ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ കക്ഷി അറിയാതെ കയറിയത് 9806 കോടി!!

ബൽവീന്ദർ സിങ്

നോട്ടുപിൻവലിച്ചതിനെത്തുടർന്നുള്ള പ്രതിസന്ധികൾക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. എടിഎമ്മുകളിൽ കാശില്ലാതെയും ബാങ്കുകൾക്കു മുന്നിൽ ക്യൂ നിന്നും ജനം മടുത്തു. കാശിനായി ജനം നെട്ടോട്ടമോ‌ടുന്ന ഈ അവസ്ഥയിൽ ചണ്ഡിഗഡ് സ്വദേശിയായ ബൽവീന്ദർ സിങിന്റെ ബാങ്ക് അക്കൗണ്ടിൽ കയറിയ തുക കേട്ടാൽ ഞെട്ടും ഒന്നും രണ്ടുമല്ല 9806 കോടി രൂപ. സ്വർണ-വജ്ര വ്യാപാരിയോ വൻകിട ബിസിനസ് മാനോ ഒന്നുമല്ല ഇപ്പറഞ്ഞ ബൽവീന്ദർ സാധാരണ ടാക്സി ഡ്രൈവറാണ്. അപ്പോൾപിന്നെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ എങ്ങനെ ഇത്രയുമധികം പണം കയറിയെന്നല്ലേ? ബാങ്കിനു പറ്റിയ ഗുരുതരമായ അബദ്ധമായിരുന്നു അത്.

വെറും മൂവായിരം രൂപ മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ടിൽ കോടികൾ കയറിയതറിഞ്ഞ ഞെട്ടൽ ഇപ്പോഴും ബൽവീന്ദറിനു വിട്ടുമാറിയിട്ടില്ല. ഈ മാസം നാലിനാണ് ബൽവീന്ദറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9806 കോടി രൂപ കയറിയെന്ന സന്ദേശം പാട്യാലയിലെ സ്റ്റേറ്റ് ബാങ്കിൽ നിന്നു വരുന്നത്. പ്രധാനമന്ത്രിയുടെ ജൻധന യോജന പദ്ധതി പ്രകാരം എടുത്ത അക്കൗണ്ടിലേക്കായിരുന്നു പണം കയറിയത്. കാര്യമറിയാതെ കണ്ണഞ്ചിപ്പോയ ബൽവീന്ദർ സംഭവം എന്തെന്നു മനസിലാക്കും മുമ്പേ തൊട്ടടുത്ത ദിവസം ബാങ്ക് പ്രസ്തുത പണം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ കാര്യം അന്വേഷിക്കാനായി ബാങ്കിലെത്തിയ തനിക്ക് സംഭവിച്ചതെന്തെന്നു പറഞ്ഞുതരുവാൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്ന് ബൽവീന്ദർ സിങ് പറഞ്ഞു. വിവരം അറിയിച്ചപ്പോഴും തന്റെ പാസ്ബുക് കൈവശം വച്ച് അടുത്ത ദിവസം പുതിയൊരു പാസ്ബുക് നൽകി മടക്കി അയക്കുകയായിരുന്നു.

സംഭവത്തിൽ ബാങ്ക് അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്- ബൽവീന്ദറിന്റെ അക്കൗണ്ടിലേക്ക് 200 രൂപ ഇടുന്നതിനിടെ അസിസ്റ്റന്റ് മാനേജറിന് അബദ്ധം സംഭവിച്ച് തുക രേഖപ്പെ‌‌ടുത്തേണ്ട കോളത്തിൽ ബാ‌ങ്കിന്റെ 11 അക്ക ബാങ്കിങ് ജനറൽ ലെഡ്ജർ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുകയായിരുന്നു.

എന്തായാലും ഒരൊറ്റ ദിവസംകൊണ്ട് കോടിപതിയും തൊട്ടടുത്ത ദിവസം തന്നെ സാധാരണക്കാരനുമായിരിക്കുകയാണ് ബൽവീന്ദർ സി‌ങ്.