അഭിമാനത്തോടെ തന്നെ പറയണം: ‘ഞാൻ ഒറ്റയ്ക്കു കഴിയുന്ന വനിതയാണ്’

27 വയസ്സ്, അതിനോടകം പെൺകുട്ടികളെല്ലാം വിവാഹിതരായിരിക്കണമെന്നാണ് ചൈനയിലെ അലിഖിത നിയമം. 27 കഴിഞ്ഞിട്ടും അവിവാഹിതരായിരിക്കുന്നവരെ ‘ഷെങ് ഹു’ അഥവാ ഉപേക്ഷിക്കപ്പെട്ട വനിതകൾ എന്നാണ് ചൈനീസ് സർക്കാർ പോലും വിശേഷിപ്പിക്കുന്നത്. രാജ്യത്തെ സ്ത്രീ–പുരുഷാനുപാതത്തിൽ ആശങ്കാകുലരായ സർക്കാർ തന്നെ സ്ത്രീകളെ വിവാഹത്തിന് പരോക്ഷമായി നിർബന്ധിക്കുന്നുമുണ്ട്. പേരുപോലെത്തന്നെ വീട്ടിലും സമൂഹത്തിലുമെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ‘ഷെങ് ഹു’ പെൺകുട്ടികളുടെ ജീവിതം. മാത്രവുമല്ല, കാര്യമായ എന്തോ ‘കുഴപ്പമുള്ളതു’ കൊണ്ടാണ് വിവാഹം നടക്കാത്തതെന്നും കഥകൾ പരക്കും. വിവാഹത്തോടെ മാത്രമേ ഒരു സ്ത്രീ പൂർണത കൈവരിക്കൂവെന്നാണ് പരമ്പരാഗത ചിന്താഗതിക്കാരുടെ വാദം തന്നെ.

പെൺകുട്ടികൾക്ക് 25 വയസ്സുതികയുന്നതോടെ ചൈനീസ് മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്. മകളുടെ ഗുണഗണങ്ങൾ വിവരിച്ച് ഫോട്ടോയും ഒപ്പം വച്ച് വരനെ തേടിയുള്ള പോസ്റ്റർ പതിക്കാൻ പ്രത്യേക ‘വിവാഹ മാർക്കറ്റുകൾ’ പോലുമുണ്ട് ചൈനയിൽ. എന്നാൽ ഈ വിവാഹച്ചന്തയെ പിടിച്ചെടുക്കുന്ന നിലപാടുമായി രാജ്യത്തിറങ്ങിയ പുതിയൊരു പരസ്യം രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്. നാലര മിനിറ്റുള്ള ഈ വിഡിയോ ജാപ്പനീസ് കോസ്മെറ്റിക് കമ്പനി എസ്കെ–ഐഐ ആണ് തയാറാക്കിയത്. അവിവാഹിതരായ പെൺകുട്ടികളുടെ അനുഭവവും മാതാപിതാക്കളുടെ അഭിപ്രായവുമെല്ലാം ഉൾപ്പെടുത്തി ഡോക്യുമെന്ററി സ്വഭാവത്തോടെയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. അത് യഥാർഥത്തിൽ നടക്കുന്നതു തന്നെയാണെന്നും മേഖലയിലെ നിരീക്ഷകർ പറയുന്നു. ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്’ എന്ന സിനിമാഡയലോഗ് പോലെത്തന്നെ, അതേ ലക്ഷ്യത്തോടെയാണ് ഈ വിഡിയോയുടെയും വരവ്.

കഴിവുള്ള ഒട്ടേറെ പെൺകുട്ടികളാണ് ‘ഷെങ് നു’ എന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്തിൽ വിവാഹത്തിനു മുന്നിൽ തലകുനിക്കുന്നത്. മാത്രവുമല്ല, മാതാപിതാക്കളെ അനുസരിക്കുക എന്നതാണ് ഒരു ചൈനീസ് പെൺകുട്ടിയുടെ ഏറ്റവും മികച്ച ഗുണം. അവർ പറയുന്നതിനനുസരിച്ച് വിവാഹം ചെയ്തില്ലെങ്കിലോ അത് അവരെ അപമാനിക്കുന്നതിനു തുല്യവുമാകും. ‘ഷെങ് നു’ സമ്പ്രദായത്തെ എതിർക്കുന്ന മികച്ച വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതിനിടെയാണ് വിഡിയോയുടെ വരവ്. സൗന്ദര്യമില്ലാത്തതിനാൽ ആരും വിവാഹമാലോചിച്ചു വരാതെ ‘ഷെങ് നു’ ആയി മാറിയ പെൺകുട്ടിയും വിവാഹത്തിന് മാതാപിതാക്കൾ നിർബന്ധിച്ചിട്ടും തയാറാകാത്തവരുമെല്ലാം വിഡിയോയിൽ വരുന്നുണ്ട്. ‘വിവാഹച്ചന്ത’യിൽ നിന്നുള്ള കാഴ്ചകളും കാണാം. പലരും തങ്ങളുടെ വിധിയോർത്ത് സങ്കടം സഹിക്കാനാകാതെ കരയുന്നതു പോലുമുണ്ട്.

എന്നാൽ ഏറ്റവുമൊടുവിലെ സീനിൽ ‘വിവാഹ മാർക്കറ്റിൽ’ ഒട്ടേറെ വനിതകളുടെ ഫോട്ടോകൾ സ്ഥാപിച്ചിരിക്കുന്ന കാഴ്ചയാണ്. ഒപ്പം ചില കുറിപ്പുകളും. അത് ആ വനിതകളുടെ മാതാപിതാക്കൾക്കുള്ളതായിരുന്നു. അതിലൊന്നിങ്ങനെ: ‘മറ്റുള്ളവരുടെ വാക്കുകൾ കേട്ട് എനിക്ക് വിവാഹം കഴിക്കേണ്ട. അതെന്നെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് നിങ്ങളോർക്കണം..’ ഒറ്റയ്ക്കു ജീവിക്കുന്നതിന്റെ ആത്മവിശ്വാസം കൂടി പങ്കുവയ്ക്കുന്ന ചൈനീസ് വനിതകളിലൂടെയും തങ്ങളുടെ മകളെ ചേർത്തുനിർത്തി അഭിമാനം കൊള്ളുന്ന മാതാപിതാക്കളിലൂടെയുമാണ് വിഡിയോ അവസാനിക്കുന്നത്. ‘ഷെങ് നു’ രീതിക്ക് ഈ വിഡിയോ വഴി പൂർണമായും മാറ്റം വരില്ലെങ്കിലും ഒറ്റയ്ക്കു ജീവിക്കാനുള്ള ചൈനീസ് പെൺകുട്ടികളുടെ തീരുമാനം സംബന്ധിച്ച് ചർച്ചകൾക്ക് വഴിമരുന്നിട്ടു കഴിഞ്ഞു ഈ കാഴ്ചകൾ. ദശലക്ഷക്കണക്കിനു പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. ചൈനയിലും ഇത് ചർച്ചാവിഷയമായിക്കഴിഞ്ഞു. ‘ഇനി 25 വയസ്സു കഴിഞ്ഞിട്ടും വിവാഹതിരാകാത്ത ആൺമക്കളെപ്പറ്റി മാതാപിതാക്കൾ ആലോചിച്ചാൽ മതി...’ എന്ന വിഡിയോയിലെ ഡയലോഗ് മാത്രം മതി മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നു തിരിച്ചറിയാൻ.