ആനയ്ക്കുമുണ്ടാവില്ലേ സെൽഫി മോഹങ്ങൾ

ആന സെൽഫിയെടുത്താൽ അതിനെ എന്തു വിളിക്കണം? സംശയിക്കണ്ട, അതാണ് എൽഫി. തായ്ലന്റിൽ ഒരു ആന എടുത്ത എൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊളംബിയ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ ലീബ്ലാങ്ക് ആണ് ഇൗ എൽഫിയ്ക്കു പിന്നിൽ. സൗത് ഇൗസ്റ്റ് തായ്ലന്റിലെ കോഹ് ഫാങ്കൻ ദ്വീപിലാണ് ആനയുടെ സെൽഫി പിറന്നത്. യാത്രയ്ക്കിടയിൽ വഴിയരികിൽ എലിഫന്റ് സാങ്ച്വറി കണ്ടപ്പോൾ കൗതുകത്തിൽ ഇറങ്ങിയതാണ് ഇപ്പോൾ ലോകം മുഴുവൻ പ്രചരിച്ച എൽഫിക്കു കാരണമായത്. ഗേൾഫ്രണ്ടിനൊപ്പം ആനയ്ക്ക് പഴം നൽകിക്കൊണ്ടിരിക്കുകയായിരുന്നു ലീബ്ലാങ്ക്. പഴം തീർന്നതോടെ ആന കയ്യിലിരുന്ന ക്യാമറയിൽ കയറി പിടിക്കുകയായിരുന്നെന്ന് ലീബ്ലാങ്ക് പറഞ്ഞു. ക്യാമറ ടൈം ലാപ്സ് മോഡിൽ സെറ്റ് ചെയ്തു വച്ചിരുന്നതിനാൽ ആന തൊട്ടപ്പോൾ തന്നെ നല്ല ഉഗ്രനൊരു എൽഫി പതിഞ്ഞു. ലീബ്ലാങ്കിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോ ഇതിനകം തന്നെ ലോകത്തിലെ ആദ്യത്തെ എൽഫി എന്ന രീതിയിൽ ചർച്ചാവിഷയവുമായിട്ടുണ്ട്.

കഴിഞ്ഞ വർഷം സിംഹവാലൻകുരങ്ങ് സ്വയമെടുത്ത ഫോട്ടോ വിക്കിപീഡിയയും ഫോട്ടോഗ്രാഫറും തമ്മിലുള്ള തർക്കത്തിന് ഇടയാക്കിയതിനു വാർത്തയായതിനു പിന്നാലെയാണ് എൽഫിയും വൈറലാകുന്നത്. ഫോട്ടോ സിംഹവാലൻ കുരങ്ങു തന്നെ അറിയാതെ എടുത്തതായതിനാൽ ഫോട്ടോഗ്രാഫർക്ക് ഫോട്ടോയുടെ അവകാശമില്ലെന്നായിരുന്നു വിക്കിപീഡിയയുടെ വാദം. എന്നാൽ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഫോട്ടോയുടെ കോപ്പിറൈറ്റ് ഫോട്ടോഗ്രാഫർക്കു തന്നെ നൽകിക്കൊണ്ട് വിധി വരികയും ചെയ്തു.