പട്ടാളമാണെങ്കിലെന്താ, എന്റെ അച്ഛനല്ലേ..

കുട്ടികൾ നിഷ്കളങ്കരാണ്.. അവർക്ക് അഭിനയിക്കാനറിയില്ല.. കുട്ടികൾക്ക് ചുറ്റുപാടിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരിക്കലും സ്വഭാവം മാറ്റാനും കഴിയില്ല. തങ്ങൾക്ക് തോന്നുന്നതെന്തോ അതപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ പ്രോട്ടോക്കോൾ പോലും ലംഘിച്ച് പട്ടാളത്തിലുള്ള അച്ഛനെ കെട്ടിപ്പുണരുന്ന മകളുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കോളറാഡോയിലെ ഫോർട്കാർസണിൽ വച്ചു നടന്ന പട്ടാളക്കാരുടെ ഔദ്യോഗിക പരിപാടിയ്ക്കിടെയാണ് വികാര നിർഭരമായ സംഭവം അരങ്ങേറിയത്. ലെഫ്റ്റനന്റ് ഡാനിയേൽ ഒഗെൽസ്ബിയെ കണ്ട രണ്ടുവയസുകാരി കാരിസ് ഒഗെൽസ്ബിയാണ് അച്ഛനടുക്കലേക്ക് നിയമം ലംഘിച്ച് ഓടിയടുത്തത്. ഏറെക്കാലമായി അച്ഛനെ വിട്ടു നിന്ന കാരിസിന് നീണ്ട ഇടവേളയ്ക്കു ശേഷമുള്ള കണ്ടുമുട്ടലില്‍ തന്റെ സ്നേഹം അടക്കി വയ്ക്കാനായില്ല.

നോര്‍ത്ത് ഈസ്റ്റിലെ ഒമ്പതു മാസം നീണ്ട സൈനിക സേവനത്തിനു ശേഷം നാട്ടിലേക്കു തിരികെയെത്തുന്ന മൂന്നുറു പട്ടാളക്കാരാണ് ചടങ്ങിലുണ്ടായിരുന്നത്. കമാൻഡർ ഔദ്യോഗികമായി സ്വാഗതം ചെയ്തതിനു ശേഷം മാത്രമേ ഇവർക്ക് വീട്ടുകാരെ കാണാനാവൂ. എന്തായാലും കുഞ്ഞു കാരിസ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോ ആയിരിക്കുകയാണ്. അച്ഛൻ പോലീസോ പട്ടാളമോ എന്തും ആയിക്കൊള്ളട്ടെ മക്കൾക്ക് അവര്‍ എന്നും വാത്സല്യത്തിന്റെ നിറകുടമായ അച്ഛനായിരിക്കും എന്നു തെളിയിക്കുന്ന ഹൃദ്യമായ ഒരു വിഡിയോ.