അതിസുന്ദരി ടീച്ചർമാർ, എക്‌സ്ട്രാ ക്ലാസ് വേണമെന്ന് കുട്ടികൾ!

സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിലെ അധ്യാപികമാർ

ക്ലാസുകളിലേക്കു കുട്ടികളെ എത്തിക്കാൻ ലോകത്തിന്റെ പലകോണുകളിലും വ്യത്യസ്തമായ അഭ്യാസങ്ങളാണ് നടക്കുന്നത്. ചൈനയിലെ ചെംങ്ഡുവിലെ സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ കാര്യങ്ങൾ അത്ര നോർമൽ അല്ല. വിദ്യാർഥികളെ ആകർഷിക്കാൻകൂടി ലക്ഷ്യമിട്ട് യൂണിവേഴ്‌സിറ്റി നിയമിച്ച അതിസുന്ദരികളായ 16 അധ്യാപികമാരാണ് ഇപ്പോൾ ചർച്ചാ വിഷയം.

ടീച്ചർമാരെ കാണാൻ എക്‌സ്ട്രാ ക്ലാസുകളിൽ ഇരിക്കാൻപോലും തയാറാണത്രെ വിദ്യാർഥികൾ. ടീച്ചർമാരെ നിയമിക്കുക മാത്രമല്ല, അവരുടെ വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകകൂടി ചെയ്തു യൂണിവേഴ്‌സിറ്റി അധികൃതർ. ചിത്രങ്ങൾ എന്നു പറയുമ്പോൾ മോഡലുകൾപോലും തോറ്റുപോകുന്ന അത്യുഗ്രൻ പടങ്ങൾ. അതോടെയാണ് സോഷ്യൽ മീഡിയ സംഗതി ഏറ്റുപിടിച്ചത്. പാട്ട്, ഡാൻസ്, ആർട്ടിസ്റ്റിക് ഡിസൈൻ, നാടകം, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങളിൽ സ്‌പെഷലൈസ് ചെയ്തവരാണ് അധ്യാപികമാർ.

സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിലെ അധ്യാപികമാർ

മികച്ച അധ്യാപികമാരെല്ലാം പ്രായമേറിയവരും ദയാരഹിതരും തണുപ്പത്തികളുമായിരിക്കുമെന്ന ചൈനയിൽ പൊതുവെയുള്ള ധാരണ തിരുത്തുവാനാണത്രെ യൂണിവേഴ്‌സിറ്റി സുന്ദരികളെ നിയമിച്ചത്. മേയിലാണ് യൂണിവേഴ്‌സിറ്റി ടീച്ചർമാരുടെ ആദ്യസെറ്റ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. അതിനു വൻവരവേൽപ്പ് ലഭിച്ചതോടെ, സെപ്റ്റംബർ അവസാന വാരം കുറെ ചിത്രങ്ങൾകൂടി പുറത്തുവിടുകയായിരുന്നു. ടീച്ചർമാരെ നിയമിച്ചത് അവരുടെ കഴിവും ഒപ്പം ലുക്കും നോക്കിതന്നെയാണെന്ന് യൂണിവേഴ്‌സിറ്റിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആൾ പറയുന്നു.

ടീച്ചർമാരുടെ പുതിയ ചിത്രങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയാകെ വിദ്യാർഥികളോട് അസൂയയിലാണ്. ഇവർ ടീച്ചർമാരല്ല, ദേവതകളാണ് എന്നാണ് ഒരാൾ പ്രതികരിച്ചത്. ഹോ ഞാനിപ്പോഴും വിദ്യാർഥിയായിരുന്നെങ്കിൽ വല്ലാതെ കഠിനാധ്വാനം നടത്തി പഠിച്ചേനെയെന്നാണ് മറ്റൊരു യൂസറുടെ പരിതാപം.