പ്രണയം വന്നു (തിരികെ) വിളിച്ചപ്പോൾ!

വേദനകളുടെയും കാത്തിരിപ്പിന്റെയും കണ്ണീർവഴികൾ താണ്ടി, ഒരിക്കൽ കൈവിട്ട സ്നേഹത്തണലിലേക്ക് അവർ തിരികെയെത്തുന്നു - രാജേഷും സോണിയയും. ഇന്നു രാവിലെ പത്തരയ്ക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ ഹൈന്ദവാചാരപ്രകാരം അവർ വിവാഹിതരാകും.

പ്രണയനഷ്ടത്തിന്റെയും വീണ്ടെടുപ്പിന്റെയും ആ കഥ ഇങ്ങനെ: ചേർത്തല കണ്ണങ്കര മണ്ണപ്പുറത്ത് വീട്ടിൽ എം. ആർ. രാജേഷും (32) കാണക്കാരി ചാമമലയിൽ സോണിയ ജോസഫും (27) ചെറുപ്പത്തിലേ പ്രണയത്തിലായിരുന്നു. എന്നാൽ, സാമ്പത്തിക ചുറ്റുപാടുകളിലെ അന്തരം അവരുടെ സ്നേഹത്തിനു കുറുകെ വേലി കെട്ടി. വീട്ടുകാരുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വേദനയോടെ അവർ പിരിഞ്ഞു. സോണിയ മറ്റൊരു വിവാഹംകഴിച്ചു പുതുജീവിതത്തിലേക്കു നടന്നു.

പക്ഷേ, സോണിയയല്ലാതെ മറ്റൊരു പെൺകുട്ടിയെക്കുറിച്ച് ആലോചിക്കാൻപോലുമാകാതെ രാജേഷ് ഏകനായി. പിന്നീടൊരിക്കൽ വേളൂർ പുളിനാക്കൽ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. പോൾ ചാലാവീട്ടിലിനെ കണ്ടുമുട്ടിയതു രാജേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായി. രാജേഷിന്റെ കഥ കേട്ടറിഞ്ഞ അച്ചൻ അയാളുടെ മനസ്സിന്റെ കൈപിടിച്ചു, കൗൺസലിങ്ങിലൂടെ പതിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. അങ്ങനെയിരിക്കെ, വീണ്ടും വിധിയുടെ ഇടപെടൽ. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എസ്എൽഇ രോഗബാധിതയായി സോണിയ. വെല്ലൂരിലെ ആശുപത്രിയിൽ അവൾ മരണത്തെ മുഖാമുഖം കണ്ടപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയി. ചികിൽസാ ചെലവുകൾ കയ്യിൽ നിൽക്കാതെവന്നതോടെ സോണിയയുടെ കുടുംബവും ബുദ്ധിമുട്ടി. കൂട്ടുകാരിൽനിന്നു സോണിയയുടെ അവസ്ഥ അറിഞ്ഞ രാജേഷ് വെല്ലൂരിലെ ആശുപത്രിയിലെത്തി. രോഗഗ്രസ്തയായ അവൾക്കു സാന്ത്വനമായി ഒപ്പം നിന്നു. ഫാ. പോളിന്റെ സഹായത്തോടെ ചികിൽസാ സൗകര്യങ്ങളൊരുക്കി. ആ സ്നേഹശുശ്രൂഷയ്ക്കൊടുവിൽ, മരണമുഖത്തുനിന്നു സോണിയ പതിയെ തിരിച്ചു നടന്നു.

ഒരിക്കൽ സോണിയയെയും രാജേഷിനെയും വഴിപിരിച്ച വിധി വർഷങ്ങൾക്കുശേഷം അവരെ വീണ്ടും ഒരുമിച്ചു നിർത്തി. പക്ഷേ, ഒന്നിക്കാൻ തീരുമാനിച്ചതോടെ പല എതിർപ്പുകൾ. ഫാ. പോളിന്റെ സഹായത്തോടെ ഒടുവിൽ എല്ലാ തടസ്സങ്ങളും വഴിമാറി, രാജേഷ് സോണിയയെ ജീവിതത്തിലേക്കു വിളിച്ചു.

പുളിനാക്കൽ പള്ളിയിലെ വിശ്വാസികളുമായി രാജേഷ് ഒരിക്കൽ തന്റെ ജീവിതകഥ പങ്കുവച്ചു. രാജേഷിനും സോണിയയ്ക്കും സ്നേഹത്തണലൊരുക്കി അവർ. അ​ഞ്ചു പവനും ഒരു ലക്ഷം രൂപയുമാണ് ഇടവകാംഗങ്ങൾ ഇരുവർക്കും വിവാഹസമ്മാനമായി നൽകുന്നത്.