രാശി മാറുന്നു; ചൈന പുതുവത്സരാഘോഷത്തിൽ

ചന്ദ്രമാസ കലണ്ടർ അനുസരിച്ചുള്ള പുതുവത്സരാഘോഷത്തിമിർപ്പിൽ ചൈന. കോടിക്കണക്കിന് ആളുകളാണ് ആഘോഷിക്കാൻ അവധിയെടുത്തു ഗ്രാമങ്ങളിലെ ജന്മഗൃഹങ്ങളിലേക്ക് ഒഴുകിയത്. അശ്വവർഷത്തിനു വിടചൊല്ലി ആടുവർഷത്തിലേക്കു കടക്കുകയാണ് ചൈന.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വേളയാണ് ഇത്. 28 കോടിയോളം ആളുകളാണ് സഞ്ചരിച്ചതെന്ന് ഒൗദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ടു ചെയ്തു. ബെയ്ജിങ് അടക്കമുള്ള വൻനഗരങ്ങളിൽ ആളൊഴിയുന്ന അപൂർവപ്രതിഭാസത്തിനാണ് ചൈന സാക്ഷിയാവുന്നത്. പ്രസിഡന്റ് ഷി ജിൻപിങ് പുതുവത്സരത്തിൽ ആശംസ നേർന്നു.

ചൈനയിൽ സിസേറിയൻ ശസ്ത്രക്രിയകളുടെ തിരക്കായിരുന്നു ഇതേവരെ. പുതുവർഷത്തിൽ കുട്ടികൾ ഉണ്ടായാൽ ബുദ്ധിമുട്ടുകളായിരിക്കും ഫലമെന്നാണ് ചൈനക്കാരുടെ വിശ്വാസം. വിശ്വാസം എന്തുതന്നെ ആയാലും 2015 ചൈനയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ വർഷമായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ജന്മഗൃഹത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന വേളയാണിത്. പുതുവർഷദിനത്തിൽ ചുവന്ന വസ്ത്രങ്ങൾ ധരിക്കുകയും ചുവന്ന പേപ്പറിൽ പൊതിഞ്ഞ് കുട്ടികൾക്ക് കൈനീട്ടം നൽകുകയും ചെയ്യും. അഗ്നിയുടെ പ്രതീകമായ ചുവപ്പ് ദോഷങ്ങളെ അകറ്റി നിർത്തുമെന്നാണ് വിശ്വാസം. പടക്കം പൊട്ടിക്കലും നടക്കും. പ്രധാന നഗരങ്ങളിൽ ഇത്തവണ വെടിക്കെട്ട് നിരോധിച്ചിട്ടുണ്ട്.

വ്യാളി ഗംഭീരം; ആട് മോശം

ചൈനയുടെ ചന്ദ്രമാസ കലണ്ടർ 12 വർഷം ചേരുന്നതാണ്. ഇതിൽ ഓരോ വർഷത്തിനും മൃഗങ്ങളാണ് ചിഹ്നം. എലി, കാള, കടുവ, മുയൽ, വ്യാളി, പാമ്പ്, കുതിര, ആട്, കുരങ്ങൻ, കോഴി, നായ, പന്നി എന്നിങ്ങനെ. ഇതിൽ വ്യാളി ചിഹ്നമായ വർഷമാണ് ഏറ്റവും ഉജ്വലം എന്നാണ് വിശ്വാസം. ചൈനയിലെ ഏറ്റവും ഉന്നതരായ മൂന്ന് ശതകോടീശ്വരൻമാർ പിറന്നത് ഇൗ ചിഹ്നം പേറുന്ന വർഷത്തിലാണ്. ആടുവർഷം മോശമാണെന്നും വിശ്വാസമുണ്ട്. ബുദ്ധൻ എല്ലാ മൃഗങ്ങളോടും തന്നെ വന്ന് കാണാൻ പറഞ്ഞുവെന്നും വന്നുചേർന്ന 12 മൃഗങ്ങളുടെ പേര് ഓരോ വർഷത്തിനും നൽകിയെന്നുമാണ് വിശ്വാസം.