പരസ്യമായി സ്ത്രീകളെ ചുംബിച്ച് വിഡിയോ, പിന്നെ വിവാദം, ഒടുവിൽ മാപ്പ്!

സുമിത് വർമ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വാർത്തയാകാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. വാക്കു കൊണ്ടും നോക്കുകൊണ്ടും ശാരീരികവും മാനസികവുമായൊക്കെ അവൾ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീയും ഒരു മനുഷ്യ ജന്മമാണെന്നും അവൾക്കും വേദനകളും വികാരങ്ങളുമുണ്ടെന്നും മനസിലാക്കുന്നില്ല പലരും. ഒറ്റപ്പെട്ട സ്ഥലങ്ങളിലും പൊതുമധ്യങ്ങളിലുമൊന്നും അവൾ ഇന്ന് സുരക്ഷിതമല്ല. ചിലരാകട്ടെ സ്ത്രീകളെ ശാരീരികമായി ചൂഷണം ചെയ്ത് അതിൽ നിന്നും രസം കണ്ടെത്തുന്നുമുണ്ട്. ഇത്തരത്തിൽ സ്ത്രീകളെ അപമാനിച്ച ഒരു യുവാവ് ഇപ്പോൾ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ദ ക്രേസി സമ്മിറ്റ് എന്ന പേരിൽ യുട്യൂബ് വിഡിയോകൾ പുറത്തിറക്കുന്ന സുമിത് വർമ എന്ന യുവാവാണ് താൻ ചെയ്ത കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇനി ഇത്രത്തോളം ക്ഷമ ചോദിക്കാൻ ഇടയാക്കിയതിന്റെ കാരണം എന്തെന്നല്ലേ? പട്ടാപ്പകൽ പരസ്യമായി സ്ത്രീകളെ ചുംബിച്ചു കൊണ്ടുള്ള വിഡിയോയാണ് ഇയാൾ തയ്യാറാക്കിയത്. പലരോടും സ്ഥലം ചോദിക്കുന്ന വ്യാജേനയും മറ്റും അടുത്തു ചെന്ന് അപ്രതീക്ഷിതമായി ചുംബിച്ച് ഓടിമറയുകയാണ് ഇയാൾ. അപമാനിക്കപ്പെട്ട സ്ത്രീകളിൽ പലരും ഞെട്ടിത്തരിച്ചു നിൽക്കുന്നതും ചുറ്റുമുള്ളവരെ നോക്കുന്നതും യുവാവിനെ എത്തിപ്പിടിക്കാൻ നോക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

എ​ന്നാൽ അത്രത്തോളം അപമാനിതയായ സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രാങ്ക് വിഡിയോ എന്ന പേരിൽ യൂട്യൂബിൽ ഇട്ട് ആനന്ദം കണ്ടെത്തുകയാണ് സുമിത് ചെയ്തത്. സ്ത്രീകളുടെ വ്യക്തിത്വത്തെ ഹനിച്ച വിഡിയോ 'ഫണ്ണിയസ്റ്റ് ഇന്ത്യൻ യൂട്യൂബ് പ്രാങ്ക് ഓഫ് 2017' എന്ന പേരിലാണ് പങ്കുവച്ചത്. ക്രൂരമായ ഈ വിനോദത്തിനു ലൈക് ചെയ്തതാകട്ടെ രണ്ടായിരത്തിൽപ്പരം പേരും. വിഡിയോ സമൂഹമാധ്യമത്തിലും വൈറലായതോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വിഡിയോയുടെ കണ്ടന്റ് എന്ന വാദം മുറുകിയത്. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ക്ഷമാപണവുമായി സുമിത് മുന്നോട്ടുവന്നത്.

വെറുമൊരു വിനോദത്തിനു വേണ്ടി മാത്രമാണ് വിഡിയോ ചെയ്തതെന്നും അതാരെയും വേദനിപ്പിക്കാന്‍ ആയിരുന്നില്ലെന്നും സുമിത് പറഞ്ഞു. പല ഫേസ്ബുക്ക് ഉപയോക്താക്കളും വിഷയത്തിൽ സുമിത്തിനെതിരെ ഡൽഹി പൊലീസിന്റെ ഇടപെടൽ ആവശ്യപ്പെടുന്നുമുണ്ട്.