മോര്‍ച്ചറിക്കകത്തു തണുപ്പ്, പുതപ്പു ചോദിച്ച് മൃതദേഹം, വിശ്വസിക്കാനാകാതെ കാവൽക്കാരൻ!

Representative Image

മരിച്ചുവെന്നുറപ്പിച്ചു മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അർധരാത്രിയാകുന്നതോടെ പതിയെ എഴുന്നേറ്റു വരുന്ന ദൃശ്യങ്ങൾ ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ നിത്യജീവിതത്തിൽ അങ്ങനെ സംഭവിക്കില്ലെന്നുറപ്പാണ്. ഒരിക്കലും ഒരു മൃതദേഹം എഴുന്നേറ്റു വന്ന് ആളുകളോടു സംസാരിച്ചതായി അറിവുമില്ല. എന്നാല്‍ അങ്ങു പോളണ്ടിൽ സമാനമായൊരു സംഭവം നടന്നു. സംഗതി മറ്റൊന്നുമല്ല മോർച്ചറിയിൽ കിടന്ന മൃതദേഹം അൽപസമയം കഴിഞ്ഞപ്പോൾ തണുക്കുന്നുവെന്നും പുതപ്പു വേണമെന്നും അറിയിച്ചു. വിശ്വസിക്കാനാവുന്നില്ലല്ലേ..

ഹൃദയാഘാതം സംഭവിച്ചാണ് കാമിൽ എന്ന ആ യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. വോഡ്ക കഴിച്ചു ബോധം പോയനിലയിലായിരുന്നു കാമിൽ. അബോധാവസ്ഥ തുടർന്നതോടെയാണ് സുഹൃത്തുക്കൾ കാമിലിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ശേഷം ഡോക്ടർമാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാമിൽ ഉണർന്നില്ല. ഇതോടെ കാമില്‍ മരിച്ചെന്നുതന്നെ ഡോക്ടർമാർ സ്ഥിരീകരിച്ചു, അങ്ങനെ മോർച്ചറിയിലേക്കും ആക്കി. ഇനിയാണു കഥയിലെ ട്വിസ്റ്റ് വരുന്നത്.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കാവൽക്കാരൻ മോർച്ചറിക്കകത്തു നിന്നും എന്തൊക്കെയോ തട്ടുകയും മുട്ടുകയും ചെയ്യുന്നതിന്റെ ശബ്ദം കേട്ടു. മോഷ്ടാക്കൾ ആരെങ്കിലും ആയിരിക്കുമെന്നാണ് സെക്യൂരിറ്റി ആദ്യം കരുതിയതെങ്കിലും ശബ്ദം തുടർന്നതോടെ അകത്തേക്കു കയറിനോക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് ശബ്ദം വരുന്നത് മോർച്ചറിയിലെ റഫ്രിജറേറ്ററിൽ നിന്നാണെന്നു മനസിലായത്. വിറയ്ക്കുന്ന കൈകളോടെ അതു തുറന്നപ്പോൾ സെക്യൂരിറ്റി കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നഗ്നമായ മൃതദേഹം തന്നോടൊരു പുതപ്പു ചോദിക്കുന്നു.

ആദ്യം കണ്ണുകളെ വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. അവർ വന്നു പരിശോധിച്ചപ്പോൾ ദാ കാമില്‍ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു. ശേഷം വീട്ടുകാരെ വിളിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു. അമിതമായി വോഡ്ക കഴിച്ചതോടെ അബോധാവസ്ഥയിൽ ആയതാകാം കാമിലിനെ അൽപനേരത്തേക്കെങ്കിലും മോർച്ചറിയിലേക്ക് എത്തിച്ചതെന്നാണ് സംശയിക്കുന്നത്.