സിക്സ് പായ്ക്കോ??? വെറുതേ കൊതിപ്പിക്കല്ലേ...

ഷാജിപ്പുലി – ഭാരം 102 കിലോ, ഷിജുപ്പുലി – ഭാരം 135 കിലോ, രാധാകൃഷ്ണപ്പുലി – ഭാരം 115 കിലോ

തൃശൂർ ∙ ‘കേരളത്തിലെ ആമ്പിള്ളേർക്കെന്തിനാ സിക്സ് പായ്ക്ക്’ എന്ന സിനിമാ ഡയലോഗ‍് കേൾക്കുമ്പോഴൊക്കെ ഈ പുലികൾ നെടുവീർപ്പിടും, വെറുതേ ഒരാശ്വാസത്തിന്. കാരണം, സിക്സ് പായ്ക്കിനു പകരം മലപോലുള്ളൊരു ‘സിംഗിൾ പായ്ക്ക്’ മാത്രം സ്വന്തമായുള്ളവരാണിവർ. പുലിക്കളിനാളിൽ അഭിമാനത്തോടെ നിറഞ്ഞു തുളുമ്പുമെങ്കിലും മറ്റു ദിവസങ്ങളിലെല്ലാം വയ്യാവേലിയായ കുടവയറൊന്നു കുറച്ചെടുക്കാൻ തീവ്രമായി ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നു പല പുലികളുടെയും ‘കുമ്പ’സാരം. അതിനായി എപ്പോഴെങ്കിലും ആത്മാർഥമായി ശ്രമിച്ചിട്ടുണ്ടോ എന്ന ഒറ്റച്ചോദ്യത്തിന് അഞ്ചു പുലികൾ നൽകിയ ഉത്തരം ഇങ്ങനെ

ഷിജുപ്പുലി –ഭാരം 135 കിലോ

കോട്ടപ്പുറം സെന്ററിനായി പുലിവേഷം കെട്ടിയ പാലക്കാട് സ്വദേശി ഷിജുവിനു (35) തടികൊണ്ടുള്ള ദുരിതം ചില്ലറയല്ല. വസ്ത്രധാരണമാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഷിജുവിന്റെ സൈസിനു പറ്റിയ റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടാനേയില്ല. പകരം തുണിയെടുത്തു തയ്പിക്കലാണ് പതിവ്. ഷിജുവിന്റെ പ്രായവും ഉയരവും നോക്കിയാൽ 82 കിലോയിൽ അധികം തൂക്കം ആവശ്യമില്ലെന്നു ഡോക്ടർമാരും തറപ്പിച്ചു പറഞ്ഞപ്പോൾ തടികുറയ്ക്കാൻ ശ്രമം തുടങ്ങി.

ചെയ്തത്: കാലറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഒപ്പം ഡോക്ടറുടെ നിർദേശപ്രകാരം ന്യൂട്രിഷൻ ഫുഡും ആരംഭിച്ചു. പുലിക്കളി കഴിഞ്ഞാൽ യോഗ ക്ലാസും തുടങ്ങും.

ഫലം ഇതുവരെ: കാലുകളിലെ ദുർമേദസ് അൽപം കുറഞ്ഞു. വയറിലൊന്നും കാര്യമായ മാറ്റം പ്രകടമായിട്ടില്ല.

സ്വരാജ് റൗണ്ടിലിറങ്ങിയ പുലിക്കൂട്ടം. ചിത്രം: ബെന്നി പോൾ ജോസഫ്.

ഷാജിപ്പുലി –ഭാരം 102 കിലോ

ബസ് ഡ്രൈവറായ ഷാജിക്ക് കേന്ദ്രീയ വിദ്യാലയ പരിസരത്തെ വീട്ടിൽനിന്ന് അടാട്ട് സെന്ററിലേക്കുള്ള ഒന്നരക്കിലോമീറ്റർ നടക്കാൻ 30 മിനിട്ട് വേണം. ഈ ദൂരം ഒറ്റയടിക്കു നടക്കാനും കഴിയില്ല. ഇടയ്ക്ക് മൂന്നുവട്ടം നിന്നു വിശ്രമിക്കണം. കഴിഞ്ഞ 14 കൊല്ലമായി പുലിക്കളിക്കു പങ്കെടുക്കുന്നു. ഓരോ വർഷവും പുലിവേഷം അഴിച്ചുവയ്ക്കുമ്പോൾ വിചാരിക്കും, ഇത്തവണ തടികുറയ്ക്കണം.

ചെയ്തത്: ദിവസവും രണ്ടുനേരം ഒന്നരക്കിലോമീറ്റർ വീതം നടക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിനായി രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ രണ്ടു വെളുത്തുള്ളി ചവച്ചരച്ചു കഴിക്കും. വെള്ളവും കുടിക്കും. ചോറുണ്ണൽ നിർത്തി ചപ്പാത്തി കഴിക്കാനും ശ്രമം.

ഫലം: തടി ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. ചപ്പാത്തി കഴിച്ചു തുടങ്ങിയപ്പോൾ വിശപ്പ് നിയന്ത്രിക്കാനാകാതെ ഓരോ ദിവസവും 15 ചപ്പാത്തി വരെ കഴിക്കേണ്ടിവന്നു. ഇതുകണ്ട് കുടുംബാംഗങ്ങൾ തന്നെ പറഞ്ഞു, ഇതിലും ഭേദം ചോറുകഴിക്കുന്നതു തന്നെ!

രാധാകൃഷ്ണപ്പുലി –ഭാരം 115 കിലോ

കോട്ടപ്പുറം ദേശക്കാരുടെ പുലിമടയിലൊരു പ്ലാസ്റ്റിക് കസേരയിൽ വയറുംതാങ്ങി ഊഴംകാത്തിരിക്കുകയാണ് രാധാകൃഷ്ണൻ (59) എന്ന വൻപുലി. ശരീരഭാരം 115 കിലോ. പതിനഞ്ചു വയസു മ‍ുതൽ പുലിക്കളിയിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ പ്രായം കൂടുന്തോറും വയറൊരു ബാധ്യതയ‍ാകുമെന്നു മനസിലായപ്പോൾ രണ്ടും കൽപിച്ച് ആ തീരുമാനമെടുത്തു, തടി കുറയ്ക്കുക.

ചെയ്തത്: തടികുറയ്ക്കാനുള്ള ആദ്യപടിയായി രാവിലെ നടപ്പ് തുടങ്ങി. ഒപ്പം ഭക്ഷണത്തിന്റെ അളവ് വല്ലാതങ്ങു കുറച്ചു. ഒരു പ്രകൃതി ചികിത്സകന്റെ നിർദേശപ്രകാരം ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങാനീര് സേവിച്ചുതുടങ്ങി. തന്നെക്കൊണ്ടു കഴിയുംപോലെ വ്യായാമവും തുടങ്ങി.

ഫലം: മാസങ്ങൾ കഴിഞ്ഞിട്ടും ആകെ കുറഞ്ഞത് നാലുകിലോ മാത്രം. അധ്വാനം വെറുതെയായെന്നു മനസിലായപ്പോൾ തടികുറയ്ക്കൽ യജ്ഞം അവസാനിപ്പിച്ചു.

സന്തോഷപ്പുലി – ഭാരം 112 കിലോ

സന്തോഷപ്പുലി – ഭാരം 112 കിലോ ജയ്ഹിന്ദ് മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയ‍ായ സന്തോഷിന് ഇത്തവണത്തെ പുലിക്കളി അരങ്ങേറ്റമാണ്. വയസ് 41 ആയെങ്കിലും പുലിക്കളിയിൽ പങ്കെടുക്കാൻ മാത്രം ശരീരഭാരം കൂടിയത് ഇതാദ്യമായാണ്. മൂന്നു വർഷം മുൻപ് 70 കിലോയിൽ താഴെ മാത്രം ഭാരമുണ്ടായിരുന്ന അവസ്ഥയിൽനിന്ന് 40 കിലോയോളം കൂടുതൽ. അസ്വസ്ഥതയുണ്ടാക്കുംവിധം വയർ കൂടിയപ്പോൾ കുറയ്ക്കാൻ ശ്രമങ്ങളും തുടങ്ങി.

ചെയ്തത്: ആദ്യം പ്രഭാതനടപ്പ് തുടങ്ങി. നടന്നു നടന്നു വലഞ്ഞെങ്കിലും വയർ കടുംപിടിത്തം തുടർന്നപ്പോൾ ചികിത്സിക്കാമെന്നു തീരുമാനിച്ചു. ആയുർവേദമാണ് പരീക്ഷിച്ചത്.

ഫലം: ആറു കിലോയോളം കുറഞ്ഞു. പക്ഷേ, ചികിത്സ കൊണ്ടു വലിയ ഗുണമൊന്നും കാണാനില്ലെന്നു തോന്നിയപ്പോൾ നിർത്തി. ഇപ്പോൾ തൂക്കം വീണ്ടും 112 കിലോയിൽ.