അറിഞ്ഞോ , ഫേസ്ബുക്കും യൂട്യൂബും അയൽക്കാർ!

ചിത്രം : ജോസ്കുട്ടി പനയ്ക്കൽ

ഒരു പേരിൽ എന്തിരിക്കുന്നുവെന്നത് പഴമക്കാരു‌ടെ ചൊല്ലാണ്. എന്നാൽ പുതുതലമുറയുടെ പേരിൽ പലതുമുണ്ട്. ഓർമ്മയായി മാറിയ ഓർക്കുട്ടുമുതൽ ജ്വലിച്ചുനിൽക്കുന്ന വാട്സ്ആപ്പ് വരെ പേരുകൾക്കി‌ടയിൽ ഇപ്പോൾ കയറിക്കൂടുന്നുണ്ട്. ഗൂഗിൾ എന്നപേരിൽ കടതുടങ്ങിയ പലരും നിയമനടപടിയിൽ കുടുങ്ങിയത് അടുത്തിടെയാണ്. പിന്നാലെയെത്തിയ ഫേസ്ബുക്കിന്റെ പേരിനുചെറിയൊരു മാറ്റം വരുത്തി തുടങ്ങിയ മാസികയും പേര് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ഇതൊന്നും അറിയാതെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം പുതുതലമുറ പേരുമായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ചിത്രം : ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി എം.ജി. റോഡിലാണ് യൂട്യൂബെന്നും ഫേസ്ബുക്കെന്നും പേരുള്ള രണ്ട് ഫാഷൻ വസ്ത്രസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പേരിലെ പുതുമതേടി നടക്കുന്നവർ ഇവിടെയെത്തുമ്പോൾ ഒന്നുനിൽക്കും കാരണം യൂട്യൂബിന്റെയും ഫേസ്ബുക്കിന്റെയും അക്ഷരശൈലിയും നിറങ്ങളുടെ സങ്കലനവും അതേപടി ഇവരും ഉപയോഗിച്ചിട്ടുണ്ട്. ഇവരിൽ നിന്നും 100മീറ്റർ അകലെ പള്ളിമുക്കിൽ പുതുതലമുറ പേരിട്ട മറ്റൊരു വസ്ത്രശാലകൂടിയുണ്ട്, പേര് വാട്സ്അപ്പ്; എന്നാൽ യഥാർഥ വാട്സ്അപ്പിന്റെ അക്ഷരശൈലിയിലും ലോഗോയിലുമൊക്കെ മാറ്റം വരുത്തിയാണ് ഇവർ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.