ഹാപ്പിലി സിംഗിൾ; വിവാഹത്തിനെതിരെ ഒരു കൂട്ടം ബാച്ചിലേഴ്സ്

മക്കൾ വിവാഹം ചെയ്തുകാണാനാണ് ഏതു മാതാപിതാക്കളും ആഗ്രഹിക്കാറുള്ളത്. പക്ഷേ ന്യൂജനറേഷൻ പിള്ളേർക്ക് വിവാഹത്തിലൊന്നും അത്ര വിശ്വാസമില്ല. മക്കളെ വിവാഹം കഴിപ്പിക്കാനായി ന്യായങ്ങൾ പറയുന്ന മാതാപിതാക്കൾക്കെതിരെ ശക്തമായ പ്രചരണം നടക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി. ഹൈദരാബാദിലെ ഓൺലൈൻ ഡേറ്റിങ് പോർട്ടലായ ക്വാക് ക്വാക് ആണ് ‘ഹാപ്പിലി സിംഗിൾ’ എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഇൗ ക്യാംപയിനിങിനു പിന്നിൽ. വിവാഹിതരാകാൻ രക്ഷിതാക്കളിൽ നിന്നു സമ്മർദ്ദം നേരിട്ട ബാംഗ്ലൂരിലെ ചില ബാച്ചിലേഴ്സിനെ മുൻനിർത്തിയാണ് ക്യാംപയിനിങ് പ്രചരിക്കുന്നത്. വിവാഹിതരാകാൻ മാതാപിതാക്കൾ പറയുന്ന ന്യായങ്ങൾ എഴുതിയ കറുത്ത ബോർഡുകൾ പിടിച്ചു യുവതീയുവാക്കൾ നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് വഴി ക്വാക് ക്വാക് പങ്കുവച്ചത്.

‘നിങ്ങൾ വിവാഹം കഴിച്ചില്ലെങ്കിൽ സമൂഹത്തിൽ പിതാവിന്റെ പദവി നഷ്ടപ്പെടും, നിങ്ങൾ ഉത്തരവാദിത്തമില്ലാതവരാണ്, വിവാഹിതരായാൽ മാത്രമേ ഉത്തരവാദിത്തമുണ്ടാകൂ, നിങ്ങൾ വിവാഹിതരാകാത്തിടത്തോളം കാലം അനുജത്തിയ്ക്കും വിവാഹിതയാകാൻ പറ്റില്ല, ചെറുക്കൻ പണക്കാരനാണ് അവൻ നിന്നെ പൊന്നു പോലെ നോക്കും, സ്വന്തമായി ഒരു കുടുംബമില്ലാതെ വിദ്യാഭ്യാസവും മികച്ച കരിയറും ബിസിനസും ഒക്കെ ഉണ്ടായിട്ട് എന്തു കാര്യം?, അവൾ സുന്ദരിയും ബ്രാഹ്മിണുമാണ് ഇതിൽപ്പരം വേറെന്താണു വേണ്ടത്?, ഞങ്ങൾ നിന്റെ ഇഷ്ടങ്ങൾ എല്ലാം നടത്തിത്തന്നു, ഞങ്ങൾക്കു വേണ്ടി ഇൗ ഒരു ആഗ്രഹം സാധിച്ചുതന്നുകൂടെ തുടങ്ങി മാതാപിതാക്കൾ പറയുന്ന കാര്യങ്ങളാണ് ബോർഡിലെഴുതി പ്രചരണത്തിനുപയോഗിച്ചിരിക്കുന്നത്. ’

2.5 മില്യൺ ഇന്ത്യക്കാർ ഹാപ്പിലി സിംഗിൾ പ്രചരണത്തിനോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചെന്ന് പോർട്ടൽ സിഇഒ രവി മിത്തൽ പറഞ്ഞു. യുവാക്കൾ തങ്ങളുടെ ഇഷ്ടത്തിന് പങ്കാളികളെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അത്തരമൊരു ആശയമാണ് ഡേറ്റിങ് പ്ലാറ്റ്ഫോമുകൾ പങ്കുവെക്കതെന്നും മിത്തൽ കൂട്ടിച്ചേർത്തു.

ചിത്രങ്ങൾക്ക് കടപ്പാട് ഫേസ്ബുക്ക്