മാജിക്ക് കാണിച്ചു കിട്ടിയത് എട്ടിന്റെ പണി, വിഡിയോ വൈറൽ!

മാജിക്ക് കാണിച്ച് ആളാകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. നമ്മളെല്ലാവരും കാണിച്ചിട്ടുണ്ടാകും ചെറിയ ചെറിയ മാജിക്ക് നമ്പരുകൾ. ചൈനക്കാരനായ ഈ യുവാവും അൽപം മാജിക്ക് കാണിച്ചു പ്രശസ്തനാകാൻ നോക്കിയതാണ്, പക്ഷേ പണികിട്ടിയത് മകന്റെ രൂപത്തിലാണെന്നു മാത്രം. സമൂഹമാധ്യമങ്ങളിൽ വൈറലായ പതിനാറു സെക്കന്റ് മാത്രമുള്ള ഈ വിഡിയോ കണ്ടാൽ തലതല്ലി ചിരിച്ചുപോകും. ഏതു മാജിക്കിനു മുമ്പും ഒന്നുകൂടി ചുറ്റിലും നോക്കി കുസൃതിക്കാരായ മക്കൾ അടുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നു കൂടി പറഞ്ഞു വെക്കുകയാണ് ഈ വിഡിയോ.

അന്തരീക്ഷത്തിൽ അപ്രത്യക്ഷനാകുന്ന മാജിക്ക് കാണിക്കാനായിരുന്നു കക്ഷിയുടെ പ്ളാൻ. വീടിന്റെ പൂന്തോട്ടത്തിൽ നിന്നാണു പുള്ളിയുടെ അഭ്യാസം. യുവാവ് മാജിക്കിനായി തയ്യാറെടുക്കുമ്പോള്‍ പിന്നിൽ ഒരു കുസൃതി പയ്യനെ കാണാം. വീടിന്‍റെ അകത്തോട്ടുള്ള വാതിൽ തുറന്നിട്ടിരിക്കുന്നതും കാണാം. ഒരു ബ്രൗൺ പ്ളാസ്റ്റിക്ക് ഷീറ്റ് തനിക്കഭിമുഖമായി നിവർത്തിപ്പിടിച്ച് അതു താഴേക്ക് വീഴുമ്പോൾ അന്തരീക്ഷത്തിൽ അലിഞ്ഞു പോകുന്ന ഭീകര ആശയം പാളിപ്പോയത് പെട്ടെന്നാണ്.

ഷീറ്റു താഴെ വീഴുന്ന തക്കത്തിന് തുറന്നു കിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്കു മാഞ്ഞു പോകുക എന്നതായിരുന്നു യമണ്ടൻ മാജിക്ക്. ഒന്ന്, രണ്ട്, മൂന്ന്.... പാവം മജീഷ്യൻ, കുരുത്തം കെട്ട മകൻ അകത്ത് കയറി വാതിലടച്ചതറിയാതെ മജീഷ്യൻ ഒറ്റ ചാട്ടം. പിന്നെ കേട്ടത് ഒരു നിലവിളി ശബ്ദം. അടഞ്ഞവാതിലിന് നേരെ ചാടിയാൽ എന്തു സംഭവിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. തലയടിച്ച് ദേ കിടക്കുന്നു മഹാ മജീഷ്യൻ.