമകളിലെ ഫാസ്റ്റ് നമ്പറുകളിൽ നിന്നു രൂപപ്പെടുത്തിയതാണെങ്കിലും യുഎസ്, കാനഡ, ഈജിപ്റ്റ്, പോളണ്ട്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഇതു ഹിറ്റായി. തുടർന്നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കളത്തിപ്പടി ജംക്‌ഷനിലെ ‘സ്വെറ്റ് ആൻഡ് ഷേപ്’ ജിമ്മിൽ നാലു മുതൽ ബോളി–ഡി ഡാൻസിനൊപ്പം ചുവടുവയ്ക്കാം.

ബോളി ഡി എന്നാൽ..

പാട്ടു കേൾക്കാം, ഒപ്പം 30-35 പേരടങ്ങുന്ന സംഘത്തിനൊപ്പം നൃത്തവും ചെയ്യാം. 51 മിനുട്ട് ദൈർഘ്യമുള്ള വർക്കൗട്ട് പൂർത്തിയാകുമ്പോൾ ശരീരവും മനസും ഒരുപോലെ റിഫ്രഷ് ആകും.

മൂന്നു വ്യത്യസ്ത സെഷനുകളാണ് വർക്കൗട്ടിലുള്ളത്. എട്ടു മിനുട്ട് നീളുന്ന വാംഅപ്, 38 മിനുട്ട് നീളമുള്ള കാർഡിയോ വാസ്കുലാർ സെഷൻ, സ്ട്രെച്ചിങ് വ്യായാമങ്ങൾക്കു പ്രാധാന്യം നൽകുന്ന കൂൾഡൗൺ എന്നിവ പൂർത്തായികുമ്പോൾ 450-500 കാലറി ഉൗർജം എരിഞ്ഞുതീരും. കാർഡിയോ സെഷൻ ചെയ്യുമ്പോൾ ഹൃദയതാളം മിനുട്ടിൽ 120 ആയി ഉയരും.

ഡാൻസ് ചെയ്യാൻ അറിയാത്തവർക്കു പോലും അനായാസം വഴങ്ങുന്ന സ്റ്റെപ്പുകളാണു ബോളി ഡിയുടേതെന്നു ദീപ്തി പറയുന്നു. സർട്ടിഫൈഡ് ബോവി ഡി ഡാൻസ് ട്രെയിനറായ ശ്വേത ഇ.ജോർജിന്റെയും ദീപ്തിയുടെയും നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഫോൺ:9447113045