ലേഡീസ് ഓൺലി കാർ പാർക്കിങ്

ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ വിശാലമായ പിങ്ക് നിറത്തിലുള്ള കാർ പാർക്കിംഗ് ഏരിയ കണ്ടു കണ്ണുചിമ്മി പോകുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, അത് ലേഡീസ് ഓൺലി കാർ പാർക്കിംഗ് ഏരിയയാണ്. പിങ്ക് ഫോർ ഗേൾസ് എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് ഇവിടുത്തെ പാർക്കിംഗ് ഏരിയ. പിങ്ക് നിറത്തിൽ മനോഹരവും വിശാലവും അതിലുപരി സുരക്ഷിതവുമായൊരു കാർ പാർക്കിംഗ് ഏരിയ. തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സ്ത്രീഡ്രൈവർക്കു മാത്രമായി ഒരുക്കിയ പാർക്കിംഗ് ഏരിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ടെർമിനലിന് അടുത്തായി എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന സ്ഥലത്തു തന്നെയാണ് കാർ പാർക്കിംഗ് ഏരിയ എന്നതും സ്ത്രീകൾക്കു ആശ്വാസമേകുന്നു. അണ്ടർഗ്രൗണ്ട് കാർ പാർക്കിംഗ് ഏരിയകളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി 1990കളോടെയാണ് ജർമനിയിൽ ഇത്തരമൊരു ആശയം ഉടലെടുക്കുന്നത്. ജർമനിയെക്കൂടാതെ മറ്റു ചില രാജ്യങ്ങളിലും കാർ പാർക്കിംഗ് ഏരിയയിലെ 30 ശതമാനം സ്ത്രീകൾക്കു വേണ്ടി ഒഴിച്ചിടേണ്ടത് നിർബന്ധമാണ്. അതേസമയം വിഷയത്തിൽ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒൗചിത്യമാർന്നൊരു നിലപാടല്ല എയർപോർട്ട് അധികൃതർ കൈക്കൊണ്ടതെന്നും തീർത്തും വിവേചനപരമായ നിലപാടല്ലേയെന്നും വാദിക്കുന്നവരുണ്ട്.

എന്തായാലും ഫ്രാങ്ക്ഫർട്ടിലെ സ്ത്രീകൾ സന്തോഷത്തിലാണ്. കഷ്ടപ്പെട്ടു കണ്ടുപിടിക്കാതെതന്നെ ഇനി ഇഷ്ടനിറമുള്ള കാർ പാർക്കിംഗ് ഏരിയയിൽ ഈസിയായി വണ്ടി പാർക്ക് ചെയ്യാമല്ലോ.