ഈസ്റ്ററിന് ‘അകത്താക്കാൻ’ 50 കോടിയുടെ കോഴി, നാലു കോടിയുടെ താറാവ്

ഈസ്റ്ററിനു കേരളം കഴിക്കുന്നത് 50 കോടി രൂപയുടെ കോഴിയും നാലു കോടി രൂപയുടെ താറാവും! ഇന്നലെ മാത്രം സംസ്ഥാനത്തു വിറ്റഴിഞ്ഞത് ഏകദേശം 50 ലക്ഷം കിലോ കോഴിയിറച്ചിയും രണ്ടു ലക്ഷം കിലോ താറാവിറച്ചിയുമാണ്.

ഓൾ കേരള പൗൾട്രി ഫെഡറേഷന്റെ കണക്കുകൾ പ്രകാരം പതിവായി വിൽക്കുന്നതിന്റെ ഇരട്ടി കോഴികളെയാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ടു വിറ്റഴിച്ചത്. ഒരു കിലോ കോഴിയുടെ വില 110ൽ നിന്നു 122 രൂപ വരെ വർധിച്ചു. വലിയനോമ്പു കാലം അവസാനിച്ചതാണ് ഇറച്ചിക്കടകൾക്കു ചാകരയായത്.

സാധാരണ സംസ്ഥാനത്ത് ഏറ്റവുമധികം കോഴിയിറച്ചി വിൽക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. 2.75 ലക്ഷം മുതൽ മൂന്നു ലക്ഷം വരെ കിലോയാണ് ഇവിടെ ഒരു ദിവസത്തെ വിൽപന. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ദിവസേന രണ്ടു ലക്ഷം കിലോയിലധികം കോഴിയിറച്ചി വിൽക്കുന്നുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നര ലക്ഷം കിലോ വരെയാണു വിൽപന. ഏറ്റവും കുറവു കച്ചവടം നടക്കുന്ന പത്തനംതിട്ടയിൽ 80,000 കിലോ വരും. ഇവിടെയെല്ലാം ഇന്നലെ കച്ചവടം ഇരട്ടിയായതായി പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.

പക്ഷിപ്പനിയുടെ മാന്ദ്യത്തിലായിരുന്ന താറാവു കച്ചവടക്കാർക്കും ഈസ്റ്റർ തിരിച്ചുവരവിന്റെ വേളയായി. ഇന്നലെ ഒറ്റദിവസം കൊണ്ടു സംസ്ഥാനത്താകെ ഏകദേശം 1.25 ലക്ഷം കുട്ടനാടൻ താറാവുകളെയാണു വിറ്റത്. ആലപ്പുഴയിൽ 280 രൂപയും മറ്റിടങ്ങളിൽ 300 രൂപയുമായിരുന്നു ഇന്നലെ താറാവു വില.