ഐഫോൺ വാങ്ങാൻ അച്ഛൻ നവജാതശിശുവിനെ വിറ്റു !

Representative Image

ഔദ്യോഗിക സന്ദർഭങ്ങളിലോ സ്വകാര്യ വേളകളിലോ വിവാഹത്തിനോ മരണത്തിനോ ആകട്ടെ സ്മാർട് ഫോൺ ഇല്ലാതൊരു കളിയില്ല. അത്രത്തോളം സ്മാർട്ഫോണുകൾ യുവത്വത്തെ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. മിനുട്ടിനു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും സെൽഫിയുടെ ഹിറ്റ് അറിയാനും വിഡിയോ കോളുുകൾക്കുമെല്ലാം സ്മാർട്ഫോൺ പോലൊരു മിടുക്കൻ വേറെയില്ലല്ലോ. സ്മാർട് ഫോണുകളിൽ തന്നെ വിപണി കീഴടക്കുന്ന മുമ്പൻ ഐഫോൺ ആണെന്നതും പരസ്യമാണ്. കാര്യം ശരിതന്നെ എന്നുകരുതി സ്മാർട്ഫോൺ ഭ്രാന്തു തലയ്ക്കു പിടിച്ച് സ്വന്തം കുഞ്ഞിനെ വരെ വിൽക്കാൻ തയ്യാറായാലോ. കളിയല്ല കാര്യമാണു പറഞ്ഞു വരുന്നത്. സ്മാർട്ഫോണിനോടുള്ള പ്രേമം മൂത്ത് ഒരച്ഛൻ തന്റെ നവജാതശി‌ശുവിനെയാണ് വിറ്റത്. ചൈനീസ് സ്വദേശിയായ ഡ്വാൻ എന്ന പത്തൊമ്പതുകാരനായ പിതാവാണ് ഐഫോണും മോട്ടോർബൈക്കും വാങ്ങുവാൻ തന്റെ പെൺകുഞ്ഞിനെ വിറ്റത്.

പ്രശസ്ത ചൈനീസ് സോഷ്യൽ നെറ്റ്‍വർക്ക് ആയ ക്യൂക്യു വഴി ഉപഭോക്താവുമായി ബന്ധപ്പെട്ട യുവാവ് 2,38,000 രൂപയ്ക്കാണ് പെൺകുഞ്ഞിനെ വിറ്റത്. അതേസമയം കുട്ടിയെ വിറ്റതിൽ അമ്മയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നതാണ് ഏറ്റവും കൗതുകം. പ്രായപൂർത്തിയാകാത്ത അമ്മ ഹൈസ്കൂൾ വിദ്യാർഥിയും ഒപ്പം പാര്‍ട്ട്ടൈം ജോലിയും ചെയ്തു പോരുന്നുണ്ട്. കുഞ്ഞിനെ വിൽക്കുന്നത് നിയമപരമായി തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അവർ പോലീസിനോടു പറഞ്ഞത്. ഡ്വാനെ മൂന്നുവർഷം തടവിനും ഭാര്യയെ രണ്ടരവർഷം ത‌ടവിനും വിധിച്ചിരിക്കുകയാണ്. കിഡ്നി വിറ്റു ഐഫോൺ വാങ്ങിയ വാർത്ത് വന്ന് അധികമാകുന്നതിനു മുമ്പാണ് ചൈനയെ ഞെട്ടിച്ച് മറ്റൊരു ഐഫോൺ പ്രേമവാർത്ത കൂടി പുറത്തു വരുന്നത്.