ഫ്യൂഷിയ വാഴും ഡിസൈനർ ലോകത്ത്

നിയോൺ നിറങ്ങൾ ആഞ്ഞടിച്ചതിനു പിന്നാലെ അവയ്ക്കിടയിലെ മുന്തിയവനെ തിരഞ്ഞെടുക്കാൻ ഫാഷനിസ്റ്റുകൾ മത്സരം നടത്തി. ഫ്യൂഷിയ നിറമാണ് കൂട്ടത്തിൽ ഫസ്റ്റ്ക്ലാസ് വാങ്ങി പാസായത്. ഫ്യൂഷിയ പിങ്ക് എന്നറിയപ്പെടുന്ന മജന്തയല്ല, പിങ്കല്ല എന്ന മട്ടിലുള്ള ഇൗ നിറമാണ് ഡിസൈനർ വസ്ത്രങ്ങൾക്കിടയിലെ താരം. ഒരേ വസ്ത്രത്തിൽ ഒന്നിലധികം നിറങ്ങളുടെ പരീക്ഷണം നടത്തുന്ന കളർ ബ്ലോക്കിങിൽ ഫ്യൂഷിയ തകർക്കുന്നു. മഞ്ഞ, കോപ്പർ, ഗ്രേ നിറങ്ങളുമായി അവയുടെ ചങ്ങാത്തം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സൃഷ്ടിക്കുകയാണ്. പ്രിന്റ്, പാറ്റേൺ എന്നിവയെല്ലാം ഒഴിവാക്കുകയാണ് പതിവ്. നിറത്തിൽ നിന്ന് ഇവ ശ്രദ്ധ തിരിക്കുമെന്നതു കാരണം ജോർജെറ്റ്, ഷിഫോൺ, വെൽവെറ്റ്, സാറ്റിൻ മുതലായ ഗ്ലോസി തുണിത്തരങ്ങളിലാണ് ഫ്യൂഷിയ നിറം അരങ്ങുവാഴുന്നത്. മഞ്ഞ, പിസ്ത, ഗ്രീൻ നിറങ്ങളും ഇൗ കൂട്ടുകെട്ടിനിടയിൽ മികച്ച തരത്തിൽ കോംപ്ലിമെന്റ് ചെയ്യുന്നു. സിൽക്കിൽ ഫ്യൂഷിയ വരുന്നത് ഏറെയും ഓറഞ്ച്, കോപ്പർ നിറങ്ങളുടെ കൂടെയാണ്. ഇവ ധരിക്കുമ്പോൾ കൂടെ കൊണ്ടുനടക്കുന്ന ആക്സസറികളിലും കളർ ബ്ലോക്കിങ് നടത്താം. മൾട്ടി ടോണിലുള്ള ഹാൻഡ് ബാഗുകൾ, ഷൂസ് ആഭരണങ്ങൾ എന്നിവ തിരഞ്ഞെടുക്കാം.