വെറും പറ്റിക്കലാ... ക്യാമറ ടെക്നിക്ക്....

മനുഷ്യനെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത സീൻ സിനിമയിൽ വന്നപ്പോൾ ഇങ്ങനെ

സീൻ 1 (കാടും പരിസരവും)

ക്ലാപ്പടിച്ചതും സംവിധായകൻ ഒരൊറ്റ അലർച്ച. ആക്ഷൻ.... അതോടെ അതിലും വലിയ അലർച്ചയുമായി അതാ ഒരു ദിനോസർ പാഞ്ഞുവരുന്നു. എന്നെ ഇൗ കാലമാടൻ കൊല്ലാൻ വരുന്നേ...യ് എന്നും പറഞ്ഞ് നായകനും ഓട്ടം തുടങ്ങി. നായകൻ കുതിച്ചു പായുകയാണെങ്കിലും സംവിധായകന് ഒരു സംശയം- ദിനോസറിന് സ്പീഡ് അൽപം കുറവാണോ..? ദേഷ്യംവന്ന സംവിധായകൻ തൊപ്പിയും വലിച്ചെറിഞ്ഞ് അലറി: കട്ട്.. കട്ട്... കട്ട്... എന്നിട്ട് ദിനോസറിനോട് ഒരു ചോദ്യം.. എന്തോന്ന് ഓട്ടമാടേയ് ഇൗ ഓടുന്നേ...? തൊട്ടുപിന്നാലെ വന്ന പടുകൂറ്റൻ ദിനോസറിന്റെ ഡയലോഗ് എന്റെ പൊന്നുസ്പിൽബർഗ് അണ്ണാ രാവിലെ മുതൽ ഇൗ ഓട്ടം തന്നെയാ.. ഇൗ പാവം ദിനോസർ വല്ല ബർഗറോ ബണ്ണോ തിന്നോയെന്ന് ആരെങ്കിലും അന്വേഷിച്ചോ?.. അതോടെ സംവിധായകൻ ഫ്ലാറ്റ്. എന്നിട്ട് പ്രൊഡക്ഷൻ കൺട്രോളറോട് ഔരു ചോദ്യം. അതെന്താ ദിനോസറിന് ആരും ഒന്നും തിന്നാൻ കൊടുക്കാഞ്ഞേ?.. ജുറാസിക് പാർക്കിനെ കളിയാക്കിയെടുക്കുന്ന സിനിമയുടെ തിരക്കഥയല്ല ഇത്. സത്യത്തിൽ ജുറാസിക് പാർക് സിനിമ ഷൂട്ട് ചെയ്തത് ഇങ്ങനെയാണ്.

മനുഷ്യനെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത സീൻ

സ്ക്രീനിൽ പ്രേക്ഷകനെ പേടിപ്പിച്ച ദിനോസറുകളിൽ പലതും സത്യത്തിൽ മനുഷ്യരായിരുന്നു. എല്ലാ ദിനോസറുകളെയും ഗ്രാഫിക്സിലൂടെ സൃഷ്ടിക്കാൻ ചിലവുകൂടുമെന്നതിനാൽ സംവിധായകൻ സ്റ്റീഫൻ സ്പിൽബർഗിന്റെ തന്നെ നിർദ്ദേശപ്രകാരമായിരുന്നു സ്പെഷൽ ഇഫക്ട്സ് ടീം ഇൗ എഡെിയ കണ്ടെത്തിയത്. ദിനോസറിന്റെ വേഷമിട്ട് മനുഷ്യൻ അഭിനയിക്കുക. ശേഷം ഗ്രാഫിക്സിലൂടെ ഇഫക്ടുകളെല്ലാം ചേർക്കുക. ദിനോസർ റോബോട്ടുകളെ ഉണ്ടാക്കി അവയെ ഗോ മോഷൻ എന്ന ടെക്നിക്കിലൂടെ ഓടിക്കുന്ന രീതിയും ജുറാസിക് പാർക്കിലുണ്ട്.

ഒരൊന്നൊന്നര അവതാർ

അവതാറിലെ മോഷൻ ഷൂട്ടിങ് പിക്ചർ രീതി

ലോകത്തിൽ ഏറ്റവുമധികം പണം മുടക്കിയെടുത്തതും പണം വാരിയതുമായ ടിത്രമായിരുന്നു അവതാർ. ചിത്രത്തിന്റെ 60 ശതമാനവും ഗ്രാഫിക്സായിരുന്നു. അതിൽത്തന്നെ മോഷൻ ക്യാപ്ചർ സാങ്കേതികതയിലൂടെയായിരുന്നു ഷൂട്ടിങ്ങിലേറയും ലളിതമായി പറഞ്ഞാൽ മനുഷ്യനെക്കൊണ്ട് വേഷം കെട്ടിച്ച് അഭിനയിപ്പിക്കും. പിന്നീട് അതിനെ ഗ്രാഫിക്സിലൂടെ കഥാപാത്രങ്ങളാക്കി മാറ്റുന്ന രീതി. മനുഷ്യരെ ഷൂട്ട് ചെയ്യുമ്പോൾത്തന്നെ അവർ സ്ക്രീനിൽ എങ്ങനെയായിരിക്കുമെന്നും അറിയാവുന്ന തരം വെർച്വൽ ക്യാമറയായിരുന്നു സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രത്തിൽ ഉപയോഗിച്ചത്.

പറക്കലൊക്കെ വെറും പറ്റിക്കലല്ലേ..

സൂപ്പർമാൻ യഥാർത്ഥത്തിൽ പറക്കുന്നതിങ്ങനെ

സൂപ്പർമാനും സ്പൈഡർമാനുമൊക്കെ ആകാശത്തിലൂടെ പാറിപ്പറന്ന് വില്ലൻമാരെ ഇടിച്ചിടുന്ന കാഴ്ച്ചകണ്ട് കോരിത്തരിക്കാത്ത കുട്ടികളുണ്ടാകില്ല. പക്ഷേ സത്യത്തിൽ ഇതെല്ലാം സ്റ്റുഡിയോയിലാണ് ഷൂട്ട് ചെയ്യുന്നത്. പച്ചയോ നീലയോ നിറമുള്ള പശ്ചാത്തലത്തിൽ ക്രെയിൻ ഉപയോഗിച്ചും കയർ കെട്ടിയുമെല്ലാം സൂപ്പർഹീറോകൾ പറക്കുന്നത് ഷൂട്ട് ചെയ്യും. പിന്നീട് ക്രോമ കീയിങ് എന്ന സാങ്കേതികതയിലൂടെ കെട്ടിടങ്ങളും ആകാശവുമെല്ലാം ചേർക്കും. മനുഷ്യന്റെ ശരീരത്തോട് ഒരുതരത്തിലും സാമ്യമില്ലാത്ത നിറങ്ങളായതിനാൽ കൃത്യമായി കഥാപാത്രത്തിന്റെ ചലനം സ്ക്രീനിൽ വേറിട്ടു ലഭിക്കാനാണ് പച്ചയും നീലയും പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നത്.

സൂപ്പർമാൻ സിനിമയിൽ

കടലോ, ഇതു വെറും കുളം

ലൈഫ് ഓഫ് പൈ ഷൂട്ടിങിനിടെയും സിനിമയിൽ കാണുന്നതും

കടലിനു നടുവിൽ ഒരു കടുവയ്ക്കും മറ്റു മൃഗങ്ങൾക്കുമൊപ്പം പെട്ടുപോകുന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞ് ഓസ്കാർ നേടിയെടുത്ത ചിത്രമാണ് ലൈഫ് ഓഫ് പൈ. പക്ഷേ ചിത്രം ഷൂട്ട് ചെയ്തത് തായ് വാനിലെ ഒരു നീന്തൽക്കുളത്തിലായിരുന്നു. മാത്രമല്ല, നായകനായ ദേവ് പട്ടേൽ മാത്രമേ സ്വമ്മിങ്പൂളിൽ ഉണ്ടായിരുന്നുള്ളൂ. കടുവയും കുരങ്ങും കഴുതപ്പുലിയുമെല്ലാം വെറും സിജിഎെ അതായത് കംപ്യൂട്ടറിലൂടെ സൃഷ്ടിച്ചെടുത്ത ചിത്രങ്ങൾ മാത്രം.

പാവം ഭീമൻ അനക്കോണ്ട

പേടിക്കേണ്ട, ഇതുവെറും പാവപ്പാമ്പാ

ആമസോണിലേക്ക് ഔഷധഗുണമുള്ള ഓർക്കിഡും തേടിപ്പോകുന്ന സംഘത്തെ പിന്നാലെ നടന്ന് കൊല്ലുന്ന ഭീമൻ പാമ്പിന്റെ കഥയാണ് അനക്കോണ്ട. സിനിമയിൽ നമ്മൾ കാണുന്നത് യഥാർത്ഥ അനക്കോണ്ടയെ തന്നെയാണ്. അതായത് ആനിമട്രോണിക് അനാക്കോണ്ട. യഥാർത്ഥ പാമ്പുകളുടെ ചലനങ്ങളും ഭാവങ്ങളുമെല്ലാം കണ്ടുപഠിച്ചാണത്രേ സിനിമയുടെ എഞ്ചനീയറിംഗ് സംഘം 40 അടിയിലേറെ നീളവും ഒരു ടണ്ണിലേറെ ഭാരവുമുള്ള ഇൗ യന്ത്രപ്പാമ്പിനെ നിർമ്മിച്ചത്. കമ്പ്യൂട്ടർ പ്രോഗാമിങിലൂടെയായിരുന്നു ഇതിന്റെ ചലനം. ഷൂട്ടിങിനിടെ ചിത്രത്തിലെ നായിക ജെന്നിഫർ ലോപ്പസ് പോലും ഇൗ പാമ്പിനെക്കണ്ട് യഥാർത്ഥത്തിലുള്ളതാണെന്നു കരുതി പലപ്പോഴും പേടിച്ചിരുന്നത്രേ.