മൈലാഞ്ചിയിലും മായമോ? ഭയപ്പെ​ടുത്തുന്ന ആ ചിത്രത്തിനു പിന്നിൽ

'ചൈനയിൽ നിർമ്മിച്ച മൈലാഞ്ചി അലർജിയായപ്പോൾ' എന്ന പേരില്‍ ഇന്റർനെറ്റിൽ വൈറലായ ചിത്രം

മൈലാഞ്ചി എന്നുമൊരു മൊഞ്ചാണു പെണ്ണിന്. കല്ല്യാണമായാലും വിരുന്നായാലും പെരുന്നാളായാലുമൊക്കെ മൈലാഞ്ചിയില്ലാതെ ഒരാഘോഷവുമില്ല. പണ്ടൊക്കെ മൈലാഞ്ചിയില കല്ലില്‍ അരച്ചു േപസ്റ്റ് രൂപത്തിലാക്കിയാണു കൈകൾ ചുവപ്പിച്ചിരുന്നതെങ്കിൽ ഇന്നതൊക്കെ മാറി, മൈലാഞ്ചി ട്യൂബ് രൂപത്തിൽ ലഭ്യമായിത്തുടങ്ങി. ഇട്ടു കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ചുവക്കുന്നതും അപ്പോൾതന്നെ ചുവക്കുന്നതുമൊക്കെയായ മൈലാഞ്ചി ട്യൂബുകൾക്ക് ആരാധകർ ഏറെയായി. പക്ഷേ ഇത്തരക്കാരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തിലൂടെ ഒരു ഫോട്ടോ വൈറലായത്. മൈലാഞ്ചി പേസ്റ്റ് ഇട്ട പെൺകുട്ടിയുടെ കൈ അലർജിയായി, കണ്ടാൽ തന്നെ അറപ്പു തോന്നും വിധത്തിലുള്ളൊരു ചിത്രമായിരുന്നു അത്.

'ചൈനയിൽ നിർമ്മിച്ച മൈലാഞ്ചി അലർജിയായപ്പോൾ' എന്ന പേരിലാണ് സംഗതി ഇന്റർനെറ്റിലാകെ പടർന്നത്. കർവാ ചൗത്തിനോട് അനുബന്ധിച്ച് ചൈനീസ് മൈലാഞ്ചിയണിഞ്ഞ പെൺകുട്ടിയു‌ടെ കയ്യാകെ അലര്‍ജിയായി വീർത്തപ്പോൾ എന്ന അടിക്കുറിപ്പോടെ സംഭവം പെട്ടെന്നു വൈറലാവുകയും ചെയ്തു. ചൈനീസ് ഉൽപ്പന്നങ്ങളൊക്കെയും ഡ്യൂപ്ലിക്കേറ്റ് ആണെന്നു ധരിക്കുന്നവരാകെ അതു ഷെയർ ചെയ്തു. ചൈനയിൽ നിന്നുള്ള ഉല്‍പ്പന്നങ്ങൾ നിരോധിക്കുക എന്ന പ്രചാരണവും ഇതിനിടയിൽ നടന്നു. സംഭവത്തിന്റെ നിജസ്ഥിതി എന്തു തന്നെയായാലും സമൂഹമാധ്യമവും ചാനലുകളുമൊക്കെ വാർത്ത നന്നായി ആഘോഷിക്കുകയും ചെയ്തു.

എന്നാൽ ഹെന്ന മാത്രമല്ല ഡൈ, ഹെയര്‍ കളർ പോലുള്ള ഭൂരിഭാഗം ഹെന്നാ ഉൽപ്പന്നങ്ങളും ദോഷകാരികളായ കെമിക്കലുകളാൽ നിർമ്മിതമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഉൽപ്പന്നത്തിന്റെ പാക്കറ്റ് നോക്കി അവയിൽ അലർജിക്കു സാധ്യതയുള്ളതൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാങ്ങുന്നതായിരിക്കും ഉത്തമം, അതിനായി ത്വക്ക് രോഗ വിദഗ്ധനെ കണ്ട് അലർജിക്ക് ഇടയാക്കുന്ന കണ്ടന്റ്സ് ഏതൊക്കെയാണെന്ന് മനസിലാക്കാം. പിപിഡി, ഫനൈൽമെർകുറിക് നൈട്രേറ്റ്, പൊട്ടാസ്യം ഡൈക്രോമേറ്റ് തുടങ്ങിയവ അടങ്ങിയ ഉൽപ്പന്നങ്ങൾ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്.