ബാങ്കിങ്ങില്‍ ഇനി ഇമോജിയും പാസ്‌വേഡ്

പാസ്‌വേഡായി ഉപയോഗിക്കാവുന്ന 44 ഇമോജികൾ

‘തോക്കെടുത്ത് സൈക്കിളിൽ പാഞ്ഞ പൊലീസുകാരന്റെ മുന്നിലതാ കണ്ണടയും വച്ച് ചിരിച്ചു നിൽക്കുന്നു ലവൻ...’ സാറിന്റെ പാസ്‌വേഡ് എന്താണെന്ന് ബാങ്ക് ജീവനക്കാർ ആരെങ്കിലും ചോദിച്ചാൽ ഭാവിയിൽ ഇനി ഇങ്ങനെയൊക്കെയാവും ഉത്തരം വരിക. ദൈവമേ, വട്ടുകേസാണോ എന്നു ഞെട്ടും മുൻപ് ഇംഗ്ലണ്ടിൽ നിന്നുള്ള ഈ വാർത്ത കേൾക്കുക. ബാങ്ക് ഇടപാടുകൾക്കായുള്ള പാസ്‌വേഡുകളില്‍ അക്കങ്ങൾക്കു പകരം ഇനി സ്മൈലികൾ ഉൾപ്പെടെയുള്ള ഇമോജികള്‍ വരുന്നു. സാമ്പത്തിക സ്ഥാപനങ്ങൾക്ക് മൊബൈൽ–സോഫ്റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന ലോകോത്തര കമ്പനിയായ ഇന്റലിജന്റ് എൻവയോണ്മെന്റ്സാണ് ‘ഇമോജി സെക്യൂരിറ്റി ടെക്നോളജി’യെന്ന പുതിയ സുരക്ഷാസാങ്കേതികതയുമായി രംഗത്തെത്തിയിരിക്കുന്നത്.

44 ഇമോജികളാണ് ഇതിൽ ഓൺലൈൻ ബാങ്കിങ്ങിൽ പാസ്‌വേഡായി ഉപയോഗിക്കാനായി കമ്പനി തയാറാക്കിയിരിക്കുന്നത്. ഓർക്കാൻ എളുപ്പം, മികച്ച സുരക്ഷ, കൂടാതെ അക്കങ്ങളേക്കാൾ രസകരമാണ് ഇമോജികൾ ഉപയോഗിച്ചുള്ള പണമിടപാടെന്ന ഗുണവും-ഇതാണ് പുതിയ വിദ്യയോടൊപ്പം കമ്പനിയുടെ ഓഫർ. ഇമോജി സെക്യൂരിറ്റി തയാറാക്കും മുൻപേ കമ്പനി ഒരു സർവേയും നടത്തിയിരുന്നു. അതിൽ പങ്കെടുത്തവരിൽ മുക്കാൽ പങ്കും തങ്ങളുടെ പാസ്‌വേഡ് എവിടെയെങ്കിലും എഴുതിവച്ചില്ലെങ്കിൽ ഓർത്തെടുക്കാന്‍ സാധിക്കാനാകില്ലെന്നാണത്രേ പറഞ്ഞത്. അക്കങ്ങളേക്കാൾ ചിത്രങ്ങൾ ഓർമിക്കാൻ പാകത്തിനാണ് തലച്ചോറിലെ സംവിധാനങ്ങളെന്നും ഇന്റലിജന്റ്സ് എൻവയോണ്മെന്റ്സിലെ വിദഗ്ധർ പറയുന്നു. പല മുഖങ്ങൾ കണ്ടാലും അതൊന്നും നാം ഒരിക്കലും മറക്കാത്തത് അതുകൊണ്ടാണത്രേ!

ആപ്പിൾ, ബർഗർ, ബിയർ, ബോൾ എന്ന് വാക്കുകളായി ആലോചിക്കുന്നതിനേക്കാളും ചിത്രങ്ങളാണെങ്കിൽ എളുപ്പം ഓർത്തെടുക്കാനാകുമെന്നും കമ്പനി വിദഗ്ധർ പറയുന്നു. മാത്രവുമല്ല 44 ഇമോജികൾ പല തരത്തിൽ ചേർത്ത് 34 ലക്ഷത്തിലേറെ പാസ്‌വേഡുകളുമുണ്ടാക്കാം. അതോടെ ഓൺലൈൻ പാസ്‌വേഡ് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്ന ഹാക്കർമാരും കണക്കിനു പണിപ്പെടേണ്ടി വരും. പക്ഷേ ഇമോജികളെപ്പറ്റി വലിയ അറിവില്ലാത്തവർ എളുപ്പം നോക്കി ലിസ്റ്റിലെ 44 എണ്ണത്തിൽ നിന്ന് ആദ്യത്തെ നാലെണ്ണമോ അടുപ്പിച്ചുള്ള നാല് ഇമോജികളോ ഒക്കെ തിരഞ്ഞെടുത്താൽ പണി പാളും.

ഈ സാഹചര്യത്തിൽ വിവിധ ബാങ്കുകൾക്കും മറ്റും ഇമോജി സെക്യൂരിറ്റി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ക്ലാസുകളെടുക്കുന്ന തിരക്കിലാണ് ഇന്റലിജന്റ്സ് എൻവയോണ്മെന്റ്സിപ്പോൾ. കഥകളായും മറ്റും പാസ്‌വേഡ് ഓർമിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. നാലക്കമുള്ള പാസ്‌വേഡ് പോലും ഓർക്കാനാകാത്തവർ പിന്നെങ്ങനെ കഥയോർക്കാനാണ് എന്നു ചോദിച്ചാൽ പക്ഷേ ഉത്തരമില്ല. എന്തായാലും ഒരു വർഷത്തിനകം ഇംഗ്ലണ്ടിലാകെ ഈ ഓൺലൈൻ ‘ഇമോജിപ്പൂട്ട്’ വ്യാപകമാകുമെന്നാണ് ഇന്റലിജന്റ് എൻവയോണ്മെന്റ്സ് പറയുന്നത്.