കറുപ്പിനെ അധിക്ഷേപിച്ച പരസ്യം വിവാദമായി; വിഡിയോ

പ്രമുഖ ചൈനീസ് സോപ്പ് കമ്പനിയുടെ പരസ്യം വിവാദമാകുന്നു. കറുത്ത വർഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണ് പരസ്യമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഷിങ് മെഷീനിൽ അലക്കാനൊരുങ്ങുന്ന യുവതിയുടെ സമീപത്തേക്കു റൊമാന്റിക് ഭാവത്തോടെ കറുത്ത യുവാവ് എത്തുന്നു. യുവാവിനെ തന്റെ സമീപത്തേക്കു വിളിച്ച് യുവതി ഇയാളുടെ വായിൽ സോപ്പ് തിരികിക്കയറ്റി വാഷിങ് മെഷീനിലേക്കു തള്ളിവിടുന്നു. അൽപസമയത്തിനു ശേഷം വെളുത്ത് തുടുത്ത് സുന്ദരനായി വാഷിങ് മെഷീനിൽ നിന്നും പുറത്തു വരുന്ന യുവാവിനെയാണ് കാണാനാകുന്നത്. യുവതി ഹാപ്പി.

പരസ്യത്തിന്റെ പ്രമേയത്തിനെതിരെ പ്രമുഖ യുഎസ് മാധ്യമമാണ് ആദ്യം പ്രതികരിച്ചത്. തുടർന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സംഭവം വാർത്തയാക്കുകയായിരുന്നു. കറുപ്പിനെ മോശമായും വെളുപ്പാണു സൗന്ദര്യത്തിന്റെ പ്രതീകം എന്നുമാണ് വിഡിയോ നൽകുന്ന ആശയമെന്നും ഇതു അംഗീകരിക്കാനാവില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.