അമ്മായിയമ്മ വിൽപ്പനയ്ക്ക്, മരുമകൾ സംഭവബഹുലം!!!

മരുമകളോട് വഴക്കിടുന്ന എല്ലാ അമ്മായിയമ്മമാരും ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. അമ്മായിയമ്മയോടുള്ള വൈരാഗ്യം മൂത്ത് ഒരു മരുമകൾ ചെയ്തതെന്താണെന്നോ? അമ്മായിയമ്മയെ വിൽപ്പനയ്ക്കങ്ങു വച്ചു. കളി പറയുന്നതാണെന്നു കരുതരുതേ. ഫെയ്ഡ.കോം എന്ന വെബ്സൈറ്റിലാണ് അമ്മായിയമ്മയുടെ ചിത്രസഹിതം മരുമകൾ വിൽപ്പന പരസ്യം നൽകിയത്.

അറുപതിനോടടുത്ത അമ്മായിയമ്മ, അയൽപക്കക്കാരെ വരെ കൊല്ലാനുതകുന്ന മധുരമാർന്ന ശബ്ദം, മികച്ച ഭക്ഷണ വിമർശക, അവരൊരു നല്ല ഉപദേശക കൂടിയാണ് എന്ന കുറിപ്പോടു കൂടിയാണ് മരുമകൾ അമ്മായിയമ്മയുടെ ചിത്രം പങ്കുവച്ചത്. നല്ല ആരോഗ്യാവസ്ഥയിലുള്ള അമ്മായിയമ്മ വിൽപ്പനയ്ക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പങ്കുവച്ചത്.പത്തു മിനുട്ടിനകം പോസ്റ്റ് ഡിലീറ്റ് ആക്കിയെങ്കിലും സംഗതി അതിനകം വൈറലായിരുന്നു.

അതേസമയം ഇത്തരമൊരു പോസ്റ്റ് തങ്ങളുടെ അനുഭവത്തിൽ ആദ്യമാണെന്ന് ഫെയ്ഡ.കോം സഹസ്ഥാപകനും വക്താവുമായ വിപുല്‍ പലിവാൽ പറഞ്ഞു. നേരത്തെ ക്വിക്കർ.കോമിൽ ഭർത്താവിനെ വിൽപ്പനയ്ക്കെന്ന പേരിൽ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും സൈബർരംഗത്തെ പുലികളായ പെണ്ണുങ്ങളുടെ ഭർത്താക്കന്മാരും അമ്മായിയമ്മമാരും ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്... എന്നാണ് വിൽപ്പനാക്കോളങ്ങളില്‍ പരസ്യം വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ? ...