കേരളാ സോപ്‌സ് ഇനി ഓണ്‍ലൈനിലും

'സോപ്‌സ് ഓണ്‍' പദ്ധതി വ്യവസായ, വിവര സാങ്കേതിക വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരള സോപ്‌സ് ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന 'സോപ്‌സ് ഓണ്‍' പദ്ധതി വ്യവസായ, വിവര സാങ്കേതിക വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.ആര്‍.പിയില്‍ നിന്നും സവിശേഷ ഇളവില്‍, ഷിപ്പിംഗ് ചാര്‍ജ് ഉള്‍പ്പെടെ കേരളാ സോപ്‌സ് ഉല്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി keralasoaps.net എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും.

വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന കേരളാ സോപ്‍സ് ആന്റ് ഓയില്‍സ് നവീകരിച്ച് 12 കോടി രൂപ മുതല്‍മുടക്കില്‍ ഒരു പുതിയ സോപ്പുനിര്‍മ്മാണ ഫാക്ടറി 2010-ല്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിക്കുകയും 3 കോടിയിലധികം വിറ്റുവരവ് കൈവരിച്ച് ലാഭം നേടുകയും ചെയ്തു. കമ്പനിയുടെ മാര്‍ക്കറ്റിംഗ് ശൃംഖല വിപുലീകരിച്ചതോടെ സംസ്ഥാനമൊട്ടുക്കും, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങി ഇതര സംസ്ഥാനങ്ങളിലും കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലും, ജപ്പാനിലും കേരള സോപ്‌സ് ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന സാന്‍ഡല്‍ ഓയില്‍ ചേര്‍ത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കേരളാ സാന്‍ഡല്‍ സോപ്‌സിന്റെ വിപണി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതര ഉല്പന്നങ്ങളായ ത്രില്‍, വേപ്പ്, കോള്‍ട്ടാര്‍, കൈരളി തുടങ്ങിയ ടോയിലറ്റ് സോപ്പുല്‍പ്പന്നങ്ങളും വാഷിംഗ് സോപ്പായ വാഷ്‌വെല്ലും വിപണിയിലെ മത്സരങ്ങളോട് കിടപിടിച്ച് മുന്നേറുകയാണ്. പ്രശസ്ത സിനിമാതാരം കാവ്യാമാധവന്‍ ആണ് കേരളാ സോപ്‌സിന്റെ ബ്രാന്റ് അംബാസഡര്‍.

കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ. എം.സി. മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ജനറല്‍ മാനേജര്‍മാരായ എം. ശ്രീകുമാര്‍, കെ.പി. പ്രകാശന്‍, എ അബ്ദുള്‍ റഹ്‌മാന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സി. ബാബു., വി. ശശികുമാര്‍, ഹാഷിം കെ.വി (മാർക്കറ്റിംഗ് ) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇപ്പോള്‍ കേരളത്തിനകത്ത് തുടക്കം കുറിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ സേവനം ക്രമേണ മറ്റു സംസ്ഥാനങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കെ.എസ്.ഐ.ഇ. അറിയിച്ചു.