അബദ്ധത്തിൽ തകർന്നത് 4 ലക്ഷത്തിന്റെ 4 ടിവികള്‍, വിഡിയോ

അടുക്കി വച്ചിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ ഓരോന്നായി വീഴുന്നതു കാണുന്നത് സിനിമയിലൂടെയാണെങ്കിൽ ഒരുദിവസത്തേക്കു ചിരിക്കാനുള്ള വകയുണ്ടായിരിക്കും. പക്ഷേ അതു ജീവിതത്തില്‍ സംഭവിച്ചാലോ? അത്രയൊന്നും തമാശ തോന്നില്ലെന്നു മാത്രമല്ല ആ നിമിഷത്തെ നരക തുല്ല്യമെന്നു വിശേഷിപ്പിക്കാനേ കണ്ടുനിൽക്കുന്നവർക്കാകൂ. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും അത്തരത്തിൽ ഞെട്ടിക്കുന്നതാണ്. എന്തെന്നാൽ ഇവിടെ ഒരു ഇലക്ട്രോണിക് ഷോപ്പിൽ കയറിയ മനുഷ്യനു സംഭവിച്ച അബദ്ധം ഒട്ടും ചെറുതല്ല, നോക്കി നോക്കി കക്ഷി തകർത്തത് നാലുലക്ഷത്തിൽപ്പരം വിലവരുന്ന നാലു ടിവികളാണ്.

വിഡിയോ സഹിതം സംഭവം ഫേസ്ബുക്കിൽ പങ്കുവച്ചത് കടയുടമകൾ തന്നെയാണ്. യുകെയിലെ എച്ച്ബിഎച്ച് വൂളാകോട്സ് എന്ന ഇലക്ട്രോണിക് ഷോപ്പിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. സാധനങ്ങൾ ഓരോന്നായി നോക്കി വരികയായിരുന്നു ആ യുവാവ്. അതിനിടയിലാണ് ഫ്ലാറ്റ് ടിവികൾ നിരനിരയായി നാലെണ്ണം വച്ചതിനരികിലേക്ക് എത്തുന്നത്. രണ്ടു ടിവികൾക്ക് ഇടയില്‍ താഴെയിരുന്നു നോക്കുന്നതിനിടയില്‍ യുവാവിനു മുന്നിലുള്ള ടിവി മറിഞ്ഞു വീഴുകയും അതിനു പിന്നിലുള്ള ടിവിയും മറിഞ്ഞു വീഴുന്നു. ആ ഞെട്ടലിൽ ചാടി എഴുന്നേൽക്കുന്നതോടെ കക്ഷി ഇരുന്നതിനു പുറകിലുള്ള രണ്ടു ടിവികളും ദാ കിടക്കുന്നു താഴെ. ശേഷം തകർന്നു തലയിൽ കൈ കൊടുത്ത് നിൽക്കുന്ന യുവാവിനടുത്തേക്ക് ജീവനക്കാരിൽ ഒരാൾ എത്തുകയും ടിവി നിവർത്തി വെക്കാൻ നോക്കുന്നതും കാണാം.

വിഡിയോ ചുമ്മാ അങ്ങു കൊടുക്കുകയല്ല, കിടിലൻ ക്യാപ്ഷനും നൽകിയാണു കമ്പനി ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നെങ്കിലും നിങ്ങൾക്കു ചീത്തദിവസം ആണ് ഇന്ന് എന്നു തോന്നുകയാണെങ്കിൽ ഒരുനിമിഷം നാലു ലക്ഷം രൂപയുടെ ടിവികൾ തകർത്ത ഈ പാവം കസ്റ്റമറെ ഒന്നു കാണുക എന്നാണു നൽകിയത്.

പലരും ആ വിഡിയോ കണ്ട ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല എന്നു പറയുന്നു. ചിലരുടെ സംശയം തകർന്ന ടിവികളുടെ തുക ആ കസ്റ്റമർ അടച്ചോ എന്നതാണ്, എന്നാൽ അക്കാര്യത്തിൽ ഇതുവരെയും കമ്പനി പ്രതികരിച്ചിട്ടില്ല. കർവ്ഡ് സാംസങ് ടിവിയും രണ്ടു പാനാസോനിക് ടിവിയും ഉൾപ്പെടെയാണു തകർന്നത്.